രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷം മീരയെയോ, പ്രകാശ് അംബേദ്കറെയോ കളത്തിലിറക്കും

prakash ambethkar

ന്യൂഡല്‍ഹി: എന്‍.ഡി.എ ദളിത് പ്രീണനം മുന്നില്‍ കണ്ട് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. ഇത് മറികടക്കാന്‍ പൊതുസമൂഹത്തില്‍ രാംനാഥിനേക്കാള്‍ സ്വീകാര്യതയുള്ള വ്യക്തിത്വത്തെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.
മഹാത്മാഗാന്ധിയുടെ കൊച്ചുമകനായ ഗോപാല്‍കൃഷ്ണ ഗാന്ധിയായിരുന്നു പ്രതിപക്ഷത്തിന്റെ മനസിലെങ്കിലും ബി.ജെ.പി ദളിത് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നതോടുകൂടി അദ്ദേഹത്തിന്റെ സാദ്ധ്യത മങ്ങിയിരിക്കുകയാണ്. ഭരണഘടനാശില്‍പി ബി.ആര്‍. അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍, മുന്‍ ലോക്‌സഭാ സ്പീക്കറും ജഗ്ജീവന്‍ റാമിന്റെ മകളുമായ മീരാകുമാര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ ശിവസേന, മുന്‍ കേന്ദ്രമന്ത്രി കൂടിയായ സുശീല്‍ കുമാര്‍ ഷിന്‍ഡേയ്ക്ക് പിന്തുണ നല്‍കുമെന്നാണ് അറിയുന്നത്. ദലിത് സ്ഥാനാര്‍ഥിയില്ലെങ്കില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ബിഎസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്. മുലായം സിംഗിന്റെ എസ്.പി, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ രാംനാഥ് കോവിന്ദിന് പിന്തുണ അറിയിച്ചിട്ടിണ്ട്.