വോട്ടര്‍മാര്‍ക്കു പണം നല്‍കിയെന്ന പരാതി: തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

votter

ന്യൂഡല്‍ഹി: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു വ്യാപകമായി പണം നല്‍കിയെന്ന പരാതിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
മുഖ്യമന്ത്രി പളനിസ്വാമി, ആരോഗ്യമന്ത്രി സി. വിജയ ഭാസ്‌കര്‍, എഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ തുടങ്ങിയവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കമ്മീഷന്‍ പോലീസിനോടു നിര്‍ദേശിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
വ്യാപകമായി പണമൊഴുക്കിയെന്ന പരാതിയില്‍ ആര്‍കെ നഗറില്‍ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, സംഭവത്തില്‍ അന്വേഷണം നടത്തിയ ആദായ നികുതി വകുപ്പ് ആരോപണം ശരിയാണെന്നു റിപ്പോര്‍ട്ട് നല്‍കി. മന്ത്രിമാരും എംപിമാരും വഴിയായി 89 കോടി രൂപ മണ്ഡലത്തില്‍ വിതരണം ചെയ്തതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിടിബിടി) പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.