വിദ്യാഭ്യാസ മേഖലയെ രാജ്യത്തിന്റെ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി

ac moitheen kunnamkulam LDF

എരുമപ്പെട്ടി: വിദ്യാഭ്യാസ മേഖലയെ രാജ്യത്തിന്റെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ കടങ്ങള്‍ തീര്‍ക്കാന്‍ 900 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്നും വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
എരുമപ്പെട്ടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അദ്ധ്യക്ഷയായി. കെട്ടിടത്തിന്റെ താക്കോല്‍ദാന കര്‍മ്മം ബാബു എം. പാലിശ്ശേരി നിര്‍വഹിച്ചു. സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ ഉപഹാരം നല്‍കി അനുമോദിച്ചു. സ്‌കൂളിന്റെ സമഗ്രവികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ വികസന സമിതി ചെയര്‍മാന്‍ കെ.എം. അഷറഫ് മന്ത്രിക്ക് കൈമാറി. ദേശീയ കായിക താരങ്ങളായ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് മുര്‍ഷിദ്, ടി.ജെ. ജംഷീല എന്നിവ വരെ ചടങ്ങില്‍ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കല്ല്യാണി എസ്. നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജി ജോണ്‍സണ്‍, സഫീന അസീസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. കബീര്‍, പഞ്ചായത്ത് അംഗങ്ങളായ റോസി പോള്‍, അനിത വിന്‍സന്റ്, എരുമപ്പെട്ടി പഞ്ചായത്ത് സര്‍വ്വീസ് സഹകരണ പ്രസിഡന്റ് കെ.സി. ഫ്രാന്‍സിസ്, വനിത സഹകരണ സംഘം പ്രസിഡന്റ് ബിന്ദു ഗിരീഷ്, പി.ടി.എ. പ്രസിഡന്റ് കുഞ്ഞുമോന്‍ കരിയന്നൂര്‍, എസ്.എം.സി ചെയര്‍മാന്‍ എം.എ. ഉസ്മാന്‍, പ്രിന്‍സിപ്പല്‍ സി.എം. പൊന്നമ്മ, പ്രധാന അദ്ധ്യാപിക എ.എസ്. പ്രേംസി തുടങ്ങിയവര്‍ സംസാരിച്ചു.