അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണെമെന്ന് കളക്ടര്‍

കോഴിക്കോട്: അക്ഷയ കേന്ദ്രങ്ങള്‍ക്കു സമാനമായ രൂപകല്‍പന, പേര്, ലോഗോ എന്നിവ ഉപയോഗിച്ചു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അക്ഷയ പ്രോജക്ട് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചും ഉയര്‍ന്ന തുകകള്‍ മുടക്കിയും ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് ഐടി മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ഐടി മിഷനിന്റെയും അംഗീകാരമുണ്ടെന്ന വ്യാജ പ്രചാരണവും നടത്തുന്നുണ്ട്. ഈ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുന്ന വിലപ്പെട്ട വ്യക്തിഗത രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
ആധാര്‍, ഇഡിസ്ട്രിക്ട് തുടങ്ങിയ സര്‍വീസുകള്‍ സര്‍ക്കാര്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മാത്രമേ നടത്താന്‍ പാടുള്ളൂ. ഇഡിസ്ട്രിക്ട്, ഇഗ്രാന്റ്‌സ്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ആധാര്‍ തുടങ്ങി ഒട്ടുമിക്ക സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതിന് ആധികാരിക സംവിധാനം അക്ഷയ കേന്ദ്രങ്ങള്‍ക്കു മാത്രമാണ്. ഓരോ അക്ഷയ കേന്ദ്രത്തിനും പ്രത്യേകം നല്‍കിയിട്ടുള്ള ലോഗിന്‍ ഐഡികള്‍ വഴി ആണ് ഇഡിസ്ട്രിക്ട്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ഇഗ്രാന്റ്‌സ്, ആധാര്‍ തുടങ്ങിയവയുടെ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെടുന്നത്. സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പൊതു ലോഗിന്‍ വഴി സേവനങ്ങള്‍ ചെയ്യുന്നതിനാല്‍ ഇത്തരം നിരീക്ഷണം സാദ്ധ്യമല്ല. അംഗീകൃത കേന്ദ്രങ്ങള്‍ വഴി നടത്തുന്ന സേവനങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കുമ്പോള്‍ വ്യാജ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ക്ക് നിയമപരിരക്ഷ ഇല്ല. ചില സ്വകാര്യ ഏജന്‍സികള്‍ വന്‍തുക വാങ്ങിയാണു വ്യാജ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സഹായിക്കുന്നതെന്നാണ് ഇന്റലിജന്‍സ് കണ്ടെ ത്തല്‍.
ജില്ലയില്‍ 173 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമുള്ള റാങ്ക് ലിസ്റ്റ് പ്രകാരമാണ് യോഗ്യരായ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നത്. അക്ഷയ സെന്ററുകളുടെ വിവരങ്ങളും സര്‍വീസുകളും അക്ഷയയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.