വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരം കാണും: വനംമന്ത്രി

മാനന്തവാടി: വയനാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനും അതോടനുബന്ധിച്ചുണ്ടാവുന്ന അനിഷ്ട സംഭവങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രി കെ.രാജു നിയമസഭയില്‍ അറിയിച്ചു. വനത്തിന് വെളിയിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ വനത്തിലേക്ക് തിരിച്ചുവിടുന്നതിനുള്ള സംവിധാനത്തോടെ റാപ്പിഡ് റെസ്‌പൊണ്‍സ് ടീമുകള്‍ രൂപവല്‍ക്കരിക്കും. സ്ഥിരമായി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി അകലെയുള്ള വനമേഖലയിലേക്ക് മാറ്റും. പ്രശ്‌ന ബാധിത മേഖലകളില്‍ വന്യജീവികളുടെ സഞ്ചാരപഥം നിരീക്ഷിച്ച് എസ് എം എസ് മുഖാന്തരം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും.
വന്യ ജീവി ആക്രമണം കാരണം സംഭവിക്കുന്ന ജീവഹാനി, കൃഷിനാശം എന്നിവയ്ക്ക് മതിയായ നഷ്ട്പരിഹാരം നല്‍കും. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയാനായി വനത്തിനകത്ത് വന്യമൃഗങ്ങള്‍ക്ക് ഭക്ഷണവും ജലവും ലഭ്യമാക്കുന്നതിനുള്ള ജലസംഭരണികളും ചെക്ക് ഡാമുകളും നിര്‍മ്മിക്കുന്നതിനും വനവല്‍ക്കരണം നടത്തുന്നതിനുമുള്ള നടപടികള്‍ കൈകൊള്ളും. നിയമസഭയില്‍ ഒ.ആര്‍.കേളു എം എല്‍ യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വനംവകുപ്പ് മന്ത്രി ഈ കാര്യങ്ങള്‍ അറിയിച്ചത്.