ഗേറ്റ്‌വേ ഒഫ് ഇന്ത്യ’ എന്നത് ഭാരത് ദ്വാര്‍ എന്നാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

Mumbai_03-2016_30_Gateway_of_India

മുംബയ്: ചരിത്രസ്മാരകമായ ഗേറ്റ്‌വേ ഒഫ് ഇന്ത്യയുടെ പേര് ‘ഭാരത് ദ്വാര്‍’ എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്നാവശ്യവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. മഹാരാഷ്ട്രയിലെ എം.എല്‍.എയായ രാജ് പുരോഹിതാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലെ അടിമത്തത്തിന്റെ പ്രതീകമാണ് ഗേറ്റ്‌വേ ഒഫ് ഇന്ത്യ. അതിനെ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്കുള്ള ബഹുമാന സൂചകമായി ‘ഭാരത് ദ്വാര്‍’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും രാജ് പുരോഹിത് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പുരോഹിത് വെളിപ്പെടുത്തി. കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രി തന്നെ അറിയിച്ചതായും പുരോഹിത് പറഞ്ഞു. മഹാരാഷ്ട്രയിലെ ഒരു പ്രാദേശിക അഭിഭാഷകന്‍ കൂടിയാണ് രാജ് പുരോഹിത്. തെക്കേ മുംബയുടെ കടല്‍ത്തീരത്ത് കമാനാകൃതിയില്‍ സ്ഥിതി ചെയ്യുന്നതാണ് ഗേറ്റ്‌വേ ഒഫ് ഇന്ത്യ. 1911ല്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റേയും രാജ്ഞി മേരിയുടെയും മുംബയ് സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായാണ് കമാനം പണികഴിപ്പിച്ചത്.
1924ല്‍ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഹിന്ദുമുസ്ലിം കെട്ടിട നിര്‍മ്മാണ ശൈലികള്‍ ഏകോപിപ്പിച്ചാണ് രൂപകല്‍പന. ദിനവും നിരവധി പേരാണ് ഗേറ്റ്‌വേ ഒഫ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നത്.