മുകേഷിന്റെ പൊട്ടിത്തെറി; പാര്‍ട്ടി വിശദീകരണം തേടും

mukesh

സി.പി.എം കൊല്ലം ജില്ലാ കമ്മറ്റിയാണ് വിശദീകരണം തേടുക

കൊല്ലം: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ യോഗത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവങ്ങളില്‍ മുകേഷില്‍നിന്നു വിശദീകരണം തേടാനും സാധ്യതയുണ്ട്.അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളാണ് അഭിനേതാക്കളും എംഎല്‍എ മാരുമായ മുകേഷിനെയും കെ.ബി. ഗണേഷ്‌കുമാറിനെയും ചൊടിപ്പിച്ചത്. പക്ഷേ, വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചു.
ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.വനിതാ സംഘടനയുടെ ഭാരവാഹിക്കള്‍ക്കില്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് യോഗത്തില്‍ ആരും പ്രതികരിച്ചിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ദിലീപിനെയും നടിയെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്തു വിലകൊടുത്തും അമ്മ അതിന്റെ അംഗങ്ങളെ രക്ഷിക്കുമെന്ന് ഇന്നസന്റും വ്യക്തമാക്കി. നടന്‍ ദേവനും ചോദ്യങ്ങളില്‍ ഇടപെട്ടു സംസാരിച്ചു. പാര്‍ട്ടി അംഗമല്ലെങ്കില്‍ കൂടി ജനപ്രതിനിധി എന്ന നിലയിലാകും പാര്‍ട്ടി മുകേഷിനോട് വിശദീകരണം തേടുക.
വാര്‍ത്താസമ്മേളനത്തില്‍ അത്യന്തം ക്ഷുഭിതനായാണ് മുകേഷ് മാധ്യമ പ്രവര്‍ത്തകരെ നേരിട്ടത്. അദ്ദേഹത്തിന്റെ ഈയൊരു നിലപാടാണ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയത്. ഒരു കാരണവശാലും മുകേഷിന്റെ ഭാഗത്തു നിന്ന് അത്തരമൊരു പൊട്ടിത്തെറിയുണ്ടാകരുതായിരുന്നു. ഒരു കാരണവുമില്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പൊതുവെയുള്ള പ്രതികരണം.