ഹജ്ജ് : ആദ്യ വിമാനം ഞായറാഴ്ച

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടന വിമാനം ഞായറാഴ്ച്ച രാവിലെ നെടുമ്ബാശേരിയില്‍ നിന്ന് പറന്നുയരും. ഫ്‌ളാഗ് ഒഫ് 6.45ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും. ഈ വര്‍ഷം 11828 തീര്‍ത്ഥാടകരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്നും യാത്രയാവുക. 25 കുട്ടികളും ലക്ഷദ്വീപില്‍ നിന്ന് 305 പേരും, മാഹിയില്‍ നിന്ന് 32 പേരും ഇവരില്‍ ഉള്‍പ്പെടുന്നു. 200 തീര്‍ത്ഥാടകര്‍ക്ക് ഒരാളെന്ന നിലയില്‍ 56 വോളന്റിയര്‍മാരും അനുഗമിക്കും. 26നാണ് അവസാന വിമാനം.വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് കുറച്ചു പേര്‍ക്ക് കൂടി സാധ്യതയുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി പറഞ്ഞു. ദേശീയപതാക ആലേഖനം ചെയ്ത മക്കന സ്റ്റിക്കര്‍ വനിതകള്‍ക്ക് ഉണ്ടാകും. ഹജ്ജ് ക്യാമ്പ് ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീല്‍ അദ്ധ്യക്ഷത വഹിക്കും. എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള ജനപ്രതിനിധികളും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കും.