ഒമ്പത് ജലവൈദ്യുതി പദ്ധതികള്‍ തകരാറില്‍: മന്ത്രി മണി

mani_760x400

പത്തനംതിട്ട: മഹാപ്രളയദിനത്തിലെ ശക്തമായ മഴയ്‌ക്കൊപ്പം വനത്തിനുള്ളിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ സംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി ഉ!യര്‍ത്തിയെന്ന് മന്ത്രി എം.എം. മണി. പ്രളയക്കെടുതിയില്‍ തകരാറിലായ പത്തനംതിട്ടയില വിവിധ ജലവൈദ്യുതി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
ഡാമുകളിലേക്കു വെള്ളം ക്രമാതീതമായി ഒഴുകിയെത്തിയതിലൂടെ അധികജലം പുറത്തേക്കു തുറന്നുവിട്ടു. നേരത്തെതന്നെ പൂര്‍ണസംഭരണ ശേഷിയോടടുത്ത ഡാമുകള്‍ തുറന്നിരുന്നു. ഡാമുകളില്‍നിന്നു ജലം നേരത്തെ തുറന്നുവിടാത്തതു കൊണ്ടാണ് പ്രളയമുണ്ടായതെന്ന പ്രചാരണത്തിനു യാതൊരു അടിസ്ഥാനവുമില്ല.
അമിതമായി ഡാമില്‍ ജലം സംഭരിക്കാന്‍ കഴിയില്ലെന്നും ഒരു ഡാമില്‍നിന്നും മുഴുവന്‍ വെള്ളവും ഒഴുക്കി കളഞ്ഞിട്ടില്ലെന്നും മന്ത്രി മണി പറഞ്ഞു.
അതിശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും അതിവേഗം ഡാമുകളിലെത്തിയ വെള്ളമാണ് തുറന്നുവിട്ടത്. ഇടുക്കിയില്‍ കാട്ടിയ അതേ ജാഗ്രത പത്തനംതിട്ടയിലും വൈദ്യുതി വകുപ്പും ജില്ലാ ഭരണകൂടവും കാട്ടിയിട്ടുണ്ട്. ഡാം തുറക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടം മുന്നറിയിപ്പുകള്‍ കൃത്യസമയത്തു നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഒമ്പത് ജലവൈദ്യുതി പദ്ധതികള്‍ക്ക് തകരാറുണ്ട്. ഇതില്‍ രണ്ടെണ്ണം സ്വകാര്യ പദ്ധതികളാണ്.
സംസ്ഥാനത്തിന് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 600 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. കല്‍ക്കരി ക്ഷാമം മൂലമാണ് വൈദ്യുതി വിതരണത്തില്‍ കുറവ് വന്നിട്ടുള്ളത്. ഇതു പരിഹരിക്കുന്നതോടെ കേന്ദ്രത്തില്‍നിന്നുള്ള വൈദ്യുതി വിതരണം പൂര്‍വസ്ഥിതിയിലാകും. പ്രളയത്തില്‍ സംസ്ഥാനത്തെ പവര്‍ ഹൗസുകള്‍ക്ക് തകരാര്‍ സംഭവിച്ചതു മൂലം 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിട്ടുണ്ട്.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ശേഷമേ ഈ കുറവ് പരിഹരിക്കാന്‍ കഴിയൂ. കേന്ദ്ര പൂളില്‍നിന്നു വൈദ്യുതി പഴയ സ്ഥിതിയില്‍ ലഭ്യമാവുകയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ വൈദ്യുതി ക്ഷാമത്തിനു പരിഹാരമാവും. അതുവരെ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.