കടല്‍ക്കൊല: കപ്പല്‍ ജൂണ്‍ 27 വരെ തീരം വിടരുതെന്ന് ഹൈക്കോടതി

കൊച്ചി: മത്സ്യബന്ധന ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികളുടെ മരണത്തിനു കാരണമായ പനാമ രജിസ്‌ട്രേഷന്‍ കപ്പല്‍ എംവി ആംബര്‍ എല്‍ ജൂണ്‍ 27 വരെ കൊച്ചി തീരംവിട്ട് പോകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കപ്പല്‍ തീരം വിടുന്നില്ലെന്ന് മറൈന്‍ മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ടുമെന്റ് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ദുരന്തത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ടുടമ പള്ളുരുത്തി സ്വദേശി യു.എ. നാസര്‍, മത്സ്യത്തൊഴിലാളികളും കന്യാകുമാരി സ്വദേശികളുമായ നവിസ് തോബിയാസ്, ഏണസ്റ്റ് തോബിയാസ്, ആന്റണി ദാസ് ക്രിസ്തു രാജന്‍, എല്‍. കുരിശു മിഖായേല്‍, മെര്‍ലിന്‍ തോബിയാസ്, ആംസ്‌ട്രോങ്ങ് ബ്രിട്ടു, ആംസ്‌ട്രോങ്ങ് ബിനീഷ്, ആള്‍ട്ടോ വിന്‍സെന്റ്, ആന്റോസ് എമിലിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പനാമ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ടു തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 6.08 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ബോട്ടുടമയും പരിക്കേറ്റ മത്സ്യത്തൊഴിലാളികളും ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.
ഹര്‍ജി പരിഗണിക്കുന്‌പോള്‍ കപ്പല്‍ തടഞ്ഞിട്ടിരിക്കുകയാണെന്ന് കൊച്ചിന്‍ പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 11ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കാര്‍മല്‍ മാത എന്ന മത്സ്യബന്ധന ബോട്ട് കപ്പലിടിച്ചു തകര്‍ന്നത്. അപകടത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു, ഒരാളെ കാണാതായി.