കൊച്ചി മെട്രോ രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊച്ചി: കേരളത്തിന് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് കൊച്ചി മെട്രോ പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു. കല്ലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്.
കേരളത്തിന്റെ ഗതാഗത ചരിത്രത്തിലെ നാഴികകല്ലായ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത് അഭിമാനമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ മെട്രോയില്‍ ഒന്നിക്കുന്നുവെന്നു പറഞ്ഞ മോദി, സാമ്പത്തിക വളര്‍ച്ചയിലും കൊച്ചി മെട്രോ നിര്‍ണ്ണായകമാകുമെന്നു കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ശ്രമമാണ് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അനുകൂലമായിരുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍.പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എം.പി, മേയര്‍ സൗമിനി ജെയിന്‍, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു. കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് എം.ഡി.ഏലിയാസ് ജോര്‍ജ് സ്വാഗതം പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പാലാരിവട്ടം മെട്രോ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിന്റെ പ്രവേശനകവാടത്തില്‍ നാട മുറിച്ചാണ് മെട്രോ യാത്ര ഉദ്ഘാടനം ചെയ്ത്. നാടമുറിക്കല്‍ ചടങ്ങിനു ശേഷം പ്രധാനമന്ത്രിയും സംഘവും മെട്രോ ട്രെയിനില്‍ പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചും സഞ്ചരിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വെങ്കയ്യ നായിഡു, ഇ. ശ്രീധരന്‍, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഏലിയാസ് ജോര്‍ജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെയാണു മെട്രോ കുതിക്കുക. നേരത്തെ, കൊച്ചിയിലെ വ്യോമസേനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി പാലാരിവട്ടം സ്റ്റേഷനിലെത്തിയത്.