മിഠായിത്തെരുവ് നവീകരണം 25നകം പൂര്‍ത്തിയാക്കും

കോഴിക്കോട്: മിഠായിത്തെരുവിലെ നവീകരണപ്രവൃത്തികള്‍ അവസാന ഘട്ടത്തി ലേക്ക്. എം.കെ. മുനീര്‍ എംഎല്‍എ, കളക്ടര്‍ യു.വി. ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. നേരത്തെ നിശ്ചയിച്ചതു പോലെ 25 നകം നിര്‍മാണം പൂര്‍ത്തീകരിച്ച് ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്നും അവര്‍ പറഞ്ഞു. എസ് .കെ പൊറ്റെക്കാടിന്റെ പ്രതിമ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ വരെയുളള പ്രഥാന വീഥിയാണ് ഇപ്പോള്‍ നവീകരിക്കുന്നത്. ഇവിടെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിളക്കുകള്‍ സ്ഥാപിക്കും. വൈദ്യുതി കേബിളുകളും ജലവിതരണപൈപ്പുകളും ഭൂമിക്കടിയിലൂടെ ആക്കിയിട്ടുണ്ട്. ടൈലുകള്‍ വിരിച്ച് നടപ്പാതകളും ഒരുക്കുന്നുണ്ട്. അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ഉടന്‍ നടത്തും. തുറന്ന് ഒരു മാസത്തിനകം തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് ഇപ്പോള്‍ റോഡിലുള്ള തൂണുകള്‍ മാറ്റുമെന്നും കളക്ടര്‍ അറിയിച്ചു. തെരുവിന്റെ മുഖമുദ്രയായ എസ്. കെ. പൊറ്റെക്കാട് സ്‌ക്വയര്‍ സൗന്ദര്യവത്കരിക്കും. ഒരു മാസം കൊണ്ട് ഇതു പൂര്‍ത്തിയാക്കും. പൊതുജനങ്ങള്‍ക്കായി മികച്ച നിലവാരത്തിലുളള കംഫര്‍ട്ട് സ്റ്റേഷനുകള്‍ പണിയാനും തീരുമാനിച്ചിട്ടുണ്ട്.