ശശികലയ്‌ക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഐജിക്കെതിരേ സര്‍ക്കാര്‍ നടപടിക്ക്

sasikala

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട എഡിഎംകെ(അമ്മ) നേതാവ് വി.കെ. ശശികലയ്ക്കും വ്യാജമുദ്രപ്പത്ര കുംഭകോണക്കേസിലെ പ്രതി അബ്ദുള്‍ കരിം തെല്‍ഗിക്കും ജയിലില്‍ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടിയുണ്ടാകുമെന്ന് സൂചന നല്‍കിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. റിപ്പോര്‍ട്ട് മാധ്യമങ്ങളോടു പ്രസിദ്ധപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജയില്‍ ഐജിയായ ഡി.രൂപയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം രൂപയ്ക്ക് മാധ്യമങ്ങളോട് ഇക്കാര്യം സംസാരിക്കാന്‍ കഴിയില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ രൂപ തള്ളി. താന്‍ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണാണ് താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമങ്ങളോടു സംസാരിച്ചതെന്നും രൂപ പറഞ്ഞു.
സംഭവം വിവാദമായതിനുശേഷം തന്റെ ജൂനിയര്‍ ഓഫീസര്‍മാര്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട് പ്രതികരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എല്ലാവര്‍ക്കും ബാധമായ ചട്ടങ്ങള്‍ ഉപയോഗിച്ച് തന്നെ മാത്രം എങ്ങനെയാണ് ക്രൂശിക്കാന്‍ കഴിയുകയെന്നും രൂപ ചോദിക്കുന്നു. അതേസമയം, രൂപയുടെ റിപ്പോര്‍ട്ടിന്‍മേല്‍ ഇതേവരെ നടപടിയുണ്ടായിട്ടില്ല. രണ്ടുകോടി രൂപ ഉന്നത ഉദ്യോഗസ്ഥന്‍ കോഴ വാങ്ങി ശശികലയ്ക്കും അബ്ദുള്‍ കരിം തെല്‍ഗിക്കും ജയിലില്‍ ആഡംബര സൗകര്യമൊരുക്കിയെന്നാണ് ജയില്‍ ഐജി ഡി.രൂപ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജയില്‍ ഡിജിപി എച്ച്.എസ്. സത്യനാരായണയ്ക്കു ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശശികലയ്ക്കു പ്രത്യേകസൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ജയിലില്‍ പ്രത്യേക അടുക്കള വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനായി രണ്ടുകോടി രൂപ ഉന്നത ഉദ്യോഗസ്ഥന്‍ കോഴ വാങ്ങിയെന്നു സംസാരമുണ്ടെന്നും കഴിഞ്ഞ പത്തിനു ജയില്‍ സന്ദര്‍ശിച്ചശേഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ പ്രത്യേക അടുക്കള നിര്‍മിച്ചത് ചട്ടലംഘനമാണ്. ഇതു പരിഹരിക്കുന്നതിനാവശ്യമായ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.