‘ടോറികളുടെ നേതാവിന് കിട്ടിയ അടി

പഴയ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പിന്‍മുറക്കാര്‍. ഇന്നാ സാമ്രാജ്യം ശുഷ്‌കിച്ച് ശുഷ്‌കിച്ച് ബ്രിട്ടന്‍ എന്ന മൂന്നക്ഷരത്തില്‍ ഒതുങ്ങിനില്‍ക്കുന്നു. അവയിലെ പ്രവിശ്യകളാണ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് , വെയില്‍സ്, നോര്‍തേണ്‍ അയര്‍ ലണ്ട് എന്നിവ. ഇവരില്‍ തന്നെ സ്‌കോട്ട് ലണ്ടുകാര്‍ ബ്രിട്ടണില്‍ നിന്നും വേറിട്ടു പോവാന്‍ ഈയിടെയായി താല്‍പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. പിന്നെ സാമ്പത്തികമായി അവര്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് എന്ന് പറയപ്പെടുന്നു. പണ്ടുണ്ടാക്കിയതിന്റെ നീക്കിയിരിപ്പ് എന്തായാലും ഉണ്ടാവാതിരിക്കില്ലല്ലോ.
ബ്രിട്ടന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി തെരേസാ മെയ് ടോറികള്‍ എന്നറിയപ്പെടുന്ന കണ്‍സര്‍വേറ്റീവ് കക്ഷിയുടെ നേതാവ്. കഴിഞ്ഞ വര്‍ഷം വരെ കുറെക്കാലം യുദ്ധക്കൊതിയനായ ഡേവിഡ് കാമറൂണായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുംബ്രിട്ടണ്‍ വേറിടണം (ബ്രെക്‌സിറ്റ്) എന്നതിനെതിരായിരുന്നു കാമറൂണ്‍. അങ്ങിനെയൊരു പൊതു അഭിപ്രായം വന്നപ്പോള്‍ കാമറൂണിന് ഒരു ദേശീയ ഹിത പരിശോധന നടത്തേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം നടന്ന ആ ഹിതപരിശോധനയില്‍ ഭൂരിപക്ഷാഭിപ്രായം വന്നത് ബ്രെക്‌സിറ്റിന് അനുകൂലമായിട്ടായിരുന്നു. അപ്പോള്‍ പിന്നെ പ്രധാനമന്ത്രിയായി തുടരാന്‍ കാമറൂണിന് ധാര്‍മ്മികാവകാശം നഷ്ടപ്പെടുകയും രാജിപ്രഖ്യാപനം ഉണ്ടാവുകയും ചെയ്തു. പകരം വന്നത് തെരേസാ മെയ് എന്ന ബ്രെക്‌സിറ്റ് അനുകൂലിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്. അധികാരമേറ്റെടുക്കുമ്പോള്‍ അവര്‍ക്കുണ്ടായിരുന്നത് 650 അംഗ പാര്‍ലിമെന്റില്‍ 330 അംഗങ്ങളുടെ പിന്തുണ. കേവല ഭൂരിപക്ഷത്തിന് വേണ്ടതിലും നാലു പേര്‍ കൂടുതല്‍ അവര്‍ ഭരണം തുടങ്ങിയിട്ട് ഏതാണ്ടൊരു വര്‍ഷമായെങ്കിലും ബ്രെക്‌സിറ്റ് നടപടികളില്‍ കാര്യമായ പുരോഗതിയുമൊന്നുമുണ്ടായിട്ടില്ല.
അങ്ങിനെയിരിക്കെയാണ് അവര്‍ക്കൊരതിബുദ്ധിതോന്നിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വിലപേശണമെങ്കില്‍ ഭരണകക്ഷിയുടെ ഭൂരിപക്ഷം കൂട്ടണം. ശക്തമായ ഗവണ്‍മെന്റാണ് തന്റേതെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികാരികള്‍ക്ക് തോന്നണം. അങ്ങിനെ നിലവിലെ പാര്‍ലിമെന്റിന് ഇനിയും മൂന്നു വര്‍ഷത്തോളം കാലാവധി ബാക്കിയുള്ളപ്പോള്‍ അവര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബ്രിട്ടണ്‍ ഈയിടെനടന്ന ഭീകരാക്രമണങ്ങളുടെ ഭയപ്പാടിലാണെങ്കിലും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഫലം വന്നപ്പോള്‍ ഇതാ തെരേസാ മെയ്ക്ക് കാലിടറിയിരിക്കുന്നു. നേരത്തെയുണ്ടായിരുന്ന 330 എന്ന സംഖ്യ 318 എന്നതിലേക്ക് താഴ്ന്നിരിക്കുന്നു. 261 സീറ്റുകളോടെ ജെറമികോര്‍ബിന്‍ എന്ന നേതാവിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി ശക്തമായ തിരിച്ചുവരവും നടത്തിയിരിക്കുന്നു. പ്രധാനമന്ത്രിയായി തുടരാന്‍ തെരേസാമെയ് നിവൃത്തിയില്ലാതെ ഇപ്പോള്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ 10 അംഗ ബ്ലോക്കിന്റെസഹായം തേടിയിരിക്കുകയാണ്. ഒരു കാര്യമുറപ്പ്, ബ്രെക്‌സിറ്റ് നടപടികളുടെ ബ്രിട്ടണ്‍ പക്ഷ കാര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
തെരേസാമെയ് ഭരണരംഗത്ത് പരിചയസമ്പന്നയും കഴിവുമുള്ളവരുമാണെന്നാണ് വെപ്പ്. പക്ഷെ ആവശ്യമില്ലാതെ ഇങ്ങിനെയൊരു തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം വീഡ്ഡിത്തരമായിപോയി എന്നു നിരീക്ഷിക്കുന്ന സായ്പന്മാരും ധാരാളം. സഭയില്‍ മൊത്തമുള്ള 650 സീറ്റില്‍ 649 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് കക്ഷിക്ക് 318 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 261 സീറ്റും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 35 സീറ്റും, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് 10 സീറ്റും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 12 സീറ്റും മറ്റു ചെറുപാര്‍ട്ടികള്‍ക്കെല്ലാം കൂടി 13 സീറ്റുമാണ് കിട്ടിയിട്ടുള്ളത്. കഴിഞ്ഞ സഭയില്‍ 229 സീറ്റുമായി നിന്നിരുന്ന ലേബര്‍ പാര്‍ട്ടിയാണ് ഇത്തവണ 261 സീറ്റും 40 ശതമാനം വോട്ടും നേടി ഈ തിരഞ്ഞെടുപ്പില്‍ താരമായത്. ഒപ്പം അതിന്റെ നേതാവ് ജെറമികോര്‍ബിനും. ഇന്ത്യന്‍ വംശജരായ 12 പേരാണ് ഇത്തവണ അവിടത്തെ പാര്‍ലിമെന്റിലെത്തിയിരിക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പതിവു പോലെയുള്ള വാഗ്ദാനങ്ങളുമായി പ്രചാരണം നടത്തിയപ്പോള്‍ രാജ്യത്തെ നേഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ സ്വകാര്യവല്‍കരിക്കില്ലെന്നും, നേരത്തെ സ്വകാര്യവല്‍ക്കരിച്ച പൊതു ഗതാഗത സംവിധാനങ്ങള്‍ സര്‍ക്കാര്‍ മേഖലയിലേക്ക് തിരിച്ചുപിടിക്കുമെന്നും ബ്രെക്‌സിറ്റിനെ തുടര്‍ന്ന് ഉലഞ്ഞ രാജ്യത്തിന്റെ സാമ്പത്തികമേഖല നേരെയാക്കുമെന്നുമൊക്കെയായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍: ജര്‍മികോര്‍ബിന്‍ എന്ന തീപ്പൊരി നേതാവ് നേരത്തെ ലേബര്‍ പാര്‍ട്ടിയില്‍ തന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിയുടെ ഇപ്പോഴത്തെ മെച്ചപ്പെട്ട വിജയം അദ്ദേഹത്തെ സംഘടനയില്‍ ശക്തനാക്കും. ഈ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ തെരേസാ മെയുടെ മന്ത്രിസഭയക്കും ഭരണനടപടികള്‍ക്കും ശക്തമായ പ്രതിരോധം നേരിടേണ്ടിവരും എന്നതും തീര്‍ച്ച തന്നെ. ഇപ്പോള്‍ തന്നെ തെരേസ്സാ സര്‍ക്കാര്‍ പോലീസ് സേനയുടെ അംഗസംഖ്യ കുറച്ചതാണ് ഭീകരാക്രമണം തടയാനോ ശക്തമായി നേരിടാനോ കഴിയാതെ പോയതിന് കാരണം എന്ന് ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നുണ്ട്.
ഏതായാലും പുതിയ സാഹചര്യങ്ങളില്‍ തെരേസാ മെയ്ക്ക് മുന്നോട്ടുള്ള ഭരണം അത്ര അനായാസകരമായിരിക്കില്ല. അതില്‍ ഏറ്റവും പ്രധാനം അവിടെ ഈയിടെയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണ ഭീഷണിതന്നെ. സഖ്യകക്ഷിയായ ഡെമോക്രാറ്റിക്ക് യൂണിയനിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താനും ഇടയുണ്ട്. മെയുടെ ശരീരഭാഷയും പ്രവര്‍ത്തനങ്ങളും എങ്ങിനെ ഈ ഘടകങ്ങളെയൊക്കെ അതിജീവിക്കും എന്ന് കാത്തിരുന്ന് കാണുകതന്നെ