രജനീകാന്ത് സംഘപരിവാര്‍ നേതാക്കളെ കണ്ടു; രാഷ്ട്രീയ പ്രവേശന അഭ്യൂഹം വീണ്ടും

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഹിന്ദു മക്കള്‍ കക്ഷി(എച്ച്എംകെ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എച്ച്എംകെ ജനറല്‍ സെക്രട്ടറി രവികുമാര്‍, പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ചെന്നൈയില്‍ രജനീകാന്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച ഇതോടെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹം വീണ്ടും സജീവമായി. തമിഴ്‌നാട്ടിലെ സംഘപരിവാര്‍ സംഘടനയാണ് എച്ച്എംകെ. കര്‍ഷക പ്രതിനിധികളുമായി രജനീകാന്ത് ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ദക്ഷിണേന്ത്യന്‍ നദീ സംയോജന കര്‍ഷക സംഘം ദേശീയ അധ്യക്ഷന്‍ പി. അയ്യക്കണ്ണിന്റെ നേതൃത്വത്തില്‍ 16 അംഗങ്ങളാണ് രജനിയുമായി കൂടിക്കാഴ്ച നടത്തിയത്.
നദീ സംയോജനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നും പദ്ധതിക്കായി ഒരു കോടി രൂപ രജനി വാഗ്ദാനം ചെയ്‌തെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അയ്യക്കണ്ണ് പറഞ്ഞിരുന്നു.ബിജെപി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുമ്പോള്‍ സീമന്‍ ഉള്‍പ്പെടെയുള്ള തമിഴ് നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്.