ഹജ്ജ് ക്യാമ്പ്: ഒരുക്കങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും

hagge

നെടുമ്പാശേരി: നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. കഴിഞ്ഞ രണ്ടു വര്‍ഷവും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിച്ച എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ തന്നെയാണ് ഈ വര്‍ഷവും ക്യാമ്പ് ഒരുക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളും സിയാല്‍ അധികൃതരുമായി ഇന്നലെ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് അന്തിമ രൂപമായത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുന്നത് കണക്കിലെടുത്ത് ക്യാമ്പില്‍ അധിക സൗകര്യങ്ങള്‍ ഒരുക്കാന്‍ സിയാല്‍ പ്രതിജ്ഞാബദ്ധമാണെന്ന് എംഡി വി.ജെ. കുര്യന്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 2,500 ഓളം പേരാണ് കൂടുതലായി യാത്രയാകുന്നത്. 65,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് ഹാങ്കറുകള്‍ക്ക് പുറമെ ഗ്രൗണ്ടില്‍ പന്തല്‍കെട്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം പ്രത്യേകമായി പണികഴിപ്പിച്ച ഭക്ഷണശാല, ബാത്ത് റൂം സൗകര്യങ്ങള്‍ തുടങ്ങിയവ അതേപടി തന്നെ നിലനിര്‍ത്തിയിരിക്കുന്നതിനാല്‍ ഇത്തവണ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സിയാല്‍ എക്‌സി. ഡയറക്ടര്‍ എ.എം. ഷബീറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു തവണയും എ.എം. ഷബീഷിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്. സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ക്ക് പുറമെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും നെടുമ്പാശേരിയില്‍ നിന്നാണ് യാത്രയാകുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം ഓഗസ്റ്റ് 13ന് നെടുമ്പാശേരിയില്‍ നിന്നും യാത്രയാകും.