കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ മൂല്യം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കല്‍പ്പറ്റ: സമകാലിക സാഹചര്യത്തില്‍ കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ മൂല്യമുണ്ടെന്നും ജലസ്രോതസുകള്‍ വരുംതലമുറയ്ക്കായി കാത്തുവയ്ക്കാന്‍ സമൂഹം ഉണരണമെന്നും ടൂറിസംസഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുടുംബശ്രീ ജില്ലാ മിഷന്‍ നബാര്‍ഡിന്റെയും ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെ അയല്‍ക്കൂട്ടം അംഗങ്ങളുടെ വീടുകളില്‍ കിണര്‍ റീചാര്‍ജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജനറല്‍ ആശുപത്രി പരിരസത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍തലുറ കൈമാറിയ ജൈവികമായ മണ്ണിനെയും ജലസ്രോതസുകളെയും കൈവിട്ടതിന്റെ തിക്തഫലമാണ് പുതിയ തലമുറ നേരിടുന്നത്. മാറിയ സംസ്‌കാരവും അമിത ചൂഷണവും ജലക്ഷാമത്തിന് വഴിയൊരുക്കി. മഴയുടെ അളവ് ഓരോ വര്‍ഷവും കുറയുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളം സംഭരിക്കാനും കരുതലോടെ ഉപയോഗിക്കാനുമുള്ള ശീലം എല്ലാവരും വളര്‍ത്തണം. കേരളത്തിന്റെ അറുപത് വര്‍ഷത്തെ നേട്ടത്തിന്റെ ചരിത്രത്തിലും പോരായ്മകളുണ്ട്. ഇത് തരണം ചെയ്യാനാണ് സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഹരിതകേരള ദൗത്യം ആവിഷ്‌കരിച്ചത്. മഴവെള്ള സംഭരണവും ഇതിന്റെ ഭാഗമാണെന്നു മന്ത്രി പറഞ്ഞു.
സി.കെ.ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ജലസംരക്ഷണ സന്ദേശം നല്‍കി. ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ് പദ്ധതി വിശദീകരണം നടത്തി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, കുടുംബശ്രി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം.യു. സച്ചിന്‍കുമാര്‍, ജില്ലാ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ കെ.എ.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.