പാക്കിസ്ഥാന്‍: ഷഹബാസ് പാര്‍ട്ടി പ്രസിഡന്റാവും

shahabhas

ഇസ്ലാമാബാദ് : പാക് പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് പിഎംഎല്‍എന്‍ പാര്‍ട്ടി നേതാവാകാന്‍ സാധ്യതയേറി. നവാസ് ഷരീഫിനു പാര്‍ട്ടി നേതാവായി തുടരാനാവില്ലെന്നും പുതിയ ചീഫിനെ ഉടന്‍ തെരഞ്ഞെടുക്കണമെന്നും നിര്‍ദേശിച്ച് ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞദിവസം പാര്‍ട്ടിക്കു നോട്ടീസ് നല്‍കിയിരുന്നു.
ഷഹബാസ് ഷരീഫായിരിക്കും പുതിയ നേതാവെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ രാജാ സഫറുള്‍ ഹക്ക് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.രാജിവച്ച പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വാഹനറാലി ലാഹോറിലെത്തിയാലുടന്‍ പ്രഖ്യാപനമുണ്ടാവും.
ഇതിനിടെ പുതിയ പാക് പ്രധാനമന്ത്രി അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയല്ലെന്നും ഇപ്പോഴത്തെ പാര്‍ലമെന്റിന്റെ കാലാവധി തീരുന്നതുവരെ അദ്ദേഹത്തെ മാറ്റില്ലെന്നും നവാസ് ഷരീഫ് വ്യക്തമാക്കി. അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാണെന്നും ഷഹബാസായിരിക്കും തന്റെ പിന്‍ഗാമിയെന്നും നേരത്ത നവാസ് പറഞ്ഞിരുന്നു. ഷഹബാസ് പഞ്ചാബില്‍നിന്നു മാറുന്നതു പാര്‍ട്ടിക്കുദോഷം ചെയ്യുമെന്ന തിരിച്ചറിവാണു മനം മാറ്റത്തിനു കാരണമെന്നു പറയപ്പെടുന്നു.
ഇന്നലെ നവാസ് ഷരീഫിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ വാഹനറാലി ഇസ്‌ലാമാബാദില്‍നിന്നു 380 കിലോമീറ്റര്‍ അകലെയുള്ള ലാഹോറിലേക്കു പുറപ്പെട്ടു. സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചാണ് സ്വന്തം തട്ടകത്തിലേക്ക് നവാസ് റോഡ് ഷോ നടത്തുന്നത്. 900ത്തില്‍ അധികം വാഹനങ്ങളുടെ വ്യൂഹമാണ് ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ് ട്രങ്ക് (ജിടി) റോഡിലൂടെ ലാഹോറിലേക്കു നീങ്ങിയത്. ആദ്യഘട്ടത്തില്‍ ഒരു കിലോമീറ്റര്‍ യാത്രയ്ക്കു മൂന്നു മണിക്കൂര്‍ വരെയെടുത്തു. റാലി ഇന്നു ലാഹോറിലെത്തുമെന്നു സംഘാടകര്‍ പറയുന്നുണ്ടെങ്കിലും രണ്ടു മൂന്നു ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.