Author Archives: ടി.എം. അബൂബക്കര്‍ ഐ.പി.എസ് (റിട്ട)

തിളക്കമാര്‍ന്ന നൊബേല്‍

എന്തുകൊണ്ടും ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തിളക്കമാര്‍ന്നതായി. അത് തേടിയെത്തിയത് അബലകളെയും അതിക്രമങ്ങളുടെ ഇരകളെയും മരുന്നും അനുബന്ധ ചികിത്സകളും നല്‍കി ശുശ്രൂഷിക്കുന്ന ആഫ്രിക്കന്‍ ഡോ. ഡെനിസ് മുക്‌വഗെയെയും (കോംഗോ ജനാധിപത്യറിപ്പബ്ലിക്ക് പൗരന്‍) ഇറാഖില്‍ നിന്നും ഭീകരരുടെ ലൈംഗികാതിക്രമങ്ങള്‍ക്കിരായി ബന്ദിയായിരിക്കവെ അവരുടെ ബന്ധനത്തില്‍ നിന്നും ജീവന്‍ പണയം വെച്ച് അതിസാഹസികമായി പുറം ലോകത്തെത്തിയ നാദിയാ മുറാദ് എന്ന യസീരി പെണ്‍കുട്ടിയെയുമാണ് എന്നതാണ് ഈ തിളക്കത്തിന് കാരണം. ഇങ്ങിനെ നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ പെണ്‍കുട്ടിയുമായി നാദിയ. പാക്കിസ്ഥാനിയായ യൂസഫ് മലാല സായിയായിരുന്നല്ലോ ആദ്യത്തവള്‍.
സമാധാനത്തിനുള്ള ഈ നൊബേല്‍ പ്രഖ്യാപിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പെ നിത്യേന പത്രമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത നിറഞ്ഞു നിന്നിരുന്നു. ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് കിട്ടാന്‍ പോവുന്നത്. യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംബിനും ഉത്തര കൊറിയന്‍ ഭരണാധികാരി കിങ്ങ് ജോങ്ങ് ഉന്നിനുമാണെന്ന് . ഇതു കണ്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ കനത്ത ഞെട്ടലാണ് ലോകസമൂഹങ്ങളിലുണ്ടായത്. വടക്കന്‍ കൊറിയയും യു.എസും തമ്മില്‍ ഒരു സമാധാന ചര്‍ച്ച നടന്നു എന്നതും ആഘോഷിക്കപ്പെട്ട അത്രയൊന്നും പ്രധാന്യം അതിനില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് ഈ ഇരു രാജ്യങ്ങളും തമ്മില്‍ ക്രമേണ സൗഹൃദത്തിലാവുമ്പോള്‍ വരുമായിരുന്ന ഒരു കനത്ത യുദ്ധത്തിന്റെ സാധ്യത കുറയുമെന്നതും ഇത് വഴി ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മില്‍ അടുക്കുക കൂടി ചെയ്യുമെന്നുള്ളതും അല്‍പമൊക്കെ ശരിയാണെങ്കിലും ഇതിനൊക്കെ പുറത്ത് യു.എസ്.പ്രസിഡന്റ് പാലസ്തീന്‍ ജനതക്കെതിരെ ഇസ്രയേലിന് അമിത സഹായങ്ങളും പിന്തുണയും നല്‍കി ലോക സമാധാനത്തിന്റെ കടക്കല്‍ തന്നെ കത്തിവെക്കുന്നുഎന്നതും പലരാജ്യങ്ങളുടെയും ആഭ്യന്തര രാഷ്ട്രീയത്തില്‍ പരോക്ഷമായെങ്കിലും ഇടപെട്ട് അധിനിവേശ സ്വഭാവം കാണിക്കുകയും ചെയ്യുന്ന നയമാണ് കൊണ്ട് നടക്കുന്നത് എന്നതും ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ചില മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഈ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നത് നേരുതന്നെ. എന്നാല്‍ ട്രംപ് പലതു കൊണ്ടു അവരില്‍ നിന്നുംവ്യത്യസ്ഥനും ലോക ജനസമൂഹത്തിന് അനഭിതനുമാണല്ലോ. ഏതായാലും ഈ പ്രവചനങ്ങളൊക്കെ തെറ്റിച്ച് നൊബേല്‍ പുരസ്‌കാരം അതിന്റെ അര്‍ഹമായ കൈകളില്‍ എത്തിപ്പെടുന്നു എന്നത് ഭാഗ്യം.
ഈയവസരത്തില്‍ ഈ രണ്ട് പുരസ്‌കാര ജേതാക്കളും ആരെന്നും അവര്‍ക്കിതിനുള്ള അര്‍ഹത എന്തെന്നും ഒരു വേള ചിന്തിക്കുന്നത് ഉചിതമായിരിക്കും.
കോംഗോറിപ്പബ്ലിക് എത്രയോ കാലങ്ങളായി കലാപമയമാണ്. ബലാസംഗത്തിന്റെ ആഗോളതലസ്ഥാനം എന്നാണ് ഈ രാജ്യം പുറം ലോകത്ത് അറിയപ്പെടുന്നത്. അവിടത്തെ കലാപകാരികള്‍ ബന്ധനസ്ഥരാക്കി ലൈംഗികമായിപീഡിപ്പിക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികാതിക്രമങ്ങളുടെ ഉപോല്‍പന്നമായ എച്ച്.ഐ.വി.പോലെയുള്ള രോഗങ്ങളും മറ്റാന്തരിക ശാരീരികപ്രശ്‌നങ്ങളും കീഴ്‌പെടുത്തുന്നത് സ്വാഭാവികം. അങ്ങിനെയുള്ള ഇരകളാണ് ഡോ. ഡെനിസ്മുക് വഗെയുടെ സേവനത്തിന്റെ ഗുണഭോക്താക്കള്‍. ശിശുരോഗ വിദഗ്ധന്‍ എന്നത് പോലെ സ്ത്രീ രോഗ വിദഗ്ധന്‍ കൂടിയായ അദ്ദഹം ഇത്തരം ഇരകള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. ഭീകരരുടെയും തീവ്രവാദികളുടെയും ഭീഷണികളെ പ്രതിരോധിച്ചു കൂടിയാണ് അദ്ദേഹം കോംഗോയില്‍ ആശുപത്രികള്‍ സ്ഥാപിക്കുകയും ഹതഭാഗ്യരായ സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും പോഷകാഹാരങ്ങള്‍ സമാഹിരച്ച് നല്‍കുകുകയും ചെയ്യുന്നത്. കൂടാതെ അവരുടെ ക്ഷേമത്തിനായി മറ്റ് ധാരാളം പ്രവര്‍ത്തനങ്ങളും നടത്തുന്നു. വ്യക്തിപരമായ പ്രസിദ്ധിയിലൊന്നും താല്‍പര്യമില്ലാതെ സേവനത്തില്‍ മുഴുകുന്ന അദ്ദേഹം ഓപറേഷന്‍തിയറ്ററില്‍ ജോലിയില്‍ വ്യാപൃതനായിരിക്കെയാണത്രെ ഈ പുരസ്‌കാര വാര്‍ത്ത ലോകം കേട്ടതും അദ്ദേഹമതറിഞ്ഞതും
വര്‍ഷങ്ങളോളം ഇറാക്കിലെ ഭീകരുടെ ബന്ധനത്തില്‍ ശാരീരികമായും ലൈംഗികമായും പിഡിപ്പിക്കപ്പടവെ അതിസാഹസികമായി രക്ഷപ്പെട്ട് പുറം ലോകത്തെത്തിയ യുവതിയാണ് നാദിയ മുറാദ്. തുടര്‍ന്ന് അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ബന്ധികളാക്കപ്പെടുന്ന സ്ത്രീകളുടെ ദാരുണാവസ്ഥ ലോകമറിയാനും ഒരു പാട് ഇരകള്‍ക്ക് രക്ഷപ്പെടാനും വഴിയൊരുങ്ങി. അത്തരം ഇരകളുടെ ക്ഷേമത്തിനുവേണ്ടി പ്രതിജ്ഞാ ബദ്ധയായി നാദിയാമുറാദ് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ലോകം ഇപ്പോള്‍ അതംഗീകരിക്കുകയും ചെയ്തു.

മഹാത്മാവ്

നാം ഇന്ത്യക്കാരുടെ മഹാത്മാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ആരായിരുന്നു നമുക്കാ മനുഷ്യന്‍. ഒരാവേശത്തിനോ അഭിമാനത്തിനോ മാത്രം നമ്മള്‍ മഹാത്മാവെന്ന് വിശേഷിപ്പിക്കുകയായിരുന്നോ അദ്ദേഹത്തെ. അതോ, സ്വതന്ത്ര ഇന്ത്യയെന്ന സങ്കല്‍പ്പത്തിനും ആ സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കുന്നതിനും സ്വന്തം വ്യക്തിപരമായ താല്‍പര്യങ്ങളൊന്നുമില്ലാതെയും ഇന്നത്തേത് പോലെ ഹിംസാത്മകതയും അസഹിഷ്ണുതയും ലവലേശവും തീണ്ടാതെയും കഠിനാധ്വാനം ചെയ്ത് ലക്ഷ്യം കൈവരിച്ചതിന്റെ അംഗീകാരമായാണോ നാം അദ്ദേഹത്തെ അങ്ങിനെ വിശേഷിപ്പിച്ചത്. അത് മാത്രമല്ലല്ലോ. രാജ്യത്തിന് വേണ്ടി ജീവിച്ച ആ മനുഷ്യന്റെ വിരിമാറിലേക്ക് വെടിയുണ്ടകള്‍ പായിച്ചില്ലെ ശത്രുക്കള്‍. അങ്ങി നെ രാജ്യത്തിന് വേണ്ടി അദ്ദേ ഹം രക്തസാക്ഷിയുമായി. അപ്പോള്‍ പിന്നെ ഓരോ ഇന്ത്യക്കാരനും അദ്ദേഹം ഒരു മഹാത്മാവല്ലാതെ പിന്നെയാരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകളെയും സ്വപ്നങ്ങളെയും രാജ്യ വിചാരത്തിന്റെ കാര്യത്തല്‍ നാം ശരിക്കും നെഞ്ചിലേറ്റിയോ എന്ന് സംശയം. ഒരു മേനിക്കു വേണ്ടി ആ പേരുപോ ലും കുടുംബപേരായി കൊണ്ടു നടക്കുന്നവര്‍ രാജ്യത്തുണ്ട്. ഒരു കാലത്തദ്ദേഹത്തെ അവമതിച്ചവര്‍ ഇടക്കിടെ ഇന്നാപേര് ഉച്ചരിക്കുന്നു, ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ഒരു ഗിമ്മിക്കെന്നോണം. ഒരു കാര്യം ശരിതന്നെ, അദ്ദേഹത്തിന്റെ വികാരവിചാരങ്ങളുടെ യഥാര്‍ത്ഥ കാല വും ഈ വര്‍ത്തമാന കാലവും തമ്മില്‍ ഘടനയിലും സ്വഭാവത്തിലുമൊക്കെ കാര്യമായ മാറ്റമുണ്ട്. എന്നാലും ഒരടിസ്ഥാന ശില എന്ന നിലയില്‍ ആ മഹാത്മാവിനെ പരിഗണിക്കണമായിരുന്നു. എന്നാല്‍ രാജ്യ പുനര്‍ നിര്‍മിതിയിലും വികസനത്തിലും പോവട്ടെ അദ്ദേഹം നമുക്ക് കാണിച്ചു തന്ന സത്യാഗ്രഹം എന്ന സമരരൂപത്തില്‍ പോലും നാം മായം ചേര്‍ത്തു. ഇന്നദ്ദേഹത്തിന്റെ പ്രസക്തി അങ്ങുമിങ്ങും ഉയര്‍ന്നു നില്‍ ക്കുന്ന പ്രതിമകളിലും കൊല്ലത്തിലൊരിക്കല്‍ ഒക്‌ടോബര്‍ രണ്ടിന് നടത്തുന്ന വൃത്തിയാക്കല്‍ ചടങ്ങുകളിലും മാത്രമായൊതുങ്ങി. സത്യാഗ്രഹത്തെ നാം കടന്നു കയറ്റങ്ങളാക്കി. നിസ്സഹകരണ പ്രസ്ഥാനത്തെ ബന്ദുകളും ഹര്‍ത്താലുകളുമാക്കി. പൊതു പ്രവര്‍ത്തനരംഗത്ത് അദ്ദേഹം കാണിച്ച ലാളിത്യത്തെ നാം അംബരചുംബികളിലും ചലിക്കുന്ന കൊട്ടാരങ്ങളിലുമായി പരിവര്‍ത്തിപ്പിച്ചു. ചുരുക്കി പറഞ്ഞാല്‍ ശരിയായ ഗാന്ധിജി പ്രായോഗിക തലത്തില്‍ ഇന്ത്യതന്നെ വിട്ടു. എന്നാല്‍ മറ്റുലോക രാജ്യങ്ങള്‍ അദ്ദേഹത്തെ വിലമതിക്കുന്നു. അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ ചരിത്രവും പാശ്ചാത്തലവും അവരന്വേഷിക്കുന്നു. പുറം സമൂഹങ്ങള്‍ക്കൊക്കെ അദ്ദേഹം ആശയും ആവേശവുമായി കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ഐക്യരാഷ്ട്ര സംഘടന ഗാന്ധിജിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ട് ലോക അഹിംസാദിനമായ അംഗീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകാരന്റെ പ്രായമെത്തിയവര്‍ക്ക് സ്വാഭാവികമായും ഗാന്ധിജി എന്നു കേള്‍ ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുക അന്നത്തെ ആറാം ക്ലാസിലെ (അതോ ഏഴാം ക്ലാസിലോ)ഹിന്ദി പാഠ പുസ്തകത്തിലുണ്ടായിരുന്ന ‘മേരാ ബച്ച്പന്‍’ എന്ന അദ്ധ്യായവും ‘മേരാ ബച്ച്പന്‍ പോര്‍മന്ദര്‍ മേ ഹുവാ ഥാ’ എന്ന ആ പാഠത്തിലെ ആദ്യവാചകവുമത്രെ. അത് മുതലാണ് ഗാന്ധി ജിയെപറ്റി മനസ്സിലാക്കി തുടങ്ങുന്നത്. ക്രമേണ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ഗ്രന്ഥത്തിലൂടെയും ഉയര്‍ന്ന ക്ലാസുകളിലെ പാഠഭാഗങ്ങളിലൂടെയും വായിച്ചും കേട്ടും അറി ഞ്ഞു ആ മഹാത്മാവിനെ. ആ അറിവുകളുടെ വെളിച്ചത്തില്‍ മനസ്സില്‍ ഒരു വികാരമായിത്ത ന്നെയുണ്ട് ഞങ്ങള്‍ക്ക് ഗാന്ധിജി. അദ്ദേഹത്തിന്റെ ചിന്തകളും വര്‍ത്തമാനങ്ങളുമൊക്കെ ഇന്ന് പരിഗണിക്കുമ്പോള്‍ നടേ സൂചിപ്പിച്ചതുപോലെ കാല മാറ്റത്തിനനുസരിച്ചുള്ള വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളുമൊക്കെ കണ്ടേക്കാം. എങ്കിലും നാടുവാഴുന്നവരും അതിനുവേണ്ടി ഉണ്ണാവൃതമിരിക്കുന്നവരുമൊക്കെ ഒരു വേള ചിന്തിക്കണം ആ മഹാത്മാവ് ജനിച്ചിട്ട് ഇപ്പോള്‍ 150 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ചില തത്ത്വങ്ങള്‍ക്കെങ്കിലും ഇന്നും വ്യക്തമായ പ്രസക്തിയുണ്ടെന്ന്. ഏറ്റവും ചുരുങ്ങിയത് അക്കൂട്ടരൊക്കെ ക്രമേണ മറന്നുകൊണ്ടിരിക്കുന്ന നാനാത്ത്വത്തിലെ ഏകത്വം എന്ന തിരിച്ചറിവിനെങ്കിലും.

പ്രളയക്കെടുതിയും മാസപ്പടിയും

നമ്മുടെ കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്നും സാവകാശം മുക്തമായി വരികയാണ്. എന്നാല്‍ ഈ ആശ്വാസം താല്‍ക്കാലികം മാത്രം. എന്നുവെച്ചാല്‍ ആര്‍ത്തലച്ചുവന്ന വെള്ളപ്പാച്ചില്‍ നിന്നും, തോരാതെ വന്ന കനത്ത മഴ പെയ്‌തൊഴിഞ്ഞു, ജനവാസകേന്ദ്രങ്ങളില്‍ കുത്തിയൊലിച്ച് വന്ന് നിറഞ്ഞ് ഭയപ്പാടുണ്ടാക്കിയ വെള്ളക്കെട്ടുകളിറങ്ങി, പ്രളയത്തിന്റെ ഇരകള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് നാടെങ്ങുമുള്ളവര്‍ കൈമെയ് മറന്ന് സഹായ ഹസ്തങ്ങളുമായി വന്ന് ആശ്വസിപ്പിച്ചു, സര്‍ക്കാറും സന്നദ്ധസംഘടനകളും സമൂഹത്തിലെ പ്രമുഖരും സഹായ വാഗ്ദാനങ്ങളൊരുപാട് നല്‍കി. എങ്കിലും അവയെല്ലാം കറങ്ങിത്തിരിഞ്ഞ് പുനര്‍നി ര്‍മാണ പ്രക്രിയകള്‍ക്കുതകും വിധം അര്‍ഹതപ്പെട്ട ഇരകളുടെ കൈകളിലെത്താന്‍ ഇനിയും കാലം പിടിച്ചേക്കും എന്നതാണ് പ്രശ്‌നം.
പാവപ്പെട്ടവരും സാധാരണക്കാരുമായവരെപോലെ സമ്പന്നരെ കൂടി ഒരളവ് വരെ പിടികൂടിയിരുന്നല്ലോ ഇത്തവണത്തെ പ്രളയം. സമ്പന്നരെ സംബന്ധിച്ചിടത്തോളം അവരുടെ ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രം. കയ്യിരിപ്പുള്ളതില്‍ നിന്നുമെടുത്ത് അവര്‍ക്ക് കാര്യങ്ങള്‍ പഴയത് പോലെയാക്കാം. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അങ്ങിനെയല്ലല്ലോ. പുറം സഹായങ്ങള്‍ കിട്ടിയാല്‍ മാത്രമേ അവര്‍ക്ക് രക്ഷയുള്ളൂ. സര്‍ക്കാരേതര സഹായങ്ങള്‍ സ്വാഭാവികമായും പരിമിതവും താല്‍ക്കാലികവുമായിരിക്കും. അക്കൂട്ടരുടെ വീടുകളുടെ പുനര്‍ നിര്‍മാണത്തിനും സംസ്ഥാനം മുഴുക്കെ നടുവൊടിഞ്ഞു കിടക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും മറ്റും പുനസ്ഥാപനത്തിനും മറ്റും സര്‍ക്കാറിന്റെ അധിക വിഭവസമാഹരണം അത്യാവശ്യം തന്നെയത്രെ. കേന്ദ്രസഹായമാണെങ്കില്‍ അതും പരിമിതമായിരിക്കും എന്നുവേണം മനസ്സിലാക്കാന്‍. ഈ അധിക വിഭവസമാഹരണത്തിനുള്ള പലവിധം ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി സര്‍ക്കാറുദ്യോഗസ്ഥരോട് ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെട്ടത്. പ്രളയകാലത്ത് ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ജോലികളിലുള്ളവര്‍ തന്നെ ഇരകളായി പോയിട്ടുണ്ട് എന്നത് സത്യമാണെങ്കിലും അങ്ങിനെ പെട്ടുപോയവര്‍ വളരെ വിരളമാണ്. അവരെ തീര്‍ച്ചയായും ഈയൊരു പിരിവില്‍ നിന്നും ഒഴിവാക്കുക തന്നെ വേണം. പിന്നെയുള്ളത് വളരെ ചെറിയൊരു ശതമാനം ഉദ്യോഗസ്ഥരുണ്ട് ഒരു മാസത്തെ പൂര്‍ണമായോ ഭാഗികമായോ ഉള്ള ശമ്പളം മുടങ്ങിപ്പോയാല്‍ തങ്ങളുടെ കുടുംബങ്ങളുടെ ദൈനംദിന ചിലവുകള്‍ക്ക് മാര്‍ഗമില്ലാത്തവര്‍. അവര്‍ക്കും നല്‍കാം ഇക്കാര്യത്തില്‍ ചില ഇളവുകള്‍. എന്നാല്‍ ഉദ്യോഗസ്ഥരിലെ ബഹുഭൂരിപക്ഷവും തങ്ങളുടെ ഒരു മാസപ്പടി ഭാഗികമായോ പൂര്‍ണമായോ സര്‍ക്കാര്‍ ഈ യൊരു നല്ല കാര്യത്തിനുവേണ്ടി തിരിച്ചുപിടിച്ചാല്‍ കാര്യമായ ബുദ്ധിമൊട്ടുന്നു സംഭവിക്കാനില്ലാത്തവരത്രെ. എന്നിട്ടും വ്യക്തിപരമായ സ്ഥാപിത താല്‍പര്യ ങ്ങളും രാഷ്ട്രീയവും മറ്റും വെച്ച് ഒരു കൂട്ടര്‍ വിമുഖത കാണിക്കുന്നു. തങ്ങളുടെ സഹജീവികള്‍ അറ്റമില്ലാക്കയത്തില്‍ പെട്ടുലഴുകയാണെന്നും പ്രകൃതി വികൃതമാക്കിയ വാസസ്ഥലങ്ങളും ആരോഗ്യവുമൊക്കെ പഴയ നിലയിലാക്കാന്‍ അവര്‍ പെടാപാടുപെടുകയാണെന്നും ഭാഗ്യവശാല്‍ തങ്ങള്‍ക്കങ്ങിനെയൊന്നും സംഭവിച്ചില്ലല്ലോ എന്നുമൊക്കെ ഒരു വേള പൊതുഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന ഇക്കൂട്ടരൊന്നു ചിന്തിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ ക്കാര്‍ സര്‍വീസിലെ വര്‍ത്തമാനകാല ശമ്പളം അത്രമോശ മൊന്നുമല്ല. ഒന്നുകൂടി കടന്നു പറഞ്ഞാല്‍ ആവശ്യാധിഷ്ടിത വേതനം എന്ന നിലവാരത്തില്‍ നിന്നും എത്രയോ മേലെയാണ്. ഓരോ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും സര്‍ക്കാറിനെ നയിക്കുന്നവര്‍ വോട്ട് ബേങ്ക് ലക്ഷ്യം വെച്ച് മുന്‍പിന്‍ നോക്കാതെ അതപ്പടി അംഗീകരിച്ച് ശമ്പളപരിഷ്‌കരണം ഉത്തരവാക്കുന്ന ഏര്‍പ്പാടണല്ലോ ഏറെക്കാലമായി നമ്മുടെ സംസ്ഥാനത്ത്. ഇങ്ങിനെയൊക്കെയായിട്ടും നികുതിദായകരായ നാട്ടുകാരിലെ ഒരു കൂട്ടം നിസ്സഹായര്‍ കടുത്ത കഷ്ടപാടിലാണെന്ന് ഈ സര്‍ക്കാര്‍ വിലാസം ഈ ജനസേവകര്‍ കനിവോടെ കാണാത്തത് കഷ്ടം തന്നെ. ഇപ്പറഞ്ഞതൊക്കെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും അടു ത്തുണ്‍ പറ്റിയവരുടെയും സ്വ കാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെയും കാര്യത്തിലുമൊക്കെ ചില നിബന്ധനകള്‍ക്ക് വിധേയമായി പ്രസക്തമാണെന്ന് കൂടി ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ.

രണ്ട് ആനുകാലികവിഷയങ്ങള്‍

1
ഏഷ്യാവന്‍കരയിലെ രാജ്യങ്ങളില്‍ ചൈനക്കാരെ സംബന്ധിച്ചിടത്തോളം കായികാഭ്യാസങ്ങള്‍ (അത്‌ലറ്റിക്‌സ്) എന്ന് പറയുന്നത് അവരുടെ ഒരു കുത്തകാവകാശം പോലെയത്രെ. നാളിതുവരെ നടന്ന ഏഷ്യാഡുകളില്‍ മെഡല്‍ പട്ടികയില്‍ എക്കാലത്തും അവര്‍ തന്നെ മുന്നില്‍. ഇത്തവണയും അവര്‍ നേടി 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവും. എല്ലാം കൂടി 289 മെഡലുകള്‍. തൊട്ടുപിന്നിലുള്ള ജപ്പാന് കിട്ടിയത് മൊത്തം 205 മെഡലുകള്‍. നേരുപറയണമല്ലോ. ഇത്തവണ ഇന്ത്യ ഏഷ്യാഡ് ചരിത്രത്തിലെ നാളിതുവരെയുള്ള മെഡല്‍കണക്കുകളെല്ലാം തെറ്റിച്ചുകൊണ്ട് 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം മൊത്തം 69 മെ ഡലുകള്‍ നേടിയിരിക്കുന്നു. വിജയികളുടെ പട്ടികയില്‍ 8-ാം സ്ഥാ നത്ത് നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഈ മുന്നേറ്റം തീര്‍ത്തും ആശാവഹം തന്നെ. സബാഷ് ഇന്ത്യന്‍ ടീം.
ഇത്തവണ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയായിരുന്നു വേ ദി. മികച്ച സംഘാടനം കൊണ്ട് ഇന്തോനേഷ്യന്‍ അധികൃതര്‍ വിജയികളെക്കാള്‍ വലിയ വിജയികളായും നില്‍ക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചകളായി ജക്കാര്‍ത്ത നഗ രം ഏഷ്യന്‍ ഗെയിംസിന്റെ വര്‍ണ്ണ പ്രഭയില്‍ വിരാജിച്ചു നില്‍ക്കുകയായിരുന്നു. തികച്ചും പ്രൊഫഷണലായി കൈകാര്യം ചെയ്തു ഈ മഹാമഹത്തെ ഇന്തോനേഷ്യന്‍ അധികൃതരും അവിടത്തെ സ്‌പോര്‍ട്‌സ് പ്രേമികളും. മേളയില്‍ പങ്കെടുക്കുന്നവരുടെ ഏതാവശ്യത്തിനും ഓടിയെത്തുന്നവളണ്ടിയര്‍മാര്‍. ഭാഷാ പ്രശ്‌നങ്ങളുള്ളവരെ സഹായിക്കാന്‍ ആ മഹാനഗരത്തില്‍ നിന്നും തിരിഞ്ഞെടുക്കപ്പെട്ട പ്രഗല്‍ഭരായ പരിഭാഷകര്‍. ഓരോ രാജ്യക്കാര്‍ക്കും അവരുടെ കായിക താരങ്ങള്‍ക്കും അനുയോജ്യമായ ഭക്ഷണക്രമങ്ങള്‍. എന്നു വേണ്ട എല്ലാറ്റിനും ഒരു പൂര്‍ണതയുടെ വിരലടയാളം
അത്‌ലറ്റിക്‌സില്‍തന്നെയാണ് നമുക്കു കൂടുതല്‍ മെഡലുകള്‍ നേടാന്‍ കഴിഞ്ഞത്. 7 സ്വര്‍ണവും 10 വെള്ളിയും 2 വെങ്കലവും. ഷൂട്ടിങ്ങ്, ഗുസ്തി,ബ്രിജ്, റോവിങ്ങ്, ടെന്നീസ്, ബോക്‌സിങ്ങ് എന്നിവയിലും കിട്ടി ഒന്നോ അതില്‍ കൂടുതലോ സ്വര്‍ണമെഡലുകള്‍. അതേസമയം എക്കാലത്തും നമുക്ക് പ്രതീക്ഷയായിരുന്ന ഹോക്കിയിലും കബഡിയിലും ഓരോ വെള്ളിയും വെങ്കലവും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നമ്മുടെ ഭാവി സ്‌പോര്‍ട്‌സ് പ്ലാനിങ്ങില്‍ ഈ വശം ശരിക്കും കണക്കിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് തന്നെയാണ്. ഈ ഏഷ്യാഡിലെ അത്‌ലറ്റിക്‌സിലെ പതക്ക കൊയ്ത്തില്‍ നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകം അഭിമാനിക്കാം കേരളത്തിന്റെ ജിന്‍സണ്‍ ജോണ്‍സന്റെയും മുഹമ്മദ് അനസ്സിന്റെയും നീനയുടെയും കുഞ്ഞുമുഹമ്മദിന്റെയും ചിത്രയുടെയുമൊക്കെ നേട്ടങ്ങളില്‍. അത് പോലെ തന്നെ ഗെയ്മുകളില്‍ ഹോക്കി ക്യാപ്റ്റന്‍ ശ്രീജേഷ്, സ്‌ക്വാഷ് താരങ്ങളായ ദീപിക പള്ളിക്കല്‍, സുനൈന കുരുവിള എന്നിവരുടെ പ്രകടനങ്ങളിലും. ഇതോടൊപ്പം നാം ഓര്‍ക്കേണ്ടതുണ്ട് ദൈനംദിന ജീവിതത്തില്‍ ദാരിദ്ര്യം വേട്ടയാടുമ്പോഴും മികച്ച പ്രകടനം നടത്തി രാജ്യത്തിനു വേണ്ടി സ്വര്‍ണ്ണെഡല്‍ നേടിയ ബംഗാളിയായ സ്വപ്നബര്‍മന്‍ എന്ന താരത്തെയും വാടകവീട്ടില്‍ താമസിക്കുന്ന വിസ്മയയെയും ഒരു പാടുകാലം സ്‌പോര്‍ട്‌സില്‍ തിളങ്ങിയിട്ടും ഇത്‌വരെ സുരക്ഷിതമായ ഒരു ജോലി തരപ്പെടുത്താന്‍ കഴിയാത്ത മഞ്ജിത് സിങ്ങിനെയുമൊക്കെ. ഈ വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ രാജ്യം നമ്മുടെ കായിക രംഗത്തിന്റെ ഭാവിക്കുവേണ്ടി ഇവരെയൊക്കെ അംഗീകരിച്ചേ മതിയാവൂ. എങ്കില്‍ അടത്ത ഏഷ്യന്‍ ഗെയിംസ് ചൈനയില്‍ നാല് വര്‍ഷത്തിന് ശേഷം നടക്കുമ്പോള്‍ നമ്മുടെ കൂട്ടര്‍ ഇനിയും നില മെച്ചപ്പെടുത്തിയേക്കാം.
2
കേരളം ക്രമേണ മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്നും കരകയറിവരികയാണ്. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നൊന്നും അവര്‍ അത്രപെട്ടെന്ന് പൂര്‍ണമായും മുക്തരാവുമെന്ന് തോന്നുന്നില്ല. അവരുടെ പ്രശ്‌നങ്ങളില്‍ ഗൃഹപരവും, കുടുംബപരവും, തൊഴില്‍പരവും സാമ്പത്തികവും സാമൂഹികവും, ശാരീരികവും, മാനസികവും എല്ലാമായവയുണ്ട്. നമ്മുടെ ദേശവും ദേശവാസികളും അന്യദേശവാസികളും സര്‍ക്കാറുമൊക്കെ ആളും അര്‍ത്ഥവുമായി അവര്‍ക്ക് പിന്തുണയും സഹായവുമായി കൂടെ തന്നെയുണ്ടെങ്കിലും ഇപ്പോഴത്തെ അവരുടെ അവസ്ഥ എന്തുതന്നെ ലഭിച്ചാലം പൂര്‍വസ്ഥിതി പ്രാപിക്കാന്‍ ഒരുപാടുകാലമെടുക്കുമെന്നുറപ്പ്.
അവരുടെ കനത്ത പ്രതിസന്ധിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും സഹായവുമായെത്തിയ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരുദ്യോഗസ്ഥരും ഉണ്ട്. തികച്ചും പ്രതിഫലേച്ഛയില്ലാത്ത നിഷ്‌കാമകര്‍മമായിരുന്നു പ്രത്യേകിച്ചും സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്തത്. അത് കൊണ്ടു തന്നെ അവര്‍ നമ്മുടെ ദേശത്തിന്റെ അഭിമാനമാണ്. എന്നാലിപ്പോള്‍ ഇകൂ ട്ടരെ ആദരിക്കാന്‍ സംഘടനകളും രാഷ്ട്രീയക്കാരുമൊക്കെയായ വിവിധ ഏജന്‍സികള്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അവരൊരിക്കലും ഇങ്ങിനെയൊരാദരം കാംക്ഷിക്കുന്നുണ്ടാവില്ല എന്നുറപ്പ്. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു മത്സരസ്വഭാവം തന്നെ. പലരും ആദരിക്കപ്പെട്ടു എന്ന എന്ന വാര്‍ത്തകളോടൊപ്പം തന്നെ ചിലര്‍ ആദരിക്കപ്പെട്ടില്ല എന്നും ചിലരെ വിളിച്ചിട്ടും അവഗണിച്ചു എന്നും മറ്റുമുള്ള വിവരങ്ങള്‍ കൂടിപുറത്തുവരുന്നു.
പ്രളയക്കെടുതിയുടെ കാല ത്ത് മനുഷ്യത്വത്തിന്റെ പരമകാഷ്ടപ്രകടിപ്പിച്ച ഈ നല്ല അളുകളെ ആദരിക്കാനെന്ന പേരില്‍ പ്രഹസനങ്ങള്‍ നടത്തുന്നവര്‍ ദയവായി ശ്രദ്ധിച്ചാലും. ഇവര്‍ നിങ്ങളുടെയൊക്കെ ആദരവും അംഗീകാരവും പ്രതീക്ഷിച്ചല്ല സാംക്രമിക രോഗങ്ങള്‍വരെ വരാന്‍ ഇടയുണ്ട് എന്ന ബോധ്യത്തോടെ വെള്ളക്കെട്ടിലിറങ്ങി സ്വന്തം ജീവനെപോലും തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്, മറിച്ച് സഹജീവിസ്‌നേഹം എന്ന അവരുടെ പ്രകൃതം കൊണ്ടു മാത്രമാണ്.

മുളമഞ്ചലേറിയ ആദിവാസി

ഈ കുറിപ്പുകാരന്‍ ജനിച്ചു വളര്‍ന്നത് കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. പാടവും പറമ്പും കുന്നും മലയും തോടും കുളങ്ങളും കാടും മേടും കാവുകളുമൊക്കയുണ്ടായിരുന്ന ഒരു ഗ്രാമം. പണ്ട് എന്നു പറഞ്ഞാല്‍ ഏതാണ്ട് പത്തറുപത് വര്‍ഷങ്ങള്‍ ക്കു മുമ്പത്തെ ഗ്രാമത്തിന്റെ ചിത്രമാണിത്. എന്നാല്‍ കാലങ്ങള്‍ കഴിയുകയും പരിഷ്‌കാരം അധിനിവേശം തുടങ്ങുകയും ചെയ്തതോടെ എന്റെ ഗ്രാമത്തിന്റെ ഈ പ്രകൃതത്തിനൊക്കെ കാര്യമായ മാറ്റങ്ങള്‍ വന്നു. എന്നാലും അല്‍ പ സ്വല്‍പം ഗ്രാമ്യതയുടെ തുടിപ്പുകള്‍ ഇപ്പോഴും അവിടെ ബാക്കിയുണ്ട് എന്നത് ആശ്വാസകരം തന്നെ.

അക്കാലത്ത് ഗ്രാമത്തിലേക്ക് റോഡില്ലായിരുന്നു. ഇടവഴികളും നടപ്പാതകളും മാത്രം. പിന്നീട് 1960 കളുടെ തുടക്കത്തില്‍ പഞ്ചായത്ത് സംവിധാനം നടപ്പില്‍ വന്ന ശേഷമാണ് പേരിനെങ്കിലും റോഡുണ്ടായത്. അതും കഴിഞ്ഞാണ് വാഹനങ്ങള്‍ ഗ്രാമത്തില്‍ കടന്നത്. എന്നിട്ടും ഏറെക്കാലം ഒരു ബസ്സി ല്‍ കയറണമെങ്കില്‍ മൂന്നര നാഴിക ദൂരം നടക്കേണ്ടിയിരുന്നു. അക്കാലത്തും അതിനു മുമ്പും രോഗികളെ അകലെ മാത്രമുള്ള ഏതെങ്കിലും ആശുപത്രികളിലെത്തിക്കണമെങ്കില്‍ മഞ്ചലിലോ, ചാരുകസേരയിലോ അല്ലെങ്കില്‍ മഞ്ചല്‍ പോലെ കെട്ടിയുണ്ടാക്കിയ ഏതെങ്കിലും സംവിധാനത്തിലോ നാഴികകളോളം ആളുകള്‍ തോളിലേറ്റിക്കൊണ്ടുപോയി കാറോ വളരെ വിരളമായി മാത്രം ഉണ്ടാവുന്ന ആംബുലന്‍സോ ഉള്ളിടത്തെത്തിക്കണമായിരുന്നു. വലിയ തറവാട്ടു വീടുകളിലൊക്കെ മഞ്ചലുണ്ടാവും. രണ്ടുതരം മഞ്ചല്‍. ഒന്ന് തിളങ്ങുന്ന പിച്ചളയുടെ അല ങ്കാരങ്ങള്‍ തണ്ടില്‍ പിടിപ്പിച്ചതും കിടപ്പു ഭാഗം വര്‍ണത്തുണികളാലുണ്ടാക്കിയതും. ആകര്‍ഷകമായ ഈ മഞ്ചല്‍ തറവാട്ടുകാരണവര്‍ക്കും അത്യാവശ്യത്തിന് കുടുംബാംഗങ്ങള്‍ ക്കും മാത്രമുപയോഗിക്കാന്‍. രണ്ടാമത്തെ മഞ്ചല്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത തണ്ടോടുകൂടിയതും കിടപ്പു ഭാഗം ചണകൊണ്ട് നിര്‍മിച്ചതും. ഇത് നാട്ടുകാരുടെ ആവശ്യത്തിന് വിട്ടുകൊടുക്കും. അപ്പോഴും കൂലിക്കാരും ദളിതരുമായ രോഗികള്‍ക്കൊന്നും ഇത് ലഭ്യമായിരുന്നില്ല. അവര്‍ക്ക് ചാരുകസേര യോ കെട്ടിയുണ്ടാക്കുന്ന താല്‍ ക്കാലിക മഞ്ചലോ ശരണം. അതേറ്റിക്കൊണ്ടുപോവാന്‍ അവരുടെ ബന്ധുക്കളോ അലിവുള്ള നാട്ടുകാരാരെങ്കിലുമോ തയ്യാറായെങ്കിലായി.
എന്നാല്‍ കാലം മാറിയതോടുകൂടി നാട്ടില്‍ വന്ന പരിഷ്‌കാരങ്ങള്‍ക്കനുസരിച്ച് ഈ വിഭാഗം ജനങ്ങളുടെ സാമൂഹ്യവും സാ മ്പത്തികവുമൊക്കെയായ നിലവാരത്തില്‍ മാറ്റം വന്നു. അവരില്‍ പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരുമുണ്ടല്ലോ. പട്ടികവര്‍ഗക്കാരെ അപേക്ഷിച്ച് പട്ടികജാതിക്കാര്‍ വിദ്യാഭ്യാസപരമായും തൊഴില്‍ പരമായുമൊ ക്കെ മുന്നില്‍ വന്നു. സര്‍ക്കാര്‍ തലത്തിലുള്ള സംവരണനിയമങ്ങളും മറ്റാനുകൂല്യങ്ങളുമൊ ക്കെ ഇതിനു താങ്ങായി. എന്നാ ല്‍ പട്ടികവര്‍ഗത്തില്‍പെട്ട ആദിവാസികള്‍ക്ക് കാര്യമായ തോ തില്‍ ഈ പരിഷ്‌കാരങ്ങളുടെയൊന്നും ഗുണഭോക്താക്കളാ വാനൊത്തില്ല. അതിന്റെ പ്രധാന കാരണം ഇപ്പോഴുമവര്‍ കാടുമായി ബന്ധപ്പെട്ട് മലയോര പ്രദേശങ്ങളിലും മറ്റ് വിദൂര ഗ്രാമങ്ങളിലും താമസിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതും അവര്‍ക്കിടയിലെ ചെറുപ്പക്കാര്‍ക്ക് സര്‍ക്കാ ര്‍ ജോലിയിലും മറ്റും എത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ജാഗ്രത ആദിവാസിക്ഷേമകാര്യങ്ങളില്‍ വേണ്ടത്ര ഫലവത്താവുന്നില്ല എന്നതുമൊ ക്കെതന്നെ.
നടേ സൂചിപ്പിച്ച പഴങ്കഥകളൊക്കെ ഇപ്പോള്‍ ഓര്‍ത്തെടുത്തത് ഈയടുത്ത ദിവസം അഗ ളി ഇടവാണി എന്ന സ്ഥലത്തെ താമസക്കാരിയായ മണി എന്ന ആദിവാസി ഗര്‍ഭിണിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ കിലോമീറ്ററുകളോളം മുളമഞ്ചലില്‍ ചുമന്നുകൊണ്ടുവരേണ്ടിവന്നു എന്നവാര്‍ത്തയുടെ പശ്ചാത്തലത്തിലാണ്. ആദിവാസി ക്ഷേമത്തിന് സര്‍ക്കാര്‍ കോടികള്‍ ചിലവാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഏറ്റവുമടുത്തപ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും അവര്‍ക്ക് ആംബുലന്‍സ് സേവനം കിട്ടാതെപോയത്. അവരുടെ പ്രസവം നടന്നത് ആശുപത്രിയിലെത്തിയ ശേഷമായത് ഭാഗ്യം. എന്നാലത് മുളമഞ്ചലില്‍ വെച്ച് തന്നെയായിപോയിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ. ആംബുലന്‍ സിന് കാശില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം പായയില്‍കെട്ടി കൊണ്ടുപോവേണ്ടി വന്ന ഒരു ദളിതന്റെ കഥ ഒരു വടക്കന്‍ സംസ്ഥാനത്തു നിന്ന് വളരെ അടുത്തായാണ് നാം കേട്ടത്
അഗളിയില്‍ തന്നെയാണ് ഈയടുത്ത കാലത്ത് മധു എന്ന ആദിവാസി യുവാവ് ഒരു നേരത്തെ ഭക്ഷണത്തിന്റെ പേരി ല്‍ മൃഗീയമായി കൊല ചെയ്യപ്പെട്ടത.് പോഷകാഹാരക്കുറവുകൊണ്ടുള്ള മരണങ്ങളും ശിശുമരണങ്ങളും അഗളിയിലെ ആദിവാസി മേഖലകളില്‍ വളരെ കൂടുതലാണ് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു. കേന്ദ്ര സം സ്ഥാന സര്‍ക്കാറുകള്‍ ആയിരക്കണക്കിന് കോടികള്‍ ആദിവാസിക്ഷേമത്തിന് വേണ്ടി ചിലവാക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്ന് കൂടി ഓര്‍ക്കുക. ബന്ധപ്പെട്ട അധികാരികളില്‍പ്പെട്ട ഒരു കൂട്ടരും പദ്ധതി നിര്‍വഹണത്തിലെ ഇടത്തട്ടുകാരുമാണ് ഈ രംഗത്തെ വില്ലന്മാര്‍. അവരെ നിലക്കുനിര്‍ത്താനുള്ള ജാഗ്രതയും ആര്‍ജവവും ബന്ധപ്പെട്ട അധികൃതര്‍ കാ ണിച്ചാലേ ഈ അവസ്ഥകള്‍ക ള്‍ക്കൊരു മാറ്റം വരൂ.

തൊണ്ണൂറ്റിരണ്ടിന്റെ യുവത്വം

ലോകരാജ്യങ്ങളിലൊന്നില്‍ ഏറെ അപൂര്‍വമായ ഒരു പുതിയ ചരിത്രത്തിന് തുടക്കമായിരിക്കുകയാണ്. മലേഷ്യ എന്ന രാജ്യം, 92 കാരനായ മഹാതീര്‍ മുഹമ്മദ്, ആ രാജ്യത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവി അഥവാ പ്രധാനമന്ത്രി പഥം. അതെ, മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് എന്ന 92 കാരന്‍ നീണ്ട 15 വര്‍ഷക്കാലത്തെ വിശ്രമപര്‍വ്വത്തിനുശേഷം വീണ്ടും അവിടെ പ്രധാനമന്ത്രിയായി വരുന്നു. 1981 നും 2003 നും ഇടയിലുള്ള 22 വര്‍ഷക്കാലമാണ് ‘ജനപ്രിയ’ നായ ആ ‘ഏകാധിപതി’ മലേഷ്യയെ മുന്നില്‍ നിന്ന് നയിച്ചതും അവിടത്തെ വര്‍ണ്ണ, വംശ, വര്‍ഗ, പ്രാദേശിക പ്രശ്‌നങ്ങളെയെല്ലാം അതിജീവിച്ച് രാജ്യ ത്തെ ഒരു വികസിത (വികസ്വര) രാജ്യമാക്കി മാറ്റിയതും. 2003 നു ശേഷം അവിടെ പാലത്തിനടിയിലൂടെ ജലമൊരുപാടൊഴുകി. ഭരണാധികാരികള്‍ മാറി മാറി വന്നു. എന്നാല്‍ കെടുകാര്യസ്തയും അഴിമതിയുമൊക്കെ അവര്‍ക്ക് വിനയായി. ചിലരൊക്കെ ജയിലഴികളുമെണ്ണി. മഹാതിറിന്റെ സ്വാധീനവും ചിലരുടെ കാര്യത്തിലെങ്കിലും അങ്ങിനെയൊരവസ്ഥക്ക് പിന്നിലുണ്ടായിരുന്നു എന്ന് കൂടി വേണം ന്യായമായും അനുമാനിക്കാന്‍. അത് കൊണ്ടൊക്കെ തന്നെയായിരിക്കാം മഹാതിര്‍ മുമ്പ് അധികാരമൊഴിഞ്ഞ ശേ ഷവും ‘യുംനോ’ എന്ന തന്റെ പാര്‍ട്ടിയുടെ ഉപദേശകനായി തുടര്‍ന്നതും.
മലായി ഭാഷയില്‍ മഹാതിര്‍ എന്ന വാക്കിന് ജനപ്രിയന്‍ എന്നു കൂടി അര്‍ത്ഥമുണ്ടത്രെ. അക്കാരണത്താല്‍ തന്നെയായിരുന്നു 1969 ലെ തിരഞ്ഞെടുപ്പ് ജയിച്ച് തുങ്കു അബ്ദുറഹിമാന്‍ പ്രധാനമന്ത്രിയായി രാജ്യം ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ ‘യുംനോ’ എന്ന ഭരണകക്ഷിയുടെ മു ണണി പോരാളിയായിരുന്ന മഹാതിര്‍ മുഹമ്മദ് തുങ്കുവിന്റെ ചൈനീസ് പക്ഷപാതിത്വത്തെ ചോദ്യം ചെയ്യാനും താന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത് പോലും തൃണവല്‍ഗണിച്ച് പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി നിവര്‍ന്നു നിന്നതും വീ ണ്ടും പാര്‍ട്ടിയില്‍ ഉദിച്ചുയുര്‍ന്ന് വന്ന് പ്രധാനമന്ത്രിയായതും. 1925 ല്‍ മലേഷ്യയിലെ കെദാര്‍ പ്രവിശ്യയില്‍ അലോര്‍ സിതാര്‍ എന്ന ഗ്രാമത്തില്‍ ജനി ച്ച മഹാതിര്‍ ഭിഷഗ്വരനാവാന്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസം നേടിയ ആളാണ്. എന്നാല്‍ അദ്ദേഹം ഡോക്ടറായി കാര്യമായി പ്രാക്‌സീസ് ചെയ്തില്ല. ക്രമേണ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. 1981 ല്‍ രാജ്യഭരണമേറ്റെടുത്ത ശേഷം സങ്കുചിത രാഷ്ട്രീയ നിലപാടുകള്‍ക്കുപരിയായി രാജ്യനന്മ ലക്ഷ്യം വെച്ച് കൊണ്ട് തന്നെ മേല്‍ സൂചിപ്പിച്ചത് പോലെ ഒരേകാധിപതിയുടെ റോള്‍ സ്വയം എടുത്തുണിഞ്ഞു മഹാതിര്‍. അക്കാരണത്താല്‍ അന്നത്തെ ലോക രാഷ്ട്രീയ നിരീക്ഷകര്‍ ‘തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതി’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. അപ്പോഴും ജനപ്രിയത അദ്ദേഹംകൈവിട്ടില്ല. ഒരു കാലത്ത് ചേരി പ്രദേശങ്ങളും നാട്ടുമൂലകളും നിറഞ്ഞു നിന്നിരുന്ന മലേഷ്യയെ സാമ്പത്തികമായും സാ ങ്കേതികമായും മഹാതിര്‍ പുനര്‍നിര്‍മിച്ചു. അതോടൊപ്പം മലായ് സ്വത്വരാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെ യും തനിമയാര്‍ന്ന നിലനില്‍പ്പും ഉറപ്പുവരുത്തി. 1964 ലെ തിരഞ്ഞെടുപ്പിലാണ് അന്ന് യുവാവായിരുന്ന മഹാതിര്‍ ആദ്യമായി പാര്‍ലിമെന്റിലെത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രി തുങ്കു അബ്ദുറഹിമാനുമായി അകന്നതിനാല്‍ 1969 ല്‍ മത്സരിക്കാനൊത്തില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞത് 1972 ലാണ്. തുടര്‍ ന്ന് അന്നത്തെ അബ്ദുറസാ ക്ക് മന്ത്രിസഭയില്‍ മന്ത്രിയും ശേഷം ഉപപ്രധാനമന്ത്രിയു മൊക്കെയായി . മഹാതിറിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു അത്. ഈ പദവികളിലൊക്കെ ശോഭിച്ച ശേഷമാണ് 1981 ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 2003 വരെ അതേ പദവിയില്‍ അധികാരത്തിലരുന്ന് ഇന്നത്തെ മലേഷ്യക്ക് അടിസ്ഥാനശിലയിട്ടു. ഇടഞ്ഞു നിന്ന മറ്റ് നേതാക്കളെയൊക്കെ തന്ത്രപൂര്‍വം പിന്‍തള്ളുകയോ വെട്ടിനിരത്തുകയോ ചെയ്തു. ഇക്കാലത്തു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ശക്തമായ തിരിച്ചുവരവും നടത്തി. സ്വാകര്യവല്‍ക്കരണത്തി ലും ആഗോളവല്‍ക്കരണത്തിലുമൊക്കെ പങ്കാളിയായി മലേഷ്യയെ സാമ്പത്തികമായി വളര്‍ ത്തി. ദശവാര്‍ഷിക പദ്ധതികള്‍ നടപ്പാക്കി. തുടര്‍ന്ന് വിഷന്‍ 2020 ന് രൂപം നല്‍കി. ഇങ്ങിനെയിരിക്കെയാണ് 2003 ല്‍ അഹമ്മദ് ബദവിക്ക് അധികാരം കൈമാറി വിശ്രമകാണ്ഡത്തില്‍ പ്രവേശിച്ചത് . എന്നാല്‍ പൂര്‍ണമായി വിശ്രമിച്ചില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന നജീബ് അബ്ദു ല്‍ റസാക്കിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കണ്ട് മടുത്ത് പാര്‍ട്ടിയില്‍ കലാപമുയര്‍ത്തി. അറ്റകയ്യായി 2015 ല്‍ ‘മലേഷ്യന്‍ യുനൈറ്റഡ് ഇന്‍ഡജിനിയസ് പാര്‍ട്ടി’യുണ്ടാക്കി. പണ്ടത്തെ ശത്രുവായ അന്‍വര്‍ ഇബ്രാഹിമിന്റെ പാര്‍ട്ടിയുമായി യോജിച്ച് തിരഞ്ഞെടുപ്പില്‍ മത്സ രിച്ചു. തന്റെ പാര്‍ട്ടിയെക്കാള്‍ അന്‍വര്‍ ഇബ്രാഹിമിന്റെ പാര്‍ട്ടിക്ക് സീറ്റുകള്‍ കൂടുതലാണെങ്കിലും ജയിലില്‍ കിടക്കുന്ന അന്‍വര്‍ ഇബ്രാഹിമിനപകരം മഹാതിര്‍ ഇപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയാവുകയാണ്, ഈ 92-ാം വയസ്സില്‍. പ്രായം തനിക്കൊരു പ്രശ്‌നമല്ലെന്നും കൈകാര്യശേഷിയുള്ള തന്റെ മനസ്സിന് പ്രായമായിട്ടില്ലെന്നും മഹാതിര്‍ ഉറച്ചു വിശ്വസിക്കുന്നു. കൂട്ടുകക്ഷിരാഷ്ട്രീയമാണെങ്കിലും കാര്യങ്ങള്‍ എങ്ങിനെ കൊണ്ടുനടക്കണമെന്ന് മഹാതിറിന് നന്നായി അറിയാം. അത് തന്നെയാണദ്ദേഹത്തിന്റെ ശക്തിയും

അത്യുന്നതങ്ങളില്‍ സംഭവിക്കുന്നത്

വാസ്തവത്തില്‍ അത്യുന്നത കോടതി എന്നാല്‍ സര്‍വശക്തനായ ദൈവം തമ്പുരാന്റെ കോടതി എന്നു തന്നെ വേണം കരുതാന്‍. യാതൊരു നീതികേടും കാണിക്കാത്ത കോടതി. ദൈവസങ്കല്‍പത്തില്‍ തരിമ്പെ ങ്കിലും വിശ്വാസമുള്ളവര്‍ക്ക് ഈ തത്വമുള്‍ക്കൊള്ളാനേ നിര്‍വാഹമുള്ളൂ. ഇങ്ങിനെയൊക്കെയായിരിക്കുമ്പോഴും ദൈവം തന്നെ സൃഷ്ടികളോട് അനീതികാണിക്കുന്നുവോ എന്ന് പ്രത്യക്ഷത്തില്‍ നമുക്ക് ചിലപ്പോള്‍ തോ ന്നിപ്പോവും. സജ്ജനങ്ങള്‍ക്ക് കഷ്ടപ്പാടും മറ്റ് ഗുരുതരമായ പരീക്ഷണങ്ങളും വരുമ്പോള്‍ തന്നെ ദുഷ്ടന്മാര്‍ക്ക് സുഖവും സന്തോഷവും ലഭ്യമാവുന്ന അവസ്ഥ നാം ചിലപ്പോള്‍ കാ ണാറുണ്ട്. ഇതൊന്നും മേല്‍ പറഞ്ഞ രീതിയില്‍ വിശ്വസിച്ച് ജീവിച്ചുപോരുന്ന ഒരു വ്യക്തിയെയും അലോസരപ്പെടുത്തുകയില്ല. കാരണം സൃഷ്ടാവിന്റെ കണക്കു കൂട്ടലുകളും തീരുമാനങ്ങളുമൊക്കെ എത്ര ബുദ്ധിരാക്ഷസനായ മനുഷ്യനും ഊഹിക്കാവുന്നതിനും മനസ്സിലാക്കാവുന്നതിനുമപ്പുറമാണ്. പ്രപഞ്ച രഹസ്യങ്ങളെന്ന് നമുക്കിതിനെ പേരിട്ട് വിളിക്കാം.
ഇപ്പറഞ്ഞത് സാര്‍വ്വലൗകീകമായ ഒരു പൊതു തത്ത്വം. എന്നാല്‍ ലോകത്തിലെ ഏതു രാജ്യത്തും അതാത് രാജ്യത്തിണങ്ങിയ നിയമങ്ങളും നീതിപീഠങ്ങളുമുണ്ട്. സമൂഹത്തിന്‌മൊത്തം ബാധകമായ നിയമ നടപടിക്രമങ്ങളും ശിക്ഷാരീതികളുമുണ്ട്. നമുക്കിന്ത്യയിലുമുണ്ട് അന്തസ്സോടെ തലയുയുര്‍ത്തിനില്‍ ക്കുന്ന നീതിന്യായ സംവിധാനം. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും മുന്‍സിഫും തുടങ്ങി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ ആ സംവിധാനത്തിലെ കൈകാര്യക്കാര്‍ നീളുന്നു. നിയമം പഠിച്ചും നീതിന്യായ കോടതികളില്‍ കേസ്സുകള്‍ നടത്തി പരിചയിച്ചുമാണ് അവരൊക്കെ നീതി പീഠങ്ങളില്‍ ഉപവിഷ്ടരാവാനുള്ള യോഗ്യത നേടുന്നത്. ഇന്ത്യന്‍ ജൂഡീഷ്യറിയിലെ ഈ മുഖ്യ കൈകാ ര്യക്കാരെപറ്റിയും അവരുടെ നീ തിബോധത്തെ പറ്റിയുമൊക്കെ പൊതുവില്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട അഭിപ്രായവുമാണ്. ഇതിന് വളരെ അപൂര്‍വമായ അപരാധങ്ങള്‍ ഇല്ല എന്നല്ല.
എന്നാല്‍ ഈയിടെയായി രാജ്യത്തെ അത്യുന്നത നീതി പീഠമായ സുപ്രീം കോടതിയിലും മറ്റുന്നതങ്ങളിലും നടക്കുന്ന കാര്യങ്ങളറിഞ്ഞ് നിയമത്തിന്റെയും ബന്ധപ്പെട്ട നടപടിക്രമങ്ങളുടെയും സങ്കീര്‍ണതകളറിയാത്തവരും നിയമജ്ഞരലാത്തവരും ഇത്തരം കാര്യങ്ങളെ സംബന്ധിച്ച ഒരു സാമാന്യ ധാരണ മാത്രമുള്ളവരുമായ സാധാരണ ജനം അന്തംവിട്ടന്താളിച്ചിരിപ്പാണ്. ചരിത്രത്തിലിന്നുവരെ കേട്ടിട്ടിലാത്ത വിധം ജഡ്ജിമാരും ചീഫ് ജസ്റ്റീസും തമ്മില്‍ ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറമേക്ക് കേള്‍ക്കുന്നു, ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തുന്നു, ജഡ്ജിമാരെ നിയമിക്കാനുള്ള കോളേജിയത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ മടക്കുന്നു, വീണ്ടും അതിന്മെല്‍ ചര്‍വിതചര്‍വണങ്ങള്‍ നടക്കുന്നു, സര്‍ക്കാറിന്റെ നിലപാടുകള്‍ സംശയിക്കപ്പെടുന്നു, പാര്‍ലമെന്ററിന്റെ അധോസഭയില്‍ ചീഫ് ജസ്റ്റിനെതിരെ കുറ്റവിചാരണാ പ്രമേയം വരുന്നു, അവിടെ നിന്ന് അത് ഉചിതമായ പരിശോധനക്കും ചര്‍ച്ചകള്‍ക്കും മുമ്പുതന്നെ തള്ളപ്പെടുന്നു, ആ നട പടി വീണ്ടും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു, അതിന്മേലുള്ള തുടര്‍ന ടപടികളിലും ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പുറത്തുവുരന്നു തുടങ്ങിയ ഒരു പാട് പ്രശ്‌നങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും. ചുരുക്കിപ്പറഞ്ഞാല്‍ അവിടത്തെ കാര്യങ്ങളാകെ ആകെ കെട്ടുപിണഞ്ഞു കിടക്കുന്നു.
ജനം ചിന്തിക്കുന്നത് ഇതൊക്കെയാണ്: തങ്ങളുടെ ജീവിത ഗന്ധിയായ പ്രശ്‌നങ്ങള്‍ക്ക് അന്തിമവിധി തീര്‍പ്പാക്കേണ്ടവര്‍ ഇങ്ങിനെയായാല്‍ മുന്നോട്ടെന്താവും സ്ഥിതി. അല്ലെങ്കില്‍ തന്നെ ലക്ഷക്കണക്കിന് കേസുകളാണ് ഉന്നത നീതിപീഠങ്ങളിലടക്കം രാജ്യത്ത് കെട്ടിക്കിടക്കുന്നത്. അത് മാത്രമല്ല പൊതുവെ അന്താരാഷ്ട്ര തലത്തില്‍ അല്‍പം യശസ്സുള്ള നമ്മുടെ നീതിന്യായ സംവിധാനത്തിന് തന്നെ അപകീര്‍ത്തികരമാവില്ലെ ഈ കാട്ടിക്കൂട്ടപ്പെടുന്ന കോപ്രായങ്ങള്‍. ഇനി ഈ പ്രശ്‌നങ്ങളൊക്കെ ഒതുക്കിതീര്‍ക്കാന്‍ ആര്‍ക്ക് എപ്പോഴാണോവോ മനസ്സുണ്ടാവുക?.

ഉത്തര ദക്ഷിണായനം

ചരിത്ര നിര്‍മിതിയില്‍ സംഭവങ്ങള്‍ ദൃക്ഷ്‌സാക്ഷികളായിരിക്കും എന്നത് ഒരു ലോകതത്വമാണ്. ലോകത്ത് ഏത് രാജ്യത്തിന്റെതായാലും ഏത് സമൂഹത്തിന്റെതായാലും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളിലെല്ലാം മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കുന്നത് അവയുമായി ബന്ധപ്പെട്ട് ദൈനംദിനമായും അല്ലാതെയും രൂപപ്പെടുന്ന സംഭവവികാസങ്ങളത്രെ. ഇവിടെയിപ്പോള്‍ കൊറിയന്‍ ഉപദ്വീപില്‍ ദശാബ്ദങ്ങളുടെ കാത്തിരിപ്പിനുശേഷം സംഭവിച്ചിരിക്കുന്നതും അത് തന്നെ. 1953 ജൂലായ് 27 വരെ ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ ഏറെക്കാലം യുദ്ധത്തിലായിരുന്നു എന്തിനായിരുന്നു ഈ രാജ്യങ്ങള്‍ തമ്മില്‍ അങ്ങനെയൊരവസ്ഥ ഉണ്ടായത് എന്ന് ചോദിച്ചാല്‍ ലോകത്തിലാര്‍ക്കും തന്നെ തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും രൂപംകൊണ്ടുമൊക്കെ ഒരേ സ്വഭാവക്കാരാണല്ലോ കൊറിയന്‍ ഉപദ്വീപിലെ മുഴുവന്‍ ജനങ്ങളും. ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുണ്ടായിരുന്ന ശത്രുതയുടെ രൂപപ്പെടലില്‍ ഇപ്പോള്‍ ലാകത്ത് നടക്കുന്നത് പോലെ തന്നെ മറ്റ് ചില തല്‍പര രാജ്യങ്ങള്‍ക്ക് പങ്കുണ്ടായിരുന്നു എന്നത് കൂടിയാണ് സത്യം. ആയിരങ്ങളുടെ മരണത്തിനും വസ്തുവകകളുടെ വന്‍ നാശത്തിനും വഴിവെച്ച 1950-53 കാലത്തെ ഉത്തര-ദക്ഷിണ കൊറിയന്‍ യുദ്ധം പരോക്ഷമായെങ്കിലും അവസാനിച്ചത് ഐക്യ രാഷ്ട്രസംഘടനയും ഉത്തരകൊറിയ-ചൈന സഖ്യവും തമ്മില്‍ 1953 ജൂലായ് മാസത്തില്‍ യുദ്ധവിരാമകരാറുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ദക്ഷിണകൊറിയ ഈ കരാറില്‍ നേരിട്ട് കക്ഷിയായില്ല. അക്കാരണം കൊണ്ട് തന്നെ ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ 1953 നു ശേഷവും നേരിട്ടുള്ള യുദ്ധമുണ്ടായിരുന്നില്ലെങ്കിലും കടുത്ത തൊട്ടുകൂടായ്മയില്‍ തന്നെയായിരുന്നു. ഈ അവസ്ഥക്കൊരു മാറ്റത്തിനാണ് 2018 ഏപ്രില്‍ 27 ന് ദക്ഷിണ കൊറിയയിലെ പന്‍മുന്‍ജോങില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും ചര്‍ച്ചകളും തുടക്കമിട്ടിരിക്കുന്നത്. കൊറിയന്‍ യുദ്ധത്തിലെ മറ്റു കക്ഷികളായിരുന്ന യു.എസ്സ്, ചൈന എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി സമാധാന ഉടമ്പടി രൂപപ്പെടുത്താനാണ് ഈ ഇരു രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ താല്‍ക്കാലികമായി തീരുമാനിച്ചിട്ടുള്ളത്. ഏതായാലും അസംഭ്യവം എന്ന് ഏറെ കാലമായി ലോകം കരുതിയിരുന്ന ഒരു അടുപ്പത്തിനാണ് ഇരു കൊറിയന്‍ ഭരണാധികാരികളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് വരെ ആണവ ഭീഷണി വരെ മുഴക്കി ഭാവങ്ങളിലും വാമൊഴികളിലും അല്‍പം മേല്‍കൈ നേടിയായിരുന്നു ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ നില്‍പ്പ്. സ്വാഭാവികമായും അമേരിക്ക ഇതിനെതിരെ കണ്ണുരുട്ടി നില്‍ക്കുകയുമായിരുന്നു. ഈ കണ്ണുരുട്ടല്‍ മനസ്സിലാക്കി തന്നെയാണ് ദക്ഷിണ കൊറിയയുമായി കൈകോര്‍ത്താല്‍ യു.എസ്. ഭീഷണികളെ ഒരു പരിധി വരെ പ്രതിരോധിക്കാം എന്ന് കിം ജോങ് ഇന്നിന്റെ മനസിലിരിപ്പ് എന്ന് വേണം ഈ സന്ദര്‍ഭത്തില്‍ ന്യായമായും അനുമാനിക്കാന്‍.

‘വിത്ത് ഡ്യൂ കെയര്‍ ആന്റ് കോഷന്‍’

ഏതാനും ദിവസങ്ങളായി കേരളം കേള്‍ക്കുന്നു ഉത്തരവാദിത്ത്വപ്പെട്ടവരുടെ ജാഗ്രതക്കുറവിന്റെ ചില വര്‍ത്തമാനങ്ങള്‍. പോലീസുകാരുടെ കാര്യം തന്നെ എടുക്കാം. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ പോലീസിന്റെ തൊഴില്‍ സാമര്‍ത്ഥ്യവും സ്വഭാവഗുണവും മറ്റും നമ്മുടെ സംസ്ഥാനത്തിന്റെതുമായി താരതമ്യം ചെയ്തു നോക്കിയാല്‍ വ്യക്തമാവും ഇവ രണ്ടിലും ഏറെ മുന്നിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഏതാണ്ട് തിളങ്ങിനില്‍ക്കുന്നു എന്ന്. കേസന്വേഷണം നടത്തി കുറ്റവാളികളെ നീതിപീഠങ്ങള്‍ക്കുമുമ്പില്‍ ഹാജരാക്കുന്നതിലും കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിലുമൊക്കെ കേരളാപോലീസിലെ മനുഷ്യവിഭവ വിഭാഗം പൊതുവെ മുന്നില്‍ തന്നെ. മറ്റൊരു പ്രത്യേകതകൂടിയുണ്ട്. സംസഥാന പോലീസ് സേനക്ക്. സേനാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസം ലഭിച്ചവരാണ്. അവരൊക്കെ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉന്നത നിലവാരം പുലര്‍ത്തുന്നു. ഇങ്ങിനെയൊക്കെയായിട്ടും പോലീസില്‍ നിന്നും പെരുമാറ്റ ദൂഷ്യത്തിന്റെയും അച്ചടക്കലംഘനത്തിന്റെയും വര്‍ത്തമാനങ്ങള്‍ ഇടക്കിടെ കേള്‍ക്കാനിടയാവുന്നു. ഏറ്റവുമൊടുവിലായി നടന്ന സംഭവങ്ങള്‍ കോട്ടക്കല്‍ വെച്ച് ഗവര്‍ണറുടെ മോട്ടോര്‍ കേഡിന് വഴിയൊരുക്കിയില്ല എന്ന കാരണത്താല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഒരു റിട്ടയര്‍ഡ് റെയില്‍വെ ജീവനക്കാരന്റെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചതും ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ഒരു വണ്ടിയെ പോലീസ് സംഘം പിന്തുടര്‍ന്നപ്പോള്‍ ആ വഹനം അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിക്കാനിടയായതും ഈരാട്ടുപേട്ടയില്‍ ഒരു എസ്.ഐ പൊതു സ്ഥലത്ത് വെച്ച് ആളുകളെ തെറിയഭിഷേകം നടത്തിയതുമൊക്കെയാണ്. ഇന്ന് ഒരു ഭിന്ന ലിംഗത്തില്‍പെട്ട ഒരാളുടെ നഗ്ന ചിത്രം സമൂഹമാധ്യങ്ങളില്‍ ഒരു വനിതാ എ.എസ്.ഐ തന്നെ പ്രചരിപ്പിച്ചതായി വാര്‍ത്തയുണ്ട്. ഈ സംഭവങ്ങളിലെല്ലാം തന്നെ പോലീസ് വകുപ്പിന്റെ ബന്ധപ്പെട്ട അധികൃതര്‍ ആരോപിതര്‍ക്കെതിരെ അച്ചടക്ക നടപടിള്‍ സ്വീകരിച്ചു വരുന്നുണ്ട്. കൂടാതെ ഡിപാര്‍ട്ട്‌മെന്റ് സേനാംഗങ്ങള്‍ക്ക് തുടര്‍പരിശീലനം നല്‍കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സേനയിലെ ബഹുഭൂരിപക്ഷവും മാനം മര്യാദക്ക് തങ്ങളുടെ കൃത്യനിര്‍വഹണം നടത്തുമ്പോള്‍ ചുരുക്കം ചിലര്‍ കാണിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ പോലീസിന് മൊത്തമായി ദുഷ്‌പേരുണ്ടാക്കുകയാണ്. അവരില്‍ ചിലര്‍ ശുദ്ധ വിവരം കെട്ടവര്‍. ചിലര്‍ക്ക് അധികാരം കയ്യിലിരിക്കുന്നതിന്റെ ധിക്കാരം. എന്നാല്‍ ഒരു സത്യം അത്തരക്കാര്‍ കാണാതെ പോവുന്നു. ഒരു പോലീസ് സേനാംഗത്തിന്റെ ജോലി എന്നത് ഏറ്റവും റിസ്‌ക്കുള്ളതാണ്. എപ്പോഴും എന്തും സംഭവിക്കാവുന്നത.് അത് പോലെ തന്നെ അതിക്രമം കാണിച്ച് നിയമത്തിന്റെ കരങ്ങളില്‍ കുടുങ്ങിപോയാല്‍ പിന്നെ പിടിവിട്ടു കിട്ടാന്‍ ഇത്തരി പാടുതന്നെയാണ്. ഇങ്ങിനെ വെടക്കു സ്വഭാവം കാണിച്ച പലരും മുന്‍കാലങ്ങളില്‍ ധാരാളം അനുഭവിക്കേണ്ടി വിന്നിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി പോലീസ് സേനാംഗങ്ങള്‍ക്ക് തുടര്‍ പരിശീലനം ഏര്‍പാട്‌ചെയ്യുന്നു എന്നത് ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. യഥാര്‍ത്ഥത്തില്‍ തുടര്‍ പരിശീലനം പുതിയ ഒന്നല്ല അത് കാലാകാലങ്ങളില്‍ കൃത്യമായും സ്ഥിരമായും വേണ്ടതാണ്. എന്നാല്‍ ഇടക്കാലത്ത് ആ സമ്പ്രദായത്തിന് വീഴ്ച വന്നിട്ടുണ്ടോ എന്ന് സംശയം. സേനാംഗമായിരുന്നുകൊണ്ട് കൃത്യനിര്‍വഹണ സമയത്തോ അല്ലാത്തപ്പോഴോ ഗുരുതരമായ അതിക്രമം കാണിക്കുന്നവരുടെ മാനസിക നില വിശകലനം ചെയ്ത് കുഴപ്പമുണ്ടെങ്കില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൂടി എടുക്കാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കേണ്ടതാണ്.
പൊതുദാസന്മാര്‍ (പബ്ലിക് സര്‍വന്റ്‌സ്) കൃത്യനിര്‍വഹണം നടത്തുമ്പോള്‍ ആവശ്യമായ കരുതലും ജാഗ്രതയും (ഡ്യൂ കെയര്‍ ആന്റ് കോഷന്‍) കാണിക്കണമെന്നത് ഒരു അടിസ്ഥാന തത്ത്വമാണ്. എല്ലാ സര്‍ക്കാര്‍ സര്‍വീസിലെയും പ്രത്യേകിച്ചും പോലീസ് സേനയിലെ അംഗങ്ങള്‍ ഈ തത്ത്വം ശരിക്കും ഉള്‍ക്കൊണ്ടെങ്കിലേ പൊതുജനത്തിന് രക്ഷയുള്ളൂ. ഇങ്ങിനെയൊക്കെ പറയുമ്പോഴും ഒരു വസ്തുത അംഗീകരിക്കേണ്ടതുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ പിന്തുടരേണ്ടിവരും. വാഹനങ്ങളിലുള്ള ഓട്ടമാവുമ്പോള്‍ ചിലപ്പോള്‍ അത് കൈവിട്ടകളിയുമാവും. അത്തരമൊരു നടപടി ആവശ്യമായ കരുതലോടെയും ജാഗ്രതയോടെയും എടുത്താല്‍ തുടര്‍ന്ന് യാദൃശ്ചികമായി എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധപ്പെട്ടവരെ മുഴുവനായങ്ങ് കുറ്റപ്പെടുത്താനും പറ്റില്ല

ക്ഷയരോഗം എന്ന അന്തകന്‍

ക്ഷയിക്കുക എന്നത് മലയാള ഭാഷയിലെ ഒരു പദമാണ്. ഗുരുതരമായി ക്ഷീണിക്കുക, ക്രമാനുഗതമായി നശിക്കുക തുടങ്ങിയ അര്‍ത്ഥങ്ങള്‍ ഈ പദത്തിന് കൊടക്കാം. എന്നാല്‍ ക്ഷയം എന്നൊരു രോഗവുമുണ്ടല്ലോ. ഇംഗ്ലീഷില്‍ ‘ട്യൂബര്‍ കുലോസിസ്’ എന്ന് പേര്‍. പണ്ട് നമ്മുടെ നാട്ടില്‍ ക്ഷയരോഗികള്‍ വളരെ കൂടുതലായിരുന്നു. മലബാറില്‍ കണ്ണൂര്‍ ജില്ലയിലെ പരിയാരം പുറമെക്ക് അറിയപ്പെട്ടത് തന്നെ അവിടത്തെ ടി.ബി സാനിറ്റോറിയത്തിന്റെ പേരിലായിരുന്നു. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമൊക്കെ ഇങ്ങിനെ ചില ക്ഷയരോഗ ചികിത്സാ കേന്ദ്രങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ക്രമേണ ക്ഷയരോഗത്തിനുള്ള പ്രത്യേക ചികിത്സാകേന്ദ്രങ്ങള്‍ അപ്രത്യക്ഷമാവുകയും ക്ഷയരോഗ ചികിത്സയും എല്ലാ ആശുപത്രികളുടെയും പ്രത്യേകിച്ച് മെഡിക്കല്‍ കോളജ് അശുപത്രികളുടെ പ്രവര്‍ത്തന പരിധിയില്‍ തന്നെ വരികയുംചെയ്തു. ക്ഷയരോഗികള്‍ ഇന്നും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ജനസംഖ്യയുടെ വര്‍ദ്ധനക്കനുസരിച്ച് ആനുപാതികമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്ന് പറയാന്‍ പറ്റില്ല. എച്ച്.ഐ.വി. രോഗികള്‍ക്കിടയില്‍ ക്ഷയരോഗികളുടെ വര്‍ദ്ധന കൂടുതലുണ്ടാവുന്നു എന്നാണ് വിലയിരുത്തല്‍. അവര്‍ക്ക് പ്രതിരോധ ശേഷി തീരെ കുറവാണ് എന്നത് തന്നെ കാരണം. മറ്റൊരു വിശേഷം ക്ഷയരോഗവുമായി ബന്ധപ്പെട്ട് ഉള്ളത് പഴയ മാതിരി മരുന്നുകള്‍ രോഗികളില്‍ അത്ര വേഗത്തില്‍ ഫലപ്രദമാവുന്നില്ല എന്നതാണ്. ഈ വിഷയവും രോഗികളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് തന്നെ കിടക്കുന്നു. ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും ഏറെയുള്ള രാജ്യങ്ങളിലാണ് ക്ഷയരോഗികള്‍ കൂടുതലുള്ളത്. പണ്ട് നമ്മുടെ നാട്ടിലും ഇത് തന്നെയായിരുന്നല്ലോ അവസ്ഥ . ഇക്കഴിഞ്ഞ ശനിയാഴ്ച (മാര്‍ച്ച് -24) ലോക ക്ഷയരോഗദിനമായിരുന്നു. എല്ലാ വര്‍ഷങ്ങളിലും ഇങ്ങിനെയൊരു ദിനം ആചരിക്കപ്പെടുന്നു. ക്ഷയരോഗ നിര്‍മ്മാര്‍ജനത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ പ്രയത്‌നിക്കുമ്പോഴും മനുഷ്യരാശിക്കൊരു ഭീഷണിയായി തന്നെ ഈ രോഗം നിലനില്‍ക്കുന്നു ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ഓരോ ദിവസവും ലോകത്തൊട്ടാകെ 4500 പേര്‍ കടുത്ത ക്ഷയരോഗം കാരണം മരണപ്പെടുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനെതിരായി രോഗികള്‍ മരുന്നുകഴിക്കുന്നത് പൊടുന്നനെ നിര്‍ത്തുന്നതുകൊണ്ടാണത്രെ രോഗം മൂര്‍ച്ഛിച്ച് മരണസംഖ്യ കൂടാന്‍ ഇടയാവുന്നത്. എച്ച്.ഐ.വി. ബാധിതരായ ക്ഷരോഗികള്‍ കൂടുതല്‍ ഉള്ളത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യയിലുമാണെന്ന് കണക്കുകള്‍ പറയുന്നു. 2016 ല്‍ 18ലക്ഷം പേരായിരുന്നു ക്ഷയരോഗം മൂര്‍ഛിച്ച് ലോകത്ത് മരണപ്പെട്ടത്. എന്നാല്‍ 2017 ല്‍ അത് ഒരു കോടി രോഗികളായി വര്‍ദ്ധിച്ചിരിക്കുന്നു എന്ന വസ്തുത ഞെട്ടിക്കുന്നത് തന്നെ. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളില്‍ ക്ഷയരോഗ ചികിത്സയ്ക്ക് ‘ഡോട്‌സ്’ അഥവാ ഡയരക്ടലി ഒബ്‌സര്‍വ്ഡ് ട്രീറ്റ്‌മെന്റ് ഷെഡ്യൂള്‍ എന്ന ചികിത്സാ രീതി നടപ്പാക്കിവരികയാണ്. ഏതായാലും സാംക്രമികമായ ഈ മാരകരോഗത്തിന് കാലാനുയോജ്യമായ ചികിത്സാരീതികള്‍ പ്രാവര്‍ത്തികമാക്കിയേ പറ്റൂ. 1882 ല്‍ ഡോക്ടര്‍ റോബര്‍ട്ട് കോച്ച് എന്ന ശാസ്ത്രജ്ഞനാണ് ക്ഷയരോഗത്തിന് കാരണമായ ബാക്ടീരിയ കണ്ടുപിടിച്ചത്. പൊതുജനാരോഗ്യ രംഗത്തിന് വലിയ മുതല്‍കൂട്ടായി ഈ കണ്ടുപിടുത്തം.

അങ്ങിനെ ഇന്ദ്രന്‍സും സ്റ്റാറായി

പണ്ടൊക്കെ മലയാള സിനിമാ അവാര്‍ഡുകള്‍ തേടിപ്പോവാറ് സിനിമയിലെ സ്ഥിരം മുഖങ്ങളായ സൂപ്പര്‍ സ്റ്റാറുകളെയായിരുന്നു. എന്നാലിപ്പോള്‍ ഏതാനും ചില വര്‍ഷ ങ്ങളായി അങ്ങിനെയൊരവസ്ഥ മാറി തരതമ്യേന അപ്രശസ്തരും തടിമിടുക്കും,തിണ്ണമിടുക്കും, ആസ്തിമിടുക്കും സൗന്ദര്യവുമൊന്നും കാര്യമായി ഇല്ലാത്തവരെ കൂടി തേടി അവാര്‍ഡുകള്‍ വരുന്നു എന്നത് ഏറെ സന്തോഷകരമായ കാ ര്യം തന്നെ. അതുകൊണ്ടൊക്കെത്തന്നെയായിരിക്കാം കഴിഞ്ഞ തവണ വിനായകനും ഇത്തവണ ഇന്ദ്രന്‍സിനും മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേതാവിനുള്ള അവാര്‍ഡുകള്‍ ലഭിച്ചത്. ദേശീയ സിനിമാ അവാര്‍ഡു നിര്‍ണയത്തിലും ഈ മാറ്റം കാണാനുണ്ട്. സലീം കുമാറിന്റെയും , സുരാജ് വെഞ്ഞാറംമൂടിന്റെയുമൊക്കെ സമീപകാല അനുഭവം ഇത് സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു പ്രത്യേകത അഭിനേതാക്കളുടെ താരപരിവേഷത്തിനപ്പുറം അഭിനയത്തിന്റെ ആഴം എന്ന ഗുണമേന്മ കൂടി അവാര്‍ഡു നിര്‍ണയങ്ങള്‍ക്ക് പരമാവധി പരിഗണിക്കപ്പെടുന്നു എന്നതാണ്. സിനിമാഭിനയത്തില്‍ താരതമ്യേന പുതുമുഖമായിരുന്നിട്ട് പോലും ഏറ്റവും നല്ല നടി എന്ന നിലയില്‍ പാര്‍വതിക്കു കിട്ടിയ അംഗീകാരവും അതാ ണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. കഴിഞ്ഞ തവണയും കിട്ടിയിരുന്നു പാര്‍വതിക്ക് ഇതേ അംഗീകാരം. ഇത്തവണത്തെ മലയാള ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ കാലങ്ങളിലൊക്കെ അവാര്‍ഡ് പ്രഖ്യാപനം വരേണ്ട താമസം അപ്പോഴേക്കും അവാര്‍ഡ് നിര്‍ണയത്തെപറ്റി വിമര്‍ശനങ്ങളും പരാതികളും വിവാദങ്ങളുമൊക്കെ വരവായി എന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇത്തവണ ഒരു കോണില്‍ നിന്നും പരാതികളോ പരിഭവങ്ങളോ കാര്യമായി ഉയര്‍ന്നതായി കാണുന്നില്ല. അത്രയും ശ്രദ്ധയോടും ജാഗ്രതയോടും കൂടിയാണ് ജൂറി പ്രവര്‍ത്തിച്ചിട്ടുള്ളത്. വിഖ്യാത സിനിമാക്കാരന്‍ ടി.വി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ്കാന, സൗണ്ട് എഞ്ചിനിയര്‍ വിവേക് ആനന്ദ് ചായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, ഡോ. എം. രാജീവ് കുമാര്‍, മുന്‍കാല നടി ജലജ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരായിരുന്നു അംഗങ്ങള്‍. അവരൊക്കെ മത്സര സിനിമികള്‍ കുത്തിയിരുന്ന് കാണുകയും അവ കീറിമുറിച്ച് വിശകലനം ചെയ്യുകയുമുണ്ടായി എന്നു വേണം ന്യായമായും അനുമാനിക്കാന്‍. ‘ആളൊരുക്കം’ എന്ന സിനിമയിലെ ഓട്ടംതുള്ളല്‍കാരനായ പപ്പുവാശാന്‍ എന്ന കഥാപാത്രമായി കാഴ്ചവെച്ച മികവാര്‍ന്ന അഭിനയമാണ് ഇന്ദ്രന്‍സിനെ ഒന്നാം നമ്പര്‍ നടനാക്കിയത്. 2015 ലെ സംസ്ഥാന ചലച്ചിത്ര അവാ ര്‍ഡു പട്ടികയില്‍ നിന്ന് പലകാരണങ്ങളാല്‍ ഔട്ടാവുകയായിരുന്നു ഇന്ദ്രന്‍സ്. വെറും ഒരു കോസ്റ്റ്യൂമറും ഹാസ്യനടനുമായ ഇന്ദന്‍സിനോ നല്ല നടനുള്ള അവാര്‍ഡ് എന്നതായിരുന്നു അന്ന് ജൂറിയെ മഥിച്ച വികാരം. അതിന്റെ പകരം വീട്ടല്‍ കൂടിയായി ഇത്തവണത്തെ ഈ മഹാപുരസ്‌കാരം. പാര്‍വതിയുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടല്ലോ. ടെയ്‌ക്കോഫ് എന്ന സിനിമ കണ്ട ആര്‍ക്കും ധൈര്യമായി പ്രവചിക്കാന്‍ കഴിയുമായിരുന്നു ആ നടിയുടെ ഈ അവര്‍ഡ് ലഭ്യത. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക കാര്യം ഇവിടെ പരാമര്‍ശിക്കട്ടെ. മറ്റുള്ള അവാര്‍ഡ് ജേതാക്കള്‍ക്ക് കിട്ടുന്ന അനുമോദനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൊന്നും പാര്‍വതിക്ക് കിട്ടുന്നതായി കാണുന്നില്ല. ഇതിന് ഊഹിക്കാവുന്ന കാരണം ‘കസബ’ എന്ന ചിത്രത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ അഭിയനത്തെപറ്റി ഈ വനിതാ സിനിമാക്കാരി നേരത്തെ പ്രകടിപ്പിച്ച അഭിപ്രായങ്ങളാവാം. സിനിമാരാംഗത്തെ അനാരോഗ്യകരമായ പ്രവണതകളുടെ ഒരു സൂചന കൂടിയാണ് ഇത്. ഇത് മാറിയേപറ്റു. ഏതായാലും സിനിമാരംഗത്ത് ഈ ലക്ഷ്യം വെച്ച് ഒരു പെണ്‍ കൂട്ടം ഉദയം ചെയ്തിട്ടുണ്ട് എന്നത് നല്ല കാര്യമാണ്. ‘ടെയ്‌ക്കോഫ്’ അഞ്ച് അവാര്‍ഡുകള്‍ നേടി. ലിജോ ജോസഫ് പല്ലിശ്ശേരി നല്ല സംവിധായകന്‍ എന്ന നിലയില്‍ അം ഗീകരിക്കപ്പെട്ടു. ‘ഒറ്റമുറിവെളിച്ച’ത്തിനും കിട്ടി മൂന്നു അവാര്‍ഡുകള്‍. പുരസ്‌കാരങ്ങളില്‍ ബഹുഭൂരിപക്ഷവും പുതമുഖങ്ങള്‍ ക്കും ആശയസമ്പന്നമായ സിനിമകള്‍ക്കുമാണ്. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ പഴയ ആളാണെങ്കിലും ഇത് വരെ ചലച്ചിത്ര അവാ ര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല. ഇത്തവണ അതും ഒത്തുവന്നു. അഭിനേതാക്കളായ അലന്‍സിയറും പൗളിവത്സനും സംവിധായകരായ രഞ്ജന്‍ പ്രമോദ്, മഹേ ഷ് നാരായണന്‍, ദീപേഷ് എന്നിവരും തിരക്കഥാകൃത്ത് സജീവ് പാഴൂരും ഗാനരചയിതാവ് പ്രഭാവര്‍മയും പശ്ചാത്തല സംഗീതക്കാരന്‍ ഗോപി സുന്ദറും, ഗായകരായ ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍ എന്നിവരും അവരവരുടെ ഇനങ്ങളിലെ മികവിന് അംഗീകരിക്കപ്പെട്ടു. അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം ഈ നേട്ടം അവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശരിയായ ഉത്തേജനമാവട്ടെ.

കേസില്‍പെട്ടുഴലുന്ന നെതന്യാഹു

തങ്ങള്‍ ലോകത്തില്‍ വച്ച് ഏറ്റവും ബുദ്ധിയുള്ളവരും മിടുക്കരുമാണെന്ന് സ്വയം വിശ്വസിക്കുന്നവരാണ് ജൂതരാജ്യമായ ഇസ്രായേയിലെ ജനതയും ജൂതയും അവരുടെ നേതാക്കളും. അധികമൊന്നും പ്രായമില്ലാത്ത തങ്ങളുടെ രാജ്യത്തെ തുടക്കത്തില്‍ ഒരു സ്വതന്ത്രരാജ്യമാണെന്നംഗീകരിച്ച് നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇതരരാജ്യങ്ങള്‍ മടിച്ചിരുന്നെങ്കിലും ഇപ്പോഴേതാണ്ടെല്ലാ രാജ്യങ്ങളും തങ്ങളുടെ വഴിക്കുവന്നു എന്ന് കൂടി അവര്‍ അഹങ്കരിക്കുന്നു. അമേരിക്കന്‍ ഭരണം കൂടം വരെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ചേ എക്കാലത്തും നില്‍ക്കൂ എന്നും അവര്‍ക്കറിയാം. ഈയിടെയായി നമ്മുടെ രാജ്യവും ഇസ്രായേലുമായി ഏറെ അടുപ്പത്തിലാണല്ലോ. പട്ടാളപരിശീലനത്തിനുവരെ അവരെ ആശ്രയിക്കാം എന്ന ചിന്തിയിലാണ് അധികൃതര്‍ എന്തിനേറെ പറയുന്നു ഇടക്കിടെ ഇരു വശത്തുനിന്നും പ്രസ്താവനായുദ്ധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അമ്പിനും വില്ലിനും അടുക്കാതിരുന്ന ഇറാന്‍ വരെ ഇസ്രായേലുമായി ഒരു തരം സഹകരണ മൂഡിലാണ്. സംഗതികള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള തര്‍ക്കങ്ങള്‍ ലോക രാജ്യസമൂഹത്തിന് എന്നും ഒരു കീറാമുട്ടിയായി തന്നെ തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ വകയായാലും ഇതര രാജ്യകൂട്ടായ്മകളുടെതായാലും ഇനി ഇസ്രായേലിന്റെ ഏറ്റവുമടുത്ത ചങ്ങാതികൂട്ടമായ അമേരിക്കാന്‍ ഭരണകൂടത്തിന്റെതായാലും ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് അവരൊക്കെ ഉന്നയിക്കുന്ന നിര്‍ദ്ദേശങ്ങളോ നടപടികളോ ഒന്നും ഫലവത്താവുന്നേയില്ല. അതിനൊരു വലിയ പരിധിവരെ കാരണം ഫലസ്തീന്‍കാരുടെ ചരിത്രപരമായ ജന്മാവകാശം അനുവദിച്ചുകൊടുക്കുന്നതില്‍ ഇസ്രായേലിനുള്ള അക്ഷന്തവ്യമായ വിസമ്മതം തന്നെ. ഫലസ്തീനിലെ ബഹു ഭൂരിപക്ഷവും അറബി വംശജരായ മുസ്ലിംകളാണല്ലോ വളരെ കുറച്ച് മാത്രം ക്രിസ്ത്യാനികളും. ഇസ്രായേലിലാണെങ്കില്‍ ബഹുഭൂരിപക്ഷം ജൂതരും. മുസ്ലിംകളും ജൂതരും തമ്മില്‍ ചരിത്രപരമായി തന്നെ കടുത്ത അകല്‍ച്ചയുണ്ട്. മുസ്ലിം വിശ്വാസധാരയനുസരിച്ച് തങ്ങള്‍ പൂര്‍വ പ്രവാചകനെന്ന് വിശ്വസിച്ചും അംഗീകരിച്ചും ആദരിക്കുന്ന മൂസ്സാനബി (അ.സ) യെ (മോസസ്സ്) തള്ളിപ്പറഞ്ഞവരാണ് ജൂതര്‍, അങ്ങിനെയല്ല തങ്ങള്‍ മോസസ്സിന്റെ അനുയായികള്‍ തന്നെയാണെന്ന് അവര്‍ ഏറെക്കുറെ അവകാശപ്പെടുന്നുണ്ടെങ്കില്‍ പോലും. അതേസമയം അറബ് ലോകത്ത് ഇസ്ലാമിന്റെ വിലാസത്തില്‍ നടക്കുന്ന എല്ലാ ഭീകര പ്രവര്‍ത്തനങ്ങളുടെയും പ്രഭവകേന്ദ്രങ്ങളെ വാര്‍ത്തെടുക്കുന്നത് ഇസ്രായിലിന്റെ സയണിസ്റ്റ് മുശയിലാണെന്ന് ഫലസ്തീന്‍കാരടക്കമുള്ള ലോക മുസ്ലിം സമൂഹം ബലമായി സംശയിക്കുന്നു. അതിനുള്ള ഏറ്റവും പ്രബലമായ തെളിവായി പറയുന്നത് ലോകത്തിതുവരെ നടന്നിട്ടുള്ള ഭീകര ക്രമണങ്ങളിലൊന്നുപോലും ഇസ്രായേലില്‍ നടന്നിട്ടില്ല എന്നത് തന്നെ. ഏതായാലും ഇസ്രയേല്‍ എന്ന രാഷ്ട്രം ലോകത്ത് ഏറെക്കാലമായി ഒരു വില്ലന്‍ റോളില്‍ തന്നെ. ഇങ്ങിനെയൊക്കെയായിരിക്കുമ്പോഴും ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ടിയത്തില്‍ പൊട്ടലും ചീറ്റലും ഈയിടെ ധാരാളമുണ്ട്. ഇപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നെതന്യാഹുവിനെ കടുത്ത അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് അവിടത്തെ പോലീസ് നിരന്തരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. കുടിലതന്ത്രങ്ങള്‍ കൊണ്ട് ശക്തിയാര്‍ജിച്ച നെതന്യാഹു ആ ആ രാജ്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്രവിഷയങ്ങളില്‍ ശക്തമായ നിലപാടുകളുമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഈയൊരവസ്ഥ എന്നത് അദ്ദേഹത്തിന്റെ വിധിവൈപരീത്യമായിരിക്കണം. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവിടത്തെ പോലീസ് ഔദ്യോഗികവസതിയില്‍ വന്ന് അഴിമതിക്കേസ്സില്‍ ചോദ്യം ചെയ്യുക എന്നത് അസാധാരണമായ കാര്യംതന്നെയാണല്ലോ. പോരെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ട് കൂട്ടുപ്രതിയായി. നെതന്യാഹുവിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവടക്കമുള്ള എട്ടോളം അടുപ്പക്കാരെ ഇത് വരെയായി അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അവിടത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ബെസക്കിന്റെ ഉടമസ്ഥര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്ത് അതിന് പ്രത്യുപകാരമായി അവരുടെ വാര്‍ത്താ വെബ്‌സൈറ്റില്‍ തനിക്കനുകൂലമായ വാര്‍ത്തകള്‍ വരുത്തി എന്നതാണ് ഏറ്റവും ഒടുവില്‍ നെതന്യാഹുവിനെതിരെയുള്ള ആരോപണം. രാജ്യത്തിന്റെ പൊതു മുതല്‍ ദുര്‍വിനിയോഗം ചെയ്‌തെന്ന അദ്ദേഹത്തിന്റെ ഭാര്യ സാറക്കെതിരെയുള്ള കേസില്‍ അവര്‍ ഭര്‍ത്താവിന്റെ ഔദ്യോഗിക ഉപദേശകര്‍ വഴി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസ്സുമുണ്ട്. ഇതിനൊക്കെ പുറമെ നെതന്യാഹുവിന്റെ അടുത്ത കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ വിലാസത്തില്‍ വന്‍ തുകയും സാധനങ്ങളും പല ഏജന്‍സികളില്‍ നിന്നും കൈക്കൂലിയായി വാങ്ങി എന്ന ഗുരുതരമായ ആരോപണവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ അഴിമതിക്കേസുകളിലായി നെതന്യാഹുവിനെ പോലീസ് എട്ടുതവണ ചോദ്യം ചെയ്തിട്ടുണ്ടത്രെ. ലോകസമൂഹത്തിനുമുമ്പില്‍ മാന്യനും കേമനുമായി നടക്കുമ്പോഴാണ് സ്വന്തം രാജ്യത്ത് നെതന്യാഹു എന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ഈ പണിയൊക്കെ ഒപ്പിച്ചെടുത്തിരിക്കുന്നത് . സാധാരണ ഗതിയില്‍ ഒരു ക്രിമിനല്‍ എന്ന നിലയില്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പോ ലീസ് ഔദ്യോഗിക കാലാവധിക്കുള്ളില്‍ തന്നെ പിന്തുടരുന്നതായി വേറെ ഇതുവരെ കേട്ടിട്ടില്ല എന്നു തന്നെ വേണം കരുതാന്‍. ഇസ്രായേലുമായി അധികം ചങ്ങാത്തം കൂട്ടുന്ന ഇതര രാജ്യഭരണകര്‍ത്താക്കള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഇസ്രായേലിലെ ഈ സംഭവങ്ങള്‍

മക്കള്‍, മരുമക്കള്‍ മാഹാത്മ്യം

അമേരിക്ക ലോകത്തിലെ ഒരുപാട് ജനാധിപത്യ രാജ്യങ്ങളില്‍ മുഖ്യമായ ഒന്നാണ്. ആ രാജ്യത്തിന്റെ നിയമനിര്‍മാണങ്ങള്‍ക്ക് ഇന്ത്യയിലെപോലെ തന്നെ ഉപരിസഭയും അധോസഭയുമൊക്കെയുണ്ടെങ്കിലും അധികാരം മുഴുവന്‍ പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. തികച്ചും പക്വമതികളും നീതിമാന്മാരുമായ വ്യക്തികള്‍ പ്രസിഡന്റായി വരുമ്പോള്‍ ഈ അധികാരം അവര്‍ക്കൊരലങ്കാരമാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ പണ്ടുള്ളവര്‍ പറയുന്നത് പോലെ ‘കണ്ണും പിപ്രയും” ഇല്ലാത്തവര്‍ പ്രസിഡന്റായാല്‍ അത്തരക്കാര്‍ ആ അധികാരങ്ങളെ തീര്‍ച്ചയായും ദുരുപയോഗം ചെയ്യുമെന്നതുറപ്പ്. അങ്ങിനെയൊരവസ്ഥയിലാണ് ഇപ്പോള്‍ അവിടത്തെ ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസ്. ഡൊണ്ടാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ഉടനെതന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക മനസ്സാക്ഷി സൂക്ഷിപ്പുകാരെ നിയമിച്ചപ്പോള്‍ വൈറ്റ് ഹൗസിന്റെ കഴിഞ്ഞ കാല ചരിത്രത്തില്‍ നിന്നും വിപരീതമായി പ്രസിഡന്റിന്റെ മൊത്തം ഉപദേഷ്ടാക്കളില്‍ പെട്ട രണ്ട് സ്ഥാനങ്ങളിലേക്ക് നറുക്ക് വീണത് അദ്ദേഹത്തിന്റെ മൂത്ത മകള്‍ ഇവാന്‍കക്കും അവരുടെ ഭര്‍ത്താവ് ജാറദ്കഷ്‌നര്‍ക്കും. ഇതറിഞ്ഞപ്പോള്‍ തന്നെ ആ രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരടക്കമുള്ളവര്‍ ജനാധിപത്യ ഭരണ സംവിധാനത്തിലെ ഒരു ഭരണാധികാരി സ്വന്തം കുടുംബാംഗങ്ങളെ തന്നെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ടിച്ചതിനെ വിമര്‍ശിച്ചിരുന്നതാണ്. പക്ഷേ വിമര്‍ശനങ്ങളൊന്നും അന്ന് ട്രംപ് കണക്കിലെടുത്തില്ല. എന്നാല്‍ വാഷിങ്ങ്ടണ്ണില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച് കഷ്‌നറുടെ സവിശേഷ അധികാരങ്ങളില്‍ ചിലത് എടുത്തുമാറ്റികൊണ്ട് വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുകയാണ്. രഹസ്യാന്വേഷണ വിവരങ്ങളുടെ ചോര്‍ച്ച അമേരിക്കന്‍ ഭരണകൂടത്തിന് നാണക്കേടുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണത്രെ ഈ തീരുമാനം. ഫലത്തില്‍ കഷ്‌നര്‍ക്ക് ഒരു തരം താഴ്ത്തല്‍ തന്നെയാണിത്. ഇനി മുതല്‍ രാജ്യത്തിന്റെ ഉന്നത രഹസ്യങ്ങളും രഹസ്യാന്വേഷണവിവരങ്ങളും കഷ്‌നര്‍ക്ക് കൈമാറില്ല. ഏറെക്കാലം നീണ്ട വിശദപരിശോധനക്കു ശേഷമാണത്രെ ഈ നടപടി. ചുരുക്കത്തില്‍ പ്രസിഡന്‍ന്റിന്റെ ഉപദേശകന്‍ വഴിതന്നെ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് സംശയിക്കുന്നു എന്നു തന്നെ കഷ്‌നര്‍ക്ക് പ്രസിഡന്റിന്റെ ദൈനം ദിന പത്രക്കുറിപ്പുകളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും കൈകാര്യം ചെയ്യാനുള്ള അവസരം നേരത്തെ ഉണ്ടായിരുന്നു. പ്രസിഡന്റിന്റെ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ അവര്‍ അര്‍ഹിക്കുന്നതിലധികം അംഗീകാരവും സ്ഥാനവും കഷ് നര്‍ക്കും ഇവാന്‍കക്കും ഇത് വരെ വൈറ്റ് ഹൗസ് ഭരണ വിഭാഗത്തില്‍ ലഭിക്കുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖവ്യവസായി കൂടിയാണ് കഷ്‌നര്‍. അദ്ദേഹത്തിന്റെ ചില വിദേശ ഇടപാടുകളെ സംബന്ധിച്ച് ആരോപണങ്ങള്‍ കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വൈറ്റ് ഹൗസ് മേധാവിയുടെ തിരുത്തല്‍ നടപടി. അമേരിക്കയുടെ പശ്ചിമേഷ്യന്‍ സമാധാന ദൗത്യത്തിന്റെ ചുമതലക്കാരന്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍ കഷ്‌നര്‍. വാഷിങ്ങ്ടണ്ണിലെ ഈ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത് ഏത് രാജ്യത്തായാലും കുടുംബവാഴ്ച ജനാധിപത്യഭരണകൂടത്തിന് യോജിച്ചതേ അല്ല എന്ന് തന്നെയാണ്. അധികാരക്കാലം കഴിയുമ്പോള്‍ കഷ് നര്‍ക്ക് പിന്നാലെ ക്രിമിനല്‍ കേസ്സ് വരുമോ എന്ന് കണ്ട് തന്നെ അറിയണം. ഇപ്പോള്‍ തന്നെ ട്രംപ് ഭരണ കൂടത്തിന്‍ പുറത്താക്കലും രാജിയുമൊക്കെ ഒരു പാട് നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്തു നിന്നു കൂടിയുണ്ട് ഇത്തരം ചില വാര്‍ത്തകള്‍. മുന്‍ ധനകാര്യ മന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അന്നത്തെ ഭരണ സ്വാധീനം ഉപയോഗിച്ച് ഒരു കമ്പനിയില്‍ നിന്നും കമ്മിഷന്‍ പറ്റി എന്ന കേസ്സില്‍അറസ്റ്റിലായിരിക്കുന്നു. അഴിമതി കേസ്സുകളിലും അല്ലാതെയും മുന്‍ കാലങ്ങളില്‍ അറസ്റ്റിലായവരാണ് മുന്‍ ഭരണകര്‍ത്താക്കള്‍ കുടുംബാഗങ്ങളായ സഞ്ജയ് ഗാന്ധി, പി.വി.പ്രാകര്‍ റാവു, സുധീര്‍കുമാര്‍ ശിവശങ്കര്‍, പ്രകാശ് ചന്ദ്രയാദവ്, എം.കെ. സ്റ്റാലിന്‍,സബ്‌രജിത്ത് സിങ്ങ്, കനിമൊഴി തുടങ്ങിയവര്‍. ഇപ്പോഴത്തെ ചില നേതാക്കളുടെ മക്കളും പേരിലും അരോപണങ്ങള്‍ കേട്ടു തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് എവിടെയെല്ലാം ഭരണാധികാരികള്‍ തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ മക്കള്‍ക്കും മറ്റ് കുടുംബാഗങ്ങള്‍ക്കും അമിത സ്വാതന്ത്ര്യം നല്‍കിയോ അവിടങ്ങളിലൊക്കെ അക്കൂട്ടര്‍ ആരോപണങ്ങളിലും കേസ്സുകളിലും പെടുന്ന സാഹചര്യവും വന്നുചേര്‍ന്നേക്കാം എന്ന് തന്നെയാണ്.

മരണംകൊണ്ടുപോയ ശ്രീ

തന്റെ ആയുസ്സിന്റെ അന്‍പത്തിയഞ്ചാണ്ടുകള്‍ പിന്നിട്ട,ഇന്ത്യന്‍ സിനിമാരംഗത്തെ ബഹുഭാഷാ അഭിനേത്രി പത്മശ്രീ ശ്രീദേവി കഴിഞ്ഞ ദിവസം ദുബായ് എന്ന വിദേശ നഗരത്തില്‍ വെച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. അവിടെ കുടുംബസമേതം താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി മരണപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീടത് ശുചിമുറിയിലെ ബാത്ത് ടബില്‍ വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും ഫോറന്‍സിക്ക് പരിശോധനയില്‍ അവരുടെ രക്തസാമ്പിളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും വാര്‍ത്തകള്‍ വന്നു. ആ മരണത്തിലെ ആസ്വാഭാവിക സാഹചര്യങ്ങളെന്തെല്ലാമെന്ന് ദുബായ് പോലീസിന് അന്വേഷിക്കേണ്ടിവന്നു. അതുകൊണ്ട് തന്നെയാണ് അവരുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകിയതും. അതൊക്കെയെന്തുമാകട്ടെ ഒന്നു സത്യമാണ് മലയാളത്തിലും തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമൊക്കെയായി 300ഓളം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. അവയില്‍ ബഹുഭൂരിപക്ഷവും ഹിറ്റായിട്ടുമുണ്ട്. ഇത്രയും സിനിമകളിലെ മികവാര്‍ന്ന അഭിനയവും ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് പൊതുവെ അവര്‍ നല്‍കിയ മറ്റു സംഭാവനകളും കണക്കിലെടുത്ത് രാജ്യം അവര്‍ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ പ്രശസ്തിയുടെ ഉയരത്തില്‍ നില്‍ക്കവെ താരതമ്യേന അകാല പ്രായത്തില്‍ മരണമെന്ന ക്ഷണിക്കപ്പെടാത്ത അതിഥി വന്ന് അവരെയും കൂട്ടിപോയിരിക്കുന്നു. ശ്രീദേവിയുടെ മരണവാര്‍ത്ത കണ്ടപ്പോള്‍ അതേ പത്രത്തിലെ ചരമ പേജില്‍ പ്രത്യക്ഷപ്പെട്ട ചമരവാര്‍ത്തകള്‍ വെറുതെയൊന്നു പരിശോധിച്ചു നോക്കി. കോഴിക്കോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കൂടി അന്ന് 54 പേര്‍ മരണപ്പെട്ടതായി വാര്‍ത്തയുണ്ട്. ഈ 54 പേരുടെയും പ്രായം എടുത്തു കണക്ക് കൂട്ടി നോക്കിയതില്‍ മരിച്ചവരുടെ ശരാശരി പ്രായം 53 വയസ്സ്. അങ്ങിനെ നോക്കുമ്പോള്‍ ശ്രീദേവിയുടെ 55 ലെ മരണത്തെ അകാല ചരമം എന്ന് വിശേഷിപ്പിക്കാനാവില്ല. എന്നാലവരൊരു സെലിബ്രിറ്റിയായത് കൊണ്ടും ജീവിച്ചിരുന്നാല്‍ സിനിമാരംഗത്ത് ഇനിയും അവരുടെ സേവനങ്ങള്‍ ഉണ്ടാവുമായിരുന്നു എന്നത് കൊണ്ടുമൊക്കെ വേണമെങ്കില്‍ അവരുടെത് അകാല ചരമമെന്നും അവര്‍ ഈ ലോകം തന്നെ വിട്ടുപോയത് ഇന്ത്യന്‍ സിനിമാശാഖക്ക് കനത്ത നഷ്ടമാണെന്നുമൊക്കെ പ്രതികരിക്കാം. അതേതാണ്ട് ശരിയും തന്നെ. 1963 ല്‍ ശിവകാശിയില്‍ ജനനം. 1967 ല്‍ ഒരു തമിഴ് ചിത്രത്തില്‍ ബാലതാരമായി ആദ്യാഭിനയം 1970 ല്‍ വീണ്ടും ഒരു തെലുങ്കു ചിത്രത്തില്‍ ബാലതാരം, 1971 ല്‍ ആദ്യത്തെ മലയാള ചിത്രം ‘പൂമ്പാറ്റ’. അതിലും ബാലതാരം തന്നെ. അതിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1975 ല്‍ ‘ജൂലി’ എന്ന ഹിന്ദി സിനിമയില്‍ ആദ്യ ബോളിവുഡ് വേഷം. 1976 ല്‍ ‘മുണ്ട്രുമുടിച്ചു’ എന്ന സിനിമയില്‍ ആദ്യനായികാവേഷം. രജനീകാന്തിനും കമല്‍ഹാസനുമൊപ്പം ഒരുപാടു സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. 1979 ല്‍ ‘സോല്‍വസാവന്‍’ എന്ന ഹിന്ദി ചിത്രത്തില്‍ നായിക. 1980 കളുടെ തുടക്കത്തില്‍ ഹിന്ദിയിലെ സൂപ്പര്‍ സ്റ്റാര്‍ തന്നെയായി ജിജേന്ദ്രയും അനില്‍കപ്പൂറുമൊക്കെയായിരുന്നു മുഖ്യ താര ജോഡികള്‍. 1996 ല്‍ വിവാഹത്തോടെ അഭിനയം വിട്ടു. 2012 ല്‍ ‘ഇംഗ്ലീഷ് വിംഗ്‌ളീഷി’ലൂടെ സിനിമാരംഗത്ത് തിരിച്ചെത്തി. 2013 ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. 2017 ല്‍ ‘മോം’ എന്ന തകര്‍പ്പന്‍ ബോളിവുഡ് ചിത്രം. അങ്ങിനെ പോവുന്ന ശ്രീദേവി എന്ന നടിയുടെ ട്രാക്ക് റിക്കാര്‍ഡ്. ‘ദേവരാഗം’, ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്നീ സിനിമകളിലെ അവരുടെ അഭിനയം ഒന്നു വേറെ തന്നെയായിരുന്നു. ഹിന്ദിയടക്കം മറ്റു ഭാഷാ സിനിമകളിലും അവര്‍ തകര്‍ത്ത് തന്നെ അഭിനയിച്ചിട്ടുണ്ട്. വ്യായാമത്തിന്റെ കാര്യത്തില്‍ തുടകത്തില്‍ പൊതുവെ മടിച്ചിയായിരുന്നെങ്കിലും പിന്നീടത് കൃത്യമായി ചെയ്തുതുടങ്ങി. സ്വന്തം സൗന്ദര്യവും വ്യക്തിത്വവും നിലനിര്‍ത്താന്‍ കോസ്മറ്റിക് സര്‍ജറിയടക്കമുള്ള രീതികള്‍ അവര്‍ അവലംബിച്ചിരുന്നു. രണ്ടു പെണ്‍കുട്ടികളില്‍ ഒരുവള്‍ നടി. നിര്‍മാതാവ് ബോണി കപൂര്‍ ഭര്‍ത്താവ്. ഏതായാലും തന്റെ മുഖശ്രീമായും മുമ്പെതന്നെ അവര്‍ യാത്രയായി. ഇന്ത്യന്‍ സിനിമാരംഗത്തിന് അവരുടെ പെട്ടെന്നുള്ള വിയോഗം ഒരു നഷ്ടം തന്നെ.

തോക്കിന്‍ കുഴലിലൂടെ കൂട്ടക്കൊല

നമ്മുടെ നാട്ടില്‍, അത് ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും തോക്കുകള്‍ കൈവശം വെക്കാനും അതുപയോഗിക്കാനും ലൈസെന്‍സുള്ളവര്‍ മുമ്പേയുണ്ട്. ഗ്രാമപ്രദേശത്തൊക്കെ ലൈസന്‍സുള്ള തോക്കുകള്‍ ഒരഭിമാനചിഹ്നമായിട്ടായിരുന്നു അതിന്റെ ഉടമസ്ഥര്‍കൊണ്ടുനടന്നിരുന്നത്. നാട്ടിലെ പ്രമാണിമാര്‍ക്കായിരുന്നു മിക്കപ്പോഴും തോക്കുലൈസന്‍സ് ഉണ്ടായിരുന്നത്. തോക്ക് എന്നു പറഞ്ഞാല്‍ സാധാരണ തോക്കുകളും പിസ്റ്റളും, റിവോള്‍വറും, ഇരട്ടക്കുഴല്‍ തോക്കുമൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. മുമ്മൂന്ന് കൊല്ലം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കണം. ലൈസന്‍സി മരണപ്പെട്ടാല്‍ ഉടനെ തോക്ക് പോലീസിലോ, ലൈസന്‍സ്ഡ് ഡീലറുടെ അടുത്തോ ചാരണം (ഡെപോസിറ്റ്). പിന്നീട് ഒന്നുകില്‍ അനന്തരാവകാശികള്‍ അപേക്ഷ കൊടുത്ത് ലൈസന്‍സ് അവരിലാരുടയെങ്കിലും പേരിലേക്ക് മാറ്റിക്കിട്ടാനുള്ള ഉത്തരവ് സമ്പാദിക്കുകയോ അല്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുകയോ വേണം. പിന്നെയുമുണ്ട് ലൈസന്‍സിക്ക് പ്രശ്‌നങ്ങള്‍. വി.ഐ.പി. സന്ദര്‍ശനമുണ്ടാവുമ്പോഴും തിരഞ്ഞെടുപ്പ് വരുമ്പോഴുമൊക്കെ താല്‍ക്കാലികമായി ഡെപോസിറ്റ് ചെയ്യണം. ഇങ്ങിനെ തോക്കിന്റെ ലൈസന്‍സ് നിലനിര്‍ത്തുന്നതില്‍ ഒരു പാട് വൈതരണികളുണ്ട്.
ഈ പൊല്ലാപ്പുകള്‍ കൊണ്ടൊക്കെയായിരിക്കാം ആയുധ ലൈസന്‍സിനുള്ള അപേക്ഷകള്‍ സംസ്ഥാനത്ത് കുറെക്കാലമായി കുറഞ്ഞുകൊണ്ടിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ക്കും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടിനുമൊക്കയാണ് പോലീസ് റിപ്പോര്‍ട്ടിന്റെ കൂടി വെളിച്ചത്തില്‍ പുതിയ ലൈസന്‍സ് കൊടുക്കാനും പഴയവ പുതുക്കിനല്‍കാനുമൊക്കെ അധികാരം. പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഇവക്ക് പോലീസില്‍ നിന്നും അനുകൂലറിപ്പോര്‍ട്ട് കിട്ടാന്‍ വളരെ പ്രയാസമാണ്. പ്രത്യേകിച്ചും രാജ്യത്ത് ഇടക്കിടെ തീവ്രവാദഭീഷണകളും ഭീകരാക്രമണങ്ങളുമൊക്കെ ഉണ്ടാവുന്ന സാഹചര്യത്തില്‍ 2016 ല്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് പുറത്തുവിട്ടകണക്കുകള്‍ പ്രകാരം അപ്പോള്‍ സംസ്ഥാനത്താകെ 9459 തോക്ക് ലൈസന്‍സുകളാണുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ആളുകള്‍ ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍, എയര്‍ പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങളുടെ കമ്പത്തിലാണത്രെ. അവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മിക്ക നഗരങ്ങളിലും ധാരാളം വരുന്നുണ്ട്. ഏതായാലും തോക്കുപയോഗത്തിനുള്ള കടുത്ത നിയന്ത്രണം കൊണ്ടായിരിക്കാം നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ചും കേരളത്തില്‍ തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അത്യാഹിതങ്ങള്‍ വളരെ കുറവാണ്.
എന്നാല്‍ അമേരിക്കയിലെ കാര്യം നോക്കൂ. അവിടെ ഒരു പൗരന് ഏതുതരം തോക്കും സമ്പാദിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. നിയമപരമായ ചില്ലറ നടപടിശ്രമങ്ങള്‍ പാലിച്ചാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്ന ലാഘവത്തോടെ തോക്കുകള്‍ എത്രയെണ്ണം വേണമെങ്കിലും ഒരാള്‍ക്ക് സ്വന്തമാക്കാം.
അത് കൊണ്ടുതന്നെയായിരിക്കാം തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും അവിടെ വളരെ കൂടുതലാണ്. ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ 14 ന് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള ഫ്‌ളോറിഡസംസ്ഥാനത്തെ പാരക്ലാന്റ് മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ അവിടെ നിന്നും നേരത്തെ പുറത്താക്കപ്പെട്ട നിക്കോളാസ് ക്രുഞ്ച് എന്ന 19 കാരന്‍ എ.ആര്‍. 15 റൈഫിളും തിരകളും പുകബോംബുകളുമായി അതിക്രമിച്ചു കയറി തുടരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥകളടക്കം 17 പേരെ കൊലപ്പെടുത്തി. 13 ഓളം പേരെ ഗുരുതരമായ പരിക്കുകളുമേല്‍പിച്ചു. ഇതിലും കടുത്ത ഒരു സംഭവമായിരുന്നു അമേരിക്കയിലെ തന്നെ കണക്ടികെട്ടിലെ ലെ സാന്‍ഡിഹൂക്ക് സ്‌കൂളില്‍ 2015 ല്‍ നടന്നത്. അതിലും സ്‌കൂളില്‍ അതിക്രമിച്ചുകയറി അവിടെ അദ്ധ്യാപികയായ തന്റെ അമ്മയടക്കം 26 പേരെ വെടിവെച്ചുകൊന്നത് അവിടത്തെ ഒരു വിദ്യാര്‍ത്ഥി തന്നെയായിരുന്നു. ആ രാജ്യത്തെ സ്‌കൂളുകളില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന 18 ാമത്തെ വെടിവെപ്പ് സംഭവമാണ് ഫോറിഡയില്‍ ഇപ്പോഴുണ്ടായിട്ടുള്ളത്. എല്ലാം കൂട്ടക്കൊലകള്‍ തന്നെ. ഫ്‌ളോറിഡ സ്‌കൂള്‍ സംഭവത്തിലെ പ്രതി നിക്കോളാസ് ക്രൂസ് പിടിയിലായിട്ടുണ്ട്. തന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരമാണത്രെ അയാള്‍ തോക്കിന്‍ കുഴലിലൂടെയുള്ള ഈ കൂട്ടക്കൊല.ഇങ്ങിനെ ഓരോ സംഭവങ്ങളും രാജ്യത്തുണ്ടാവുമ്പോള്‍ അവിടത്തെ യാതൊരു നിയന്ത്രണവുമില്ലാത്ത തോക്കുപയോഗത്തെപറ്റി പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയരാറുണ്ട്. ഫ്‌ളോറിഡ സംഭവത്തിനു ശേഷവും ശക്തമായ പ്രതിഷേധങ്ങള്‍ അവിടെയുണ്ടായി. അതിദാരുണമായ വെടിവെപ്പു സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിടും തോക്ക് നിയമത്തില്‍ പ്രസിഡന്റ് ട്രംപ് നിയന്ത്രണത്തിന് മുതിരാത്തത് വന്‍ തോക്കു വ്യാപാരികള്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഭീമമായ തുക സംഭാവന ചെയ്തതുകൊണ്ടാണെന്ന് വരെ അവിടെയിപ്പോള്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇനിയും ഈ വിഷയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്താതെ അവിടെ ഭരണാധികാരികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമായിരിക്കും. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ തോക്കുകളുടെ സ്വതന്ത്രവും അമിതവുമായ ഉപയോഗം ഇനിയുമിവിടെ ചോരപ്പുഴകള്‍ ഒഴുക്കും.