കൊച്ചി മെട്രോ യാത്ര തുടങ്ങി; ആദ്യ സര്‍വീസിന് ആയിരങ്ങള്‍

കൊച്ചി: കൊച്ചി മെട്രോ യാത്ര ആരംഭിച്ചു. പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയില്‍നിന്നും ആരംഭിച്ചു. മെട്രോയില്‍ ആദ്യയാത്ര ചെയ്യാന്‍ രാവിലെ അഞ്ചര മുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ പൊതുജനങ്ങളുടെ നീണ്ട വരിയുണ്ടായിരുന്നു. കൊച്ചിക്കു പുറമേ ഇതര ജില്ലകളില്‍നിന്നുള്ളവരും മെട്രോയിലെ ആദ്യയാത്രയ്ക്കായി എത്തിയിരുന്നു. 5.45 മുതല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. ടിക്കറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം കാരണം ആദ്യ ട്രെയിനില്‍ തിരക്കു കുറവായിരുന്നു. രണ്ടാമത്തെ ട്രെയിന്‍, യാത്ര തുടങ്ങിയതു നിറയെ യാത്രക്കാരുമായാണ്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അതിരാവിലെതന്നെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയിരുന്നു.
മെട്രോയ്ക്ക് ഒരു ദിവസം 219 ട്രിപ്പുകള്‍ ഉണ്ടാകും. ഒന്‍പതു മിനിട്ടിന്റെ ഇടവേളയിലാണു ട്രെയിനുകള്‍ പുറപ്പെടുന്നത്. കൊച്ചി മെട്രോയില്‍ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കുള്ള കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡുകള്‍ സ്റ്റേഷനുകളില്‍നിന്നു കൊടുത്തുതുടങ്ങി. പേരും ഫോണ്‍ നമ്പരും നല്‍കിയാണു കാര്‍ഡിനു റജിസ്റ്റര്‍ ചെയ്യേണ്ടത്. കാര്‍ഡിന്റെ നടപടിക്രമങ്ങള്‍ ആറു മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാകും. വില 150 രൂപയാണ്. ഇതിനു പുറമേ 50 രൂപ റീചാര്‍ജ് ചെയ്യുന്നതിനായി നല്‍കണം. പേരും ഫോണ്‍ നമ്പരും മാത്രം നല്‍കി 10,000 രൂപയ്ക്കുവരെ ചാര്‍ജ് ചെയ്യാം. മറ്റു തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ 50,000 രൂപയ്ക്കുവരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.
ആദ്യ ദിവസമായതിനാല്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കു പുറമേ കെഎംആര്‍എല്ലിലെ ഉദ്യോഗസ്ഥരും ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് വിഭാഗം ജീവനക്കാരുമെല്ലാം യാത്രക്കാര്‍ക്കു നിര്‍ദേശം നല്‍കാന്‍ സ്റ്റേഷനുകളിലുണ്ട്. മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും പാര്‍ക്കിങ് സൗകര്യം പൂര്‍ത്തിയാകുന്നതുവരെ പാര്‍ക്കിങിനുള്ള താല്‍ക്കാലിക ഇടങ്ങള്‍ പൊലീസ് നിശ്ചയിച്ചിട്ടുണ്ട്. ആലുവയില്‍നിന്നുള്ള യാത്രക്കാര്‍ സെമിനാരിപ്പടി ആലുവ മണപ്പുറം റോഡിലും പാലാരിവട്ടം ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളില്‍ വരുന്നവര്‍ കലൂര്‍ സ്റ്റേഡിയത്തിനു സമീപമുള്ള പാര്‍ക്കിങ് ഏരിയയിലുമാണ് വാഹനങ്ങളിടേണ്ടത്. റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു നിയന്ത്രണമുണ്ട്. തിരക്കു നിയന്ത്രിക്കാന്‍ ഓരോ സ്റ്റേഷനു മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പൊലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് വാഹനങ്ങളുടെ പട്രോളിങ്ങുമുണ്ടാകും.