ജേക്കബ് തോമസ് ഐ.എം.ജി ഡയറക്ടറായി ചുമതലയേറ്റു

jacab

തിരുവനന്തപുരം: രണ്ടര മാസത്തെ അവധിക്ക് ശേഷം ഇന്ന് സര്‍വീസില്‍ തിരിച്ചു കയറിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ.എം.ജി. നിയമന ഉത്തരവ് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. തുടര്‍ന്നു അദ്ദേഹം ചുമതലയേറ്റു.വിജിലന്‍സ് ഡയറക്ടറായിരിക്കെ നീണ്ട അവധിയില്‍ പോയ ജേക്കബ് തോമസ് സര്‍വീസിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ താന്‍ ഏത് കസേരയില്‍ ഇരിക്കണമെന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തന്നോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതായി സര്‍ക്കാര്‍ ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.അതിനാല്‍ തന്നെ തന്റെ സ്ഥാനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ചീഫ് സെക്രട്ടറിയ്ക്കു നല്‍കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഇന്നു ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരെ ജേക്കബ് തോമസ് കണ്ടു. വിജിലന്‍സില്‍ നിന്നും മാറിയതിന്റെ കാരണം പിന്നീടു പറയുമെന്നു അദ്ദേഹം വ്യക്തമാക്കി.
ഐ.എം.ജി. ഡയറക്ടര്‍ സ്ഥാനം കേഡര്‍ പദവിയായി ഉയര്‍ത്തിയിട്ടുണ്ട്.