Author Archives: സജിത്ത് കെ പൊന്നമ്പുറത്ത്

ഒരേയൊരു ക്യാപ്റ്റന്‍

captain

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വില്ലന്‍ സങ്കല്‍പ്പത്തിനു പുതിയ ഭാവം പകര്‍ന്ന ക്യാപ്റ്റന്‍ രാജു,ബോളിവുഡിനുള്ള ദക്ഷിണേന്ത്യന്‍ സിനിമയുടെ മറുപടിയായിരുന്നു.തടിച്ചുരുണ്ട് കൊഴുത്ത വില്ലന്മാരെ കണ്ട മലയാളം, തമിഴ,് തെലുങ്ക്, കന്നട സിനിമയില്‍ ഒരു ഹിന്ദി നടന്റെ ആകാരത്തോടെ കടന്നുവന്ന ക്യാപറ്റന്‍ രാജു പെെട്ടന്ന് തന്നെ തരംഗമായി.ബോളിവുഡും ഈ നടനെ സ്വീകരിച്ചു.പ്രേംനസീര്‍,മധു എന്നിവര്‍ അഭിനയിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായ രക്തമാണ് ക്യാപ്റ്റന്‍ രാജുവിന്റെ ആദ്യ സിനിമ.21-ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന രാജു അവിടെ നിന്ന് വിരമിച്ച് കലാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.ആറടിയിലേറെ പൊക്കവും ഉറച്ച ശരീരവുമുള്ള ക്യാപറ്റന്‍ രാജു പിന്നീടങ്ങോട്ട് മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു.സൂപ്പര്‍ താരങ്ങള്‍ക്ക് ക്യാപ്റ്റന്‍ തന്നെ വില്ലനാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന കാലമുണ്ടായിരുന്നു.
എണ്‍പതുകളും തൊണ്ണൂറുകളും ഈ നടന്റെ സുവര്‍ണ്ണ കാലമായിരുന്നു.മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും,സുരേഷ് ഗോപിയുടെയുമെല്ലാം വില്ലനായി തകര്‍ത്ത രാജുവിനെ തമിഴും തെലുങ്കും കൈനീട്ടി സ്വീകരിച്ചു.അക്കാലത്ത് വന്‍ തുക പ്രതിഫലം നല്‍കിയാണ് അവര്‍ ക്യാപ്റ്റന്‍ രാജുവിനെ തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചത്.മലയാളത്തിലെ തിരക്കുകള്‍ പറഞ്ഞൊഴിഞ്ഞുമാറിയ ക്യാപ്റ്റന് അവര്‍ മുന്നോട്ട് വെച്ച പ്രതിഫലം അക്കാലത്ത് തെന്നിന്ത്യയിലെ പല സൂപ്പര്‍ താരങ്ങളും വാങ്ങുന്നതിനേക്കാള്‍ കൂടുതലായിരുന്നു.വില്ലന്‍ വേഷങ്ങളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കും തുടര്‍ന്ന് ഹാസ്യ വേഷങ്ങളിലേക്കും മാറുന്ന ക്യാപറ്റനെ പിന്നീട് പ്രേക്ഷകര്‍ കണ്ടു.ഏതു വേഷങ്ങളും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.ഇതില്‍ എടുത്ത് പറയേണ്ടതാണ് സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ്.ദാസനെയും വിജയനെയും വക വരുത്താന്‍ അനന്തന്‍ നമ്പ്യാര്‍ ഏര്‍പ്പാടാക്കിയ പവനായി എന്ന വാടക ഗുണ്ട ക്യാപറ്റന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.പ്രേക്ഷകരെ ഭയപ്പെടുത്തിയും വെറുപ്പിച്ചും കഴിഞ്ഞ ഒരു നടന്‍ അവരെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ചപ്പോള്‍ അത് ക്യാപ്റ്റന്‍ രാജു എന്ന നടന്റെ പ്രതിഭ’യുടെ അളവുകോലായിരുന്നു.
ഈ സിനിമയിലെ പവനായിയുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ പിന്നീട് മലയാളികളുടെ നിത്യ സംഭാഷണങ്ങളിലെ വാചക കസര്‍ത്തുകളില്‍ ഇടം പിടിച്ചു.സി.ഐ.ഡി മൂസയിലും ഇതിനോട് സാമ്യമായ ഒരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.ദിലീപിന്റെ അമ്മാവനായി വരുന്ന പ്രൈവറ്റ് ഡിക്റ്ററ്റീവ് പ്രേക്ഷകരെ രസിപ്പിച്ചു.ആവനാഴിയിലെ സത്യരാജിനെ പോലെ ഓഗസ്റ്റ് ഒന്നിലെ അജ്ഞാതനെ പോലെ പ്രേക്ഷകരെ വിറപ്പിച്ച നടനാണ് പിന്നീട് അവരെ പൊട്ടിച്ചിരിപ്പിച്ചതെന്നോര്‍ക്കണം.അന്ന് അധികം ശ്രദ്ധിക്കപ്പെടാത്ത വിക്രമിനെ( ഇപ്പോഴത്തെ സൂപ്പര്‍ താരം) നായകനാക്കാന്‍ തന്റെ കന്നി സംവിധാന സംരംഭമായ ഇതാ ഒരു സ്‌നേഹഗാഥയില്‍ അദ്ദേഹം ധൈര്യം കാട്ടി.
വിക്രമിന്റെ കഴിവില്‍ ക്യാപ്റ്റന് അന്നേ നല്ല വിശ്വാസമുണ്ടായിരുന്നു.ആദ്യ കാലങ്ങളില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ക്യാപ്റ്റനെ സംവിധായകര്‍ അനുവദിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ ശബ്ദം സ്ഫുടതയില്ലെന്നും പ്രേക്ഷകര്‍ക്ക് മനസ്സിലാകില്ലെന്നും പറഞ്ഞാണ് അവര്‍ അങ്ങിനെ ചെയ്തത്.എന്നാല്‍ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്തും അദ്ദേഹം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി.
തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു.തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ ഈ മുന്‍ സൈനികന് കഴിഞ്ഞു.പട്ടാള ജീവിതത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും നിത്യ ജീവിതത്തില്‍ പാലിക്കാന്‍ ക്യാപ്റ്റന്‍ ശ്രദ്ധിച്ചിരുന്നു.

അര്‍ജന്റീനയ്ക്കു ഇന്നു നിര്‍ണ്ണായകം തന്ത്രങ്ങള്‍ പൊളിച്ചെഴുതി, വിജയ സമവാക്യം തേടി സംപോളി

Sampaoli&messi

ക്രൊയേഷ്യക്കെതിരെ നടക്കുന്ന മത്സരത്തില്‍ വേഗമാര്‍ന്ന നീക്കങ്ങള്‍ അര്‍ജന്റീനയുടെ തുറുപ്പു ചീട്ടാകും

രണ്ടാം മത്സരത്തിനിറങ്ങുന്ന ലയണല്‍ മെസിക്കും സംഘത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇന്നു ക്രൊയേഷ്യയോടു ജീവന്‍ മരണ പോരാട്ടമാണവര്‍ക്ക്. ജയിക്കാനായില്ലെങ്കില്‍ നില പരുങ്ങലിലാകും. ഗ്രൂപ്പ് ഡിയിലെ ആദ്യ മാച്ചില്‍ ഐസ്‌ലാന്റിനോടേറ്റ സമനിലക്കുരുക്ക് ഏല്‍പ്പിച്ച ആഘാതം ലാറ്റിനമേരിക്കന്‍ കരുത്തരെ വിട്ടൊഴിഞ്ഞിട്ടില്ല. ഇനിയുമൊരു പ്രഹരം താങ്ങാനാകില്ല മെസിക്കും കൂട്ടര്‍ക്കും. കോച്ച് ഹൊര്‍ഗെ സംപോളി പതിനെട്ടടവുകളും രാകി മൂര്‍ച്ച കൂട്ടുകയാണ്. അണിയറയില്‍ കളിയാശാന്‍ കൂട്ടിയും കിഴിച്ചും വിജയസമവാക്യം കണ്ടെത്താന്‍ തലപുകയ്ക്കുമ്പോള്‍ കഠിനമായ പരിശീലനത്തിലാണ് താരങ്ങള്‍. ക്രൊയേഷ്യക്കെതിരെ ആദ്യ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസ് ലാന്റിനെതിരെ പ്രതിരോധനിരയില്‍ നാല്‌പേരെ നിയോഗിച്ചിരുന്നെങ്കില്‍ ഇന്ന് മൂന്നു പേരായി ചുരുക്കിയേക്കും. ഗബ്രിയേല്‍ മെര്‍ക്കാഡോ, നിക്കോളസ് ഒട്ടാമന്‍ഡി, ടാഗിഫികോ എന്നിവരാകും ഡിഫന്‍ഡര്‍മാര്‍. മിഡ്ഫീല്‍ഡിലാകും സംപോളിയുടെ വിപ്ലവകരമായ മാറ്റം. ഐസ്‌ലാന്റിനെതിരെ മങ്ങിപ്പോയ ഏയ്ഞ്ചല്‍ ഡിമരിയ, ലൂക്കോസ് ബിഗില എന്നിവരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ബിഗിലയ്ക്കു പകരം ഇടതുവിംഗില്‍ മാര്‍ക്കോസ് അക്യൂനയെ ഇറക്കിയേയ്ക്കും. ക്രിസ്റ്റ്യന്‍ പാവോണിനെ ഡിമരിയയുടെ പൊസിഷനിലേക്കു കൊണ്ടുവരാന്‍ സാധ്യതയുണ്ട്. മഷറാനോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ഉണ്ടാകും. ശ്രദ്ധേയമായ ഒരു മാറ്റത്തിനിടയുള്ളത് ഡിഫന്‍ഡറായ മാര്‍ക്കോസ് റോജയെ മധ്യനിരയിലേക്കു കൊണ്ടുവരികയെന്നതാണ്. സംപോളി അതിനു തയ്യാറാകുമോ എന്നു കണ്ടറിയാം.എഡ്യുര്‍ഡോ സാല്‍വിയോ വിംഗ് ബാക്ക് സ്ഥാനത്തുണ്ടാകും.മെസിക്കൊപ്പം,മുന്നേറ്റ നിരയുടെ കടിഞ്ഞാണ്‍ അഗ്യൂറയ്ക്കും ഹിഗ്വെയ്‌നും ഡാമ്പാലയ്ക്കുമായിരിക്കും. മെസിയെ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാന്‍ നോട്ടമിടുമെന്നുറപ്പാണ്. അപ്പോ ള്‍ അഗ്യൂറയും ഹിഗ്വെയ്‌നു സ്വതന്ത്രമായി കളിക്കാനുള്ള അവസരം വന്നു ചേരും. ഫിനിഷിംഗിലെ പോരായ്മകള്‍ തീര്‍ത്തു എതിര്‍ഗോള്‍വല ചലിപ്പിക്കാനുള്ള കഠിന പരിശീലനത്തിലാണ് അഗ്യൂറയും ഹിഗ്വെയ്‌നും. കൂടുതല്‍ ഒത്തിണക്കത്തോടെ വേഗതയില്‍ കളിക്കാനാകും അര്‍ജന്റീന ഇന്നു ശ്രമിക്കുക. മിന്നല്‍ പിണരുകള്‍ പോലെയുള്ള നീക്കങ്ങളാണ് സംപോളി ലക്ഷ്യമിടുന്നത്. ഇതിനായാണ് ടീമിലെ ഏറ്റവും വേഗക്കാരനായ പാവോണിനെ ഇറക്കുന്നത്. ഐസ് ലാന്റിനെതിരെ കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളിക്കുക, സാവധാനത്തില്‍ ആക്രമണങ്ങള്‍ രൂപപ്പെടുത്തുകയെന്നതായിരുന്നു അര്‍ജ ന്റീനയുടെ തന്ത്രം.എന്നാ ല്‍ ഇന്ന് തന്ത്രങ്ങളെല്ലാം സംപോളി പൊളിച്ചെഴുതും. എതിര്‍ ഗോള്‍ മുഖത്തു നിരന്തരം ആഞ്ഞടിക്കുന്ന തിരമാല കണക്കെയുള്ള ആക്രമണങ്ങളാകും കോച്ച് ലക്ഷ്യമിടുന്നത്. മെഷറാനോ പ്ലേ മേക്കറുടെ റോളിലേക്കു മാറും. മെസിയെ എതിരാളികള്‍ പൂട്ടിയാലും അഗ്യൂറോയും ഹിഗ്വെയ്‌നും പാവോണും ഇന്നു തുറുപ്പ് ചീട്ടുകളാകും. ഇവരിലാരെങ്കിലും ഒരാള്‍ ക്രൊയേഷ്യന്‍ മതില്‍ പൊളിക്കും. ഇനി അതു ഒരുപക്ഷേ സാക്ഷാല്‍ മെസി തന്നെയാകും. എതിരാളികളെ ആശയകുഴപ്പത്തിലാക്കുന്ന തന്ത്രങ്ങളുമായി സംപോളിയും മെസിയും ജീവന്‍മരണ പോരാട്ടത്തിനിറങ്ങുകയാണ്. അതേ സമയം ക്രൊയേഷ്യ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. ആദ്യ കളിയില്‍ നൈജീരിയയെ തോല്‍പ്പിച്ചത് അവരുടെ പോരാട്ടവീര്യം മൂര്‍ദ്ധന്യത്തിലെത്തിച്ചിരിക്കയാണ്. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷിക്കാന്‍ അവര്‍ ഇന്നു തോല്‍ക്കാതിരിക്കണം. ബാഴ്‌സലോണയില്‍ മെസിയുടെ കൂട്ടുകാരനായ ഇവാന്‍ റാക്കിട്ടിച്ചാണ് ക്രൊയേഷ്യയുടെ സൂപ്പര്‍ താരം. റയല്‍ മാഡ്രിഡില്‍ കളിക്കുന്ന ലൂക്ക മോഡ്രിച്ച്, മരിയോ മാന്‍ സൂക്കിച്ച്, ഇവാന്‍ പെരിസച്ച്, മാറ്റിയോ കൊവാസിച്ച്, പ്രഗത്ഭരുടെ പടതന്നെ ക്രൊയേഷ്യന്‍ ടീമിലുണ്ട്. കോച്ച് സ്ലാട്ട്‌കോ ദാലിച്ച് പവര്‍ഗെയിമിന്റെ ആശാനുമാണ്. ഇന്നു പൊരിഞ്ഞ പോരാട്ടം തന്നെയാകുംണ

എവിടെ ആ യുവരാജ്?

yuvaraj

ഐ പി എല്ലില്‍ നിരാശപ്പെടുത്തി യുവരാജ് സിംഗ്

ആ പഴയ യുവരാജ് എവിടെ? ബൗളര്‍മാരെ വേലിക്കപ്പുറത്തേക്കു നിലംതൊടാതെ പറത്തുന്ന മാസ്‌ററര്‍ ബ്ലാസ്റ്റര്‍. ക്രീസില്‍ സംഹാര താണ്ഡവമാടുന്ന ഇടംകൈയ്യന്‍? ഫീല്‍ഡില്‍ പറക്കുന്ന ‘ഇന്ത്യന്‍ ജോണ്ടി റോഡ്‌സ്’. യുവരാജ് സിംഗിന്റെ മാന്ത്രികത നഷ്ടപ്പെട്ടിരിക്കുന്നു എന്നു ആരാധകര്‍ ഖേദത്തോടെ തിരിച്ചറിയുന്നു. ഈ ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ യുവരാജ് എട്ട് മത്സരങ്ങളിലാണിറങ്ങിയത്. നേടിയതാകട്ടെ മൊത്തം 65 റണ്‍സ്! ഉയര്‍ന്ന സ്‌കോര്‍ 20.സ്‌ട്രൈക് റേറ്റ് 91.42 മാത്രം. ഐ.പി.എല്‍ ചരിത്രത്തിലെ എക്കാലത്തെയും ഫേവറിറ്റായ താരം തീര്‍ത്തും മങ്ങിപ്പോയി! അദ്ദേഹത്തെ തുടര്‍ന്നുള്ള കളികളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായി.പക്ഷേ പകരം വന്ന മനോജ് തിവാരിയും മായങ്ക് അഗര്‍വാളുമൊന്നും ഫോമിലേക്കുയര്‍ന്നില്ല എന്നത് മറ്റൊരു കാര്യം.ഇന്നലെ മുംബൈക്കെതിരെ കിട്ടിയ അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല.ഒരു റണ്‍സ് എടുത്ത് പുറത്തായി. യുവരാജിനെക്കുറിച്ച് ത്രസിപ്പിക്കുന്ന ഓര്‍മ്മകളാണ് ആരാധകരുടെ മനസ്സുനിറയെ. ട്വന്റി-20 ലോകകപ്പില്‍ ലോകോത്തര ഫാസ്റ്റ് ബൗളര്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറു പന്തും സിക്‌സറടിച്ച് ആഘോഷമാക്കിയ ബാറ്റ്‌സ്മാന്‍. 2011 ലോകകപ്പ് ഇന്ത്യയ്ക്കു നേടിത്തരാന്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ദ്രജാലം കാട്ടിയ താരം. സ്‌ക്വയര്‍ ലഗിലും കവര്‍പോയിന്റിലും മിന്നല്‍ നീക്കവുമായി ബാറ്റ്‌സ്മാന്റെ പേടിസ്വപ്നമായ ഫീല്‍ഡര്‍. യുവരാജ് എന്നും ഒരു പോരാളിയായിരുന്നു. 2012 ല്‍ കാന്‍സര്‍ എന്ന മഹാരോഗം ആക്രമിച്ചിട്ടും കീഴടങ്ങാതെ ചെറുത്തു തോല്‍പിച്ച് വീണ്ടും ഇന്ത്യയ്ക്കു വേണ്ടി കളിച്ച യുവി ഒരു പ്രചോദനമാണ്. 2017 ലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ഹാര്‍ദിക് പാണ്ഡ്യയെ പോലുള്ള താരങ്ങളുടെ വരവ് ടീമിലെ സ്ഥാനം തെറിപ്പിച്ചു. ഇക്കുറിയത്തെ ഐ പി.എല്ലില്‍ യുവരാജ് കസറുമെന്നു ആഗ്രഹിച്ചവര്‍ക്കു പക്ഷേ നിരാശയായിരുന്നു ഫലം.കുറേക്കാലമായി ഫോം നഷ്ടപ്പെട്ട് ഉഴലുന്ന യുവിയെ ഇക്കുറി ഐ.പി.എല്‍ ടീമുകള്‍ ലേലത്തില്‍ കാര്യമായി ഗൗനിച്ചിരുന്നില്ല എന്നതാണ് സത്യം. അടിസ്ഥാനവിലയായ രണ്ടുകോടിക്കു പഞ്ചാബാണ് ടീമിലെടുത്തത്. അതും കോച്ച് വിരേന്ദര്‍ സെവാഗിന്റെ താല്‍പ്പര്യത്തിന്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 16 കോടിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 14 കോടിക്കും കരസ്ഥമാക്കിയ താരമാണ് എന്നോര്‍ക്കണം.ഈ ഐ.പി.എല്‍ സീസണ്‍ തുടങ്ങുന്നതിനു മുമ്പ് തന്റെ ഫോമില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്കു മറുപടിയായി യുവരാജ് പറഞ്ഞത് താന്‍ ഇനിയും രണ്ടോ മൂന്നോ ഐ.പി.എല്‍ സീസണ്‍ കളിക്കുമെന്നാണ്. കളി നിര്‍ത്തേണ്ട സമയമായില്ലെന്നും ഈ മുപ്പത്തിയേഴുകാരന്‍ പറഞ്ഞിരുന്നു. പക്ഷേ യുവിയുടെ പ്രതീക്ഷകള്‍ തെറ്റി. ഗ്രൗണ്ടിനു പുറത്തേക്കു പന്തുകള്‍ നിഷ്പ്രയാസം പറത്താറുള്ള ഈ താരം റണ്‍സെടുക്കാന്‍ വല്ലാതെ വിയര്‍ക്കുന്നതു കണ്ടപ്പോള്‍ ആരാധകര്‍ക്കു ദു:ഖം തോന്നിക്കാണും. എങ്കിലും യുവരാജ് ഒരു പോരാളിയാണ്. എപ്പോള്‍ വേണമെങ്കിലും വിസ്‌ഫോടനം സൃഷ്ടിക്കാന്‍ കഴിയുന്നവന്‍. പ്രതിസന്ധികളെ നേരിടാന്‍ അസാമാന്യ കരുത്തുള്ളവന്‍;കളിയിലും ജീവിതത്തിലും.

കുഞ്ഞാലി മരക്കാരായി സൂപ്പര്‍ താരങ്ങള്‍;എന്തു സംഭവിക്കും?

kunjali marakkar

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ കുഞ്ഞാലിമരക്കാരായി അഭിനയിക്കുന്നുവെന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകര്‍. സാമൂതിരി രാജവംശത്തിന്റെ നാവിക പടത്തലവന്മാര്‍ക്കു നല്‍കിയ സ്ഥാനപേരാണ് കുഞ്ഞാലിമരക്കാര്‍ എന്നത്. കുഞ്ഞാലി ഒന്നു മുതല്‍ നാലുവരെയുള്ളവരാണ് ചരിത്രത്തിലിടം നേടിയത്. കടല്‍ യുദ്ധത്തില്‍ അസാമാന്യ വൈദഗ്ധ്യം നേടിയ ധീരരായിരുന്നു കുഞ്ഞാലിമാര്‍. ഇവരില്‍ ഏറെ പ്രശസ്തന്‍ കുഞ്ഞാലി നാലാമനായ മുഹമ്മദലിയാണ്. യാദൃച്ഛികമെന്നു പറയാം ,മമ്മൂട്ടിയും മോഹന്‍ലാലും വേഷമിടുന്നത് മുഹമ്മദലിയെന്ന കുഞ്ഞാലിമരക്കാര്‍ നാലാമനായാണ്. മമ്മൂട്ടി ചിത്രം സന്തോഷ് ശിവനും ലാല്‍ ചിത്രം പ്രിയദര്‍ശനും സംവിധാനം ചെയ്യുന്നു. കുഞ്ഞാലിമരക്കാര്‍ സിനിമയാക്കുന്നുവെന്നു ഔദ്യോഗികമായി ആദ്യം പ്രഖ്യാപിച്ചത് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷാജി നടേശന്റെ ആഗസ്റ്റ് സിനിമയാണ്. ഇതേ സമയത്തു തന്നെ മോഹന്‍ ലാല്‍ കുഞ്ഞാലിമരക്കാരാകുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായി. ഇല്ലെന്നും പിന്നീട് അഭ്യൂഹമുണ്ടായി. എന്നാല്‍ ഇക്കഴിഞ്ഞ 28ന് സിനിമ പ്രേമികളെ ഒരേ സമയം ആവേശത്തിലാക്കിയും അമ്പരപ്പിച്ചും മോഹന്‍ ലാലിന്റെ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപനം വന്നു. ആ ദിവസം തന്നെ ചിത്രത്തിന്റെ ടൈറ്റിലും അണിയറക്കാര്‍ പുറത്തു വിട്ടു.- മരക്കാര്‍ അറബിക്കടലിന്റെ സിംഹം -മോഹന്‍ലാല്‍ ട്വിറ്ററിലൂടെ ഇത് സ്ഥിരീകരിച്ചു.ആശിര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ പ്രധാന നിര്‍മ്മാതാവാകുന്ന സിനിമ നൂറുകോടി ബജറ്റിലുള്ളതാകുമെന്നും മലയാളത്തിലെ ഏറ്റവും ചെലവേറിയതാകുമെന്നും വിശദീകരണമുണ്ടായി. ഇതോടെ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷാജി നടേശനും തന്റെ സിനിമ ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതോടെ ഇരു ക്യാമ്പും വിട്ടൂവീഴ്ചയ്ക്കല്ലെന്നു ബോധ്യമായി എന്തുകൊണ്ട് ഒരേ വിഷയത്തില്‍ രണ്ടു സിനിമ? അതും സൂപ്പര്‍ താരങ്ങള്‍. നേരത്തെ കര്‍ണ്ണന്‍ എന്ന സിനിമയ്ക്കും ഇങ്ങനെ സംഭവിച്ചിരുന്നു. സിനിമാ ഫീല്‍ഡില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ കുഞ്ഞാലിമരക്കാര്‍ ആദ്യം സിനിമയാക്കാന്‍ തീരുമാനിച്ചത് പ്രിയദര്‍ശനാണത്രെ. വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹത്തിന്റെ മനസ്സില്‍ ഇതുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. ഈയടുത്ത കാലത്താണ് ഷാജി നടേശന്‍ മമ്മൂട്ടി കുഞാലിമരക്കാരാകുമെന്നു പ്രഖ്യാപിച്ചത്. ഇതോടെ പ്രിയദര്‍ശന്‍ തന്റെ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുന്നത്രേ. എന്നാല്‍ എട്ടുമാസത്തിനുള്ളില്‍ ആഗസ്റ്റ് സിനിമയുടെ ചിത്രം ഷൂട്ടിംഗ് തുടങ്ങിയില്ലെങ്കില്‍ താന്‍ കുഞ്ഞാലിമരക്കാര്‍ സിനിമയാക്കുന്നതു വീണ്ടും പരിഗണിക്കുമെന്നായിരുന്നത്രേ പ്രിയന്റെ നിലപാട്.ഇക്കാലമത്രയും മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിഞ്ഞില്ല. ബജറ്റായിരുന്നു മുഖ്യപ്രശ്‌നം. ഇതേ തുടര്‍ന്നാണ് പ്രിയന്‍ -മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലിമരക്കാര്‍ പ്രഖ്യാപിച്ചത്. ഏതായാലും സിനിമാപ്രേക്ഷകര്‍ പ്രത്യേകിച്ചും സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകാര്‍ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. കുഞ്ഞാലിമരക്കാരായി തകര്‍ക്കുക മമ്മൂക്കയോ, ലാലേട്ടനോ എന്നു തുടങ്ങിയുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. പറങ്കികള്‍ക്കെതിരെ പടപൊരുതിയ കുഞ്ഞാലിമരക്കാര്‍ നാലാമന്റെ ഐതിഹാസിക ജീവിതം ആരാകും അഭ്രപാളികളില്‍ നിറഞ്ഞാടുക? ഇനി ഒരു പക്ഷെ ഏതെങ്കിലും ഒരു സൂപ്പര്‍താരം പിന്‍മാറുമോ?കാത്തിരിക്കാം. അതേസമയം ഇതിനു മറ്റൊരു വശവുമുണ്ട്. ഒരേ കഥ, അതും ചരിത്രപുരുഷന്റെ ജീവിതം ഒരേ സമയം രണ്ടു സൂപ്പര്‍സ്റ്റാറുകളെ വച്ച് സിനിമയാക്കുന്നത് മലയാള സിനിമയ്ക്ക് ഗുണം ചെയ്യുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. വന്‍മുതല്‍ മുടക്കില്‍ ബ്രഹ്മാണ്ഡ ചിത്രമായാണ് ഈ സിനിമകള്‍ വരുന്നത്. ഇതു രണ്ടു ചിത്രങ്ങളുടെയും കലക്ഷനെ ബാധിക്കാനിടയുണ്ട്.ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ വിപണന സാധ്യത മലയാള സിനിമയ്ക്കില്ല. ഇത്രയും കാലമായിട്ട് ഒരു സിനിമ മാത്രമാണ് ഇവിടെ 100 കോടി കലക്ടു ചെയ്തത്. ഒരേ സബ്ജക്ടില്‍ രണ്ട് സിനിമകള്‍ മാര്‍ക്കറ്റിംഗ് ബുദ്ധിയില്‍ നോക്കിയാല്‍ അത്ര നല്ലതല്ല.

തമിഴ് രാഷ്ട്രീയത്തില്‍ ഇനി കമല്‍-രജനി പോരാട്ടം

kamal haasan & rajinikanth

പ്രായോഗിക രാഷ്ട്രീയം പയറ്റി രണ്ടു സൂപ്പര്‍ താരങ്ങള്‍

കമലഹാസന്‍ പ്രായോഗിക രാഷ്ട്രീയം ഉള്‍ക്കൊണ്ടിരിക്കുന്നു.കാര്യങ്ങളെ അനുകൂലമാക്കിയെടുക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന ബാലപാഠം എങ്കില്‍ കമല്‍ ആ പാഠം ഉള്‍ക്കൊണ്ടിരിക്കുന്നു അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രജനീകാന്തിനെതിരെ അദ്ദേഹത്തിന്റെ ഒളിയമ്പ്.മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് കാവേരി പ്രശ്‌നത്തില്‍ മാത്രമല്ല മറ്റു പല വിഷയങ്ങളിലും രജനി മൗനം പാലിക്കാറുണ്ട് എന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്.കുശാഗ്രബുദ്ധിയായ രാഷ്ട്രീയ നേതാവിലേക്കുള്ള പരിവര്‍ത്തനമായി കമലിന്റെ ഈയൊരു പരാമര്‍ശത്തെ കാണുന്നതില്‍ തെറ്റില്ല. തനിക്ക് ഇനി ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക രജനികാന്തും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്ന് മക്കള്‍ നീതി മയ്യം നേതാവായ കമല്‍ തിരിച്ചറിഞ്ഞിരിക്കുന്നു.രജനി ഇതുവരെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂ.രാഷ്ട്രീയമായി അദ്ദേഹവും കാര്യങ്ങള്‍ ഏറെ മുന്നോട്ട് നീക്കിയിട്ടുണ്ട്.തുടക്കത്തിലേ രജനിക്ക് ഒരടി നല്‍കാന്‍ തന്നെയാണ് കമല്‍ഹാസന്റെ ഉദ്ദേശ്യം.തമിഴ് മക്കളുടെ ഉള്‍ത്തുടിപ്പാണ് രജനികാന്ത്.അത് മറ്റാരേക്കാളും നന്നായി ഉലകനായകന് അറിയാം.തന്നെക്കാള്‍ ജനസ്വാധീനം രജനിക്കാണെന്നും കമല്‍ മനസ്സിലാക്കിയ കാര്യമാണ്.ഈ പശ്ചാത്തലത്തില്‍ കാവേരി വിഷയത്തില്‍ മാത്രമല്ല മറ്റു പല വിഷയങ്ങളിലും രജനി മൗനം പാലിക്കുന്നു എന്ന പ്രസ്താവന കൊണ്ട് കമല്‍ ഉദ്ദേശിച്ചത് രജനികാന്തിന്റെ അസ്തിത്വം തന്നെ. ജന്മം കൊണ്ട് കര്‍ണ്ണാടകക്കാരനാണ് രജനികാന്ത്.കാവേരി നദീജലപ്രശ്‌നം തമിഴ്‌നാടും കര്‍ണ്ണാടകവുമായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്.കാവേരിയെ പരാമര്‍ശിച്ച് രജനികാന്തിന്റെ മൗനം മറ്റു പല വിഷയങ്ങളിലേക്കും കൂട്ടിയിണക്കുന്ന കമലിന്റെ രാഷ്ട്രീയ ബുദ്ധി പ്രായോഗികതയുടേയാണ്.പ്രാദേശിക വികാരം മറ്റെന്തിനേക്കാളും തമിഴ് മക്കളെ സ്വാധീനിച്ചേക്കാം.രജനികാന്ത് ഇപ്പോള്‍ ഹിമാലയ തീര്‍ത്ഥാടനത്തിലാണ്.അത് കഴിഞ്ഞ് വന്നാല്‍ അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം.തുടക്കത്തില്‍ തന്നെ ഒരടി കൊടുക്കുക എന്നതാണോ കമല്‍ ഉദ്ദേശിച്ചത്.രജനികാന്തും കമലഹാസനും തമിഴ് ജനതയുടെ അഭിമാനതാരങ്ങളാണ്.ഇവരുടെ സിനിമകളോട് മാത്രമല്ല ഈ താരങ്ങളോടും തമിഴകം ഏറെ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു.എം.ജി.ആര്‍ കഴിഞ്ഞാല്‍ ഇത്രയധികം ജനസ്വാധീനമുള്ള നടന്‍മാര്‍ ഇവരെപോലെ മറ്റാരുമില്ല. രണ്ടുപേരും ഏതാണ്ട് ഒരേ സമയത്ത് തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്നതും തികച്ചും യാദൃശ്ചികമായിരിക്കും.ഇനി ഇവര്‍ തമ്മിലുള്ള മത്സരമാകുമോ തമിഴ്‌നാട്ടില്‍ ? എം.ജി.ആറും കരുണാനിധിയും പോലെ. കമല്‍ഹാസന്റെ രാഷ്ട്രീയം ഇടത് പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.രജനിയുടേതാകട്ടെ ആത്മീയ രാഷ്ട്രീയവും. അഴിമതി വിമുക്തമായ തമിഴ്‌നാടാണ് ഇരുവരുടേയും ലക്ഷ്യം.രണ്ടു സൂപ്പര്‍ താരങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലെ ചില സാദൃശ്യങ്ങള്‍ ഇരുവരെയും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കും എന്ന ധാരണയുണ്ടാക്കിയിരുന്നെങ്കിലും കമല്‍ഹാസന്‍ ആദ്യ ഒളിയമ്പ് എയ്തു കഴിഞ്ഞു.രജനിയുടെ പ്രതിരോധം എങ്ങനെയാകും? എന്നാല്‍ രജനിയും പ്രായോഗികതയില്‍ ഒട്ടും പിന്നിലല്ല .എം.ജി.ആറിനെ പോലെ തമിഴ് നാട് ഭരിക്കും എന്ന് അദ്ദേഹം മുമ്പ് പറഞ്ഞു വെച്ചിട്ടുണ്ട്.എം.ജി.രാമചന്ദ്രന്‍ ജന്മം കൊണ്ട് തമിഴ് നാട്ടുകാരനല്ല,പാലക്കാട്ടുകാരനായ മലയാളിയാണ്.രജനിയുടെ ഈ പ്രസ്താവന തന്നെയാണോ കാവേരി പ്രശ്‌നം ഉയര്‍ത്തിക്കാട്ടി മറ്റ് പ്രശ്‌നങ്ങളിലെ രജനിയുടെ മൗനത്തെ വിമര്‍ശിക്കാന്‍ കമലിനുപ്രേരണയായത്.

ഒടിയന്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് വരുമ്പോള്‍ സംഭവിക്കുന്നതെന്ത്?

Odiyan

സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഇഴപിണഞ്ഞു കിടക്കുന്ന
നിഗൂഢ കഥാപാത്രം വിസ്മയമാകുമോ ?

എന്തു വിസ്മയമാണ് മോഹന്‍ലാലും വി.എ.ശ്രീകുമാര്‍ മേനോനും ഒടിയനില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവുക.പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാനെന്തൊക്കെ രസക്കൂട്ടുകളാണ് ഇവര്‍ ചേരും പടി ചേര്‍ത്തിയിട്ടുണ്ടാവുക.സിനിമാ ലോകം ആകാംക്ഷയിലാണ്.അതോടൊപ്പം ആവേശത്തിലും.മലയാള സിനിമ ഇന്നേ വരെ കണ്ടതില്‍ ഏറ്റവും ചെലവ് കൂടിയ ചിത്രമാകും ഒടിയന്‍ എന്നതുമാത്രമല്ല ഇതിനു കാരണം.ചരിത്രവും ഐതിഹ്യവും ഇഴ ചേര്‍ത്തു നിഗൂഢമായ ഒരു തലം ഒടിയന്‍ എന്ന സങ്കല്‍പ്പത്തിനുണ്ട്.നിമിഷാര്‍ദ്ധം കൊണ്ട് കാളയായും നരിയായും മാറാന്‍ കഴിയുന്ന മനുഷ്യന്‍, മുറുക്കി ചുവപ്പിച്ച് മന്ത്രം ജപിച്ച് ഒരു കോലൊടിക്കുമ്പോള്‍ എതിരാളിയുടെ ്യുഅസ്ഥികള്‍ നുറുങ്ങുന്നു.അവര്‍ പ്രാണന്‍ പിടഞ്ഞ് മരണത്തെ പുല്‍കുന്നു.ഇരുട്ടു വീണ നാട്ടിടവഴികളില്‍ ഒടിയന്‍ ഒളിച്ചിരിപ്പുണ്ടാകും എതിരാളിയെ കാത്ത്.മുത്തശ്ശിക്കഥകളിലൂടെ പുരാവൃത്തങ്ങളിലൂടെ പറഞ്ഞു കേട്ട ഒടിയന്‍.മോഹന്‍ലാലെന്ന നടന വിസ്മയം മാണിക്യന്‍ എന്ന ഒടിയനാകുന്നത് തന്നെയാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. ഇത് വരെ മലയാള സിനിമ പറയാത്ത കഥയാണിത്.ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒടിയനെ ചടുലമാക്കാന്‍ പുലിമുരുകനു ശേഷം പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് കോറിയോഗ്രാഫറും രംഗത്തുവന്നതോടെ ആരാധകര്‍ ത്രില്ലിലായി.1950 മുതല്‍ 2000 വരെയുള്ള കാലഘട്ടമാണ് ഒടിയനിലെ കഥാതന്തു.അരനൂറ്റാണ്ടുകാലം പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ മോഹന്‍ലാല്‍ യുവാവായും മധ്യവയസ്‌കനായും വൃദ്ധനായും പരകായ പ്രവേശം ചെയ്യുന്നു.കൂടെ സഞ്ചരിക്കാന്‍ പ്രകാശ് രാജും മഞ്ജുവാര്യരുമുണ്ട്.താടിയും മുടിയും നീട്ടി വളര്‍ത്തി സന്യാസത്തിന്റെ ഭാവതീവ്രതയോടെയുള്ള ഗെറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ വാരാണസിയില്‍ വെച്ച് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.പിന്നീട് 18 കിലോ തൂക്കം കുറച്ച് യുവാവായ മാണിക്യനായി ലാല്‍ എത്തി.ഫ്രാന്‍സിലെ ഒരു സംഘം വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ ആഴ്ചകള്‍ നീണ്ട നിഷ്‌കര്‍ഷതയോടെയുമുള്ള പരിശീലനങ്ങള്‍ക്കും വ്യായാമമുറകള്‍ക്കും ശേഷം യൗവനയുക്തനായ മാണിക്യനിലേക്ക് താരം കൂടുമാറി.സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ലുക്ക് ഒടിയനെ വീണ്ടും പ്രതീക്ഷയുടെ വാനോളമുയര്‍ത്തി. ക്ലീന്‍ ഷേവ് ചെയ്ത് മുറുക്കി ചുവപ്പിച്ച്,കോളാമ്പിയെടുത്ത് തുപ്പി മുഖം ഉയര്‍ത്തുന്ന മാണിക്യന്‍.സംഭ്രമത്തിന്റെയും കൗതുകത്തിന്റെയും തിരികള്‍ ടീസറില്‍ തന്നെ കൊളുത്തിക്കഴിഞ്ഞു.ബിഗ്‌സ്‌ക്രീനില്‍ എന്താകും ആ മാനറിസങ്ങള്‍ നല്‍കുന്ന അനുരണനങ്ങള്‍ ! സ്‌പെഷ്യല്‍ ഗ്രാഫിക്‌സിന്റെ ധാരാളിത്തം ആവശ്യപ്പെടുന്ന സിനിമ കൂടിയാണ് ഒടിയന്‍.ഈ കാര്യം സംവിധായകന്‍ മുമ്പെ വ്യക്തമാക്കിയിട്ടുള്ളതാണ്.എങ്ങിനെയാകും ഒടിയന്റെ കഥാസഞ്ചാരം.പറഞ്ഞു കേട്ട ഒടിയന്‍ കഥകള്‍ ഭാവനാത്മകമാണ്. അന്ധവിശ്വാസ ജഡിലമായ ഈ മിത്ത് സിനിമാ രൂപമാക്കുമ്പോള്‍ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ എങ്ങിനെയാകും മാണിക്യനെ തുറന്ന് വിടുന്നത്.കാത്തിരുന്നു കാണാം. ഒടിയന്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.പാലക്കാട്ടാണ് അവസാനത്തെ ഷൊഡ്യൂള്‍.30 വയസ്സായ മാണിക്യന്‍ നിറഞ്ഞാടുകയാണ് പാലക്കാടന്‍ ഗ്രാമങ്ങളില്‍.ഒക്‌ടോബറില്‍ റിലീസിനു നിശ്ചയിച്ച ചിത്രം പക്ഷേ അതിന് മുമ്പ് തന്നെ തിയേറ്ററിലെത്തിയേക്കാം.ആശീര്‍വാദ് സിനിമാ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ പ്രതീക്ഷകളെ സഫലമാക്കുമോ ? പ്രതീക്ഷകളുടെ ഉയരത്തിലാണിപ്പോള്‍ ഒടിയന്‍.ചെറിയ പാളിച്ച ഉണ്ടായാല്‍ പോലും പ്രേക്ഷകര്‍ കൈവിടുമെന്ന ആശങ്ക ആരാധകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമുണ്ട്.വി.എ.ശ്രീകുമാര്‍മേനോന്റെ ആദ്യ സംവിധാന സംരംഭമാണിത്.നിരവധി പ്രശസ്തമായ പരസ്യചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.ഒടിയന്‍ ശ്രീകുമാര്‍ മേനോനെന്ന സംവിധായകന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരിക്കും.

കലാഭവന്‍ മണി: അണയാത്ത ജ്വാല

mani

പാതിയില്‍ നിലച്ച പാട്ടുപോലെ, പെട്ടെന്നു പെയ്‌തൊഴിഞ്ഞ മഴപോലെ.., കലാഭവന്‍ മണിയെന്ന കലാകാരന്റെ ജീവിതം നോക്കിക്കണ്ട ആര്‍ക്കും ഇങ്ങനെയാകും അനുഭവപ്പെട്ടിരിക്കുക. മണി ജീവിച്ചത് 45 വര്‍ഷം, ആ കാലയളവില്‍ തികച്ചും വ്യത്യസ്ത സാഹചര്യങ്ങളെയും അവസ്ഥകളെയും മറ്റാരെക്കാളും നന്നായറിഞ്ഞു ഈ ചാലക്കുടിക്കാരന്‍. ബാല്യകൗമാരത്തിലെ ദുരിതപെയ്ത്തില്‍ നിന്നും മണി പൊരുതിക്കയറിയത് പ്രശസ്തിയുടെയും സമ്പന്നതയുടെയും ആഘോഷപെയ്ത്തിലേക്ക്. അവിടെ നിന്നും മരണത്തിന്റെ ചിറകിലേറുമ്പോള്‍ ദുരൂഹതയുടെ വലയം ചുറ്റുമുണ്ടായിരുന്നു. 2016 മാര്‍ച്ച് അഞ്ചിന്റെ ആഷോഷ രാത്രിയില്‍ ചാലക്കുടിയിലെ മണിയുടെ പാടിയില്‍ എന്താണ് സംഭവിച്ചിരിക്കുക? അന്വേഷണവും കാലവും ഉത്തരം നല്‍കുമായിരിക്കും! കലാഭവന്‍ മണിയെന്ന നടനെ, നാടന്‍പാട്ടുകലാകാരനെ, മിമിക്രി ആര്‍ട്ടിസ്റ്റിനെ ഏതു തരത്തില്‍ അടയാളപ്പെടുത്താമെന്നു ചിന്തിക്കുന്നവര്‍ക്ക് ഒരു കാര്യം എളുപ്പത്തില്‍ പിടികിട്ടും. സാധാരണക്കാരന്റ കലാകാരനായിരുന്നു മണി. അദ്ദേഹത്തിന്റെ സിനിമയും മിമിക്രിയും നാടന്‍പാട്ടും കണ്ടുംകേട്ടും രസിച്ചത് സാധാരണക്കാരായിരുന്നു. ബുദ്ധി ജീവികളോ, ബുദ്ധി ജീവികളെന്ന പേരില്‍ നടക്കുന്ന നാട്യക്കാരോ, വ്യവസ്ഥാപിത രീതിയുടെ കുഴലൂത്തുകാരോ ആയിരുന്നില്ല. ദുരിതങ്ങളുടെ നെരിപ്പോടില്‍ സ്ഫുടം ചെയ്‌തെടുത്ത ആ കലാകാരന്‍ കരയുമ്പോഴോ ചിരിക്കുമ്പോഴോ അതില്‍ നാട്യമുണ്ടായിരുന്നില്ല. സ്റ്റേജ് ഷോകളെ ത്രസിപ്പിച്ച പെര്‍ഫോര്‍മറായിരുന്നു മണി, പലപ്പോഴും നാടന്‍ പാട്ട് ആലപിക്കുന്നതിനു മുമ്പ് കുട്ടിക്കാലത്തെ പട്ടിണിയും പരിവട്ടവും അദ്ദേഹം വിവരിക്കാറുണ്ട്. അപ്പോഴൊക്കെ ”ഇയാളെന്തിനാ എപ്പോഴും ഇതെല്ലാം വിളമ്പുന്നത്” എന്ന് ചോദിച്ചവരുണ്ടായിരുന്നു. അവര്‍ക്കായിരുന്നില്ല മണി പാടിയത്, സമാനമായ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്കും ദുരിതങ്ങളുടെ വലയത്തില്‍പെട്ട് വലയുന്നവര്‍ക്കും ആശ്വാസമായിട്ടായിരുന്നു ആ ആലാപനം. മണി കരയുമ്പോള്‍ കൂടെ കരയാനും ചിരിക്കുമ്പോള്‍ ഒപ്പം ചിരിക്കാനും പതിനായിരങ്ങളുണ്ടായിരുന്നു. ചാലക്കുടിയില്‍ ഓട്ടോയോടിച്ചും കൂലിപണിയെടുത്തും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പെടാപ്പാട് പെടുമ്പോഴും മണി ഉപാസിച്ചത് കലയെയായിരുന്നു. സ്‌കൂളില്‍ നിന്നും തുടങ്ങിയ കലാപ്രകടനങ്ങള്‍ കലാഭവനിലൂടെയും നാദിര്‍ഷയുടെ ട്രൂപ്പിലൂടെയും നാടറിഞ്ഞു. ശബ്ദാനുകരണം മാത്രമായിരുന്നില്ല മണിക്ക് മിമിക്രി ശരീരംകൊണ്ട് ആനയും വാനരനുമൊക്കെയായി കാണികളെ വിസ്മയിപ്പിച്ചു. അക്ഷരം എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിക്കൊപ്പമായിരുന്നു മണിയുടെ സിനിമയിലെ ആദ്യഷോട്ട്. തന്റെ ജീവനായ ഓട്ടോറിക്ഷയും ആ ഫ്രെയിമിലുണ്ടായിരുന്നുവെന്നത് യാദൃശ്ചികം. സല്ലാപത്തിലെ കള്ള് ചെത്തുകാരന്‍ ശ്രദ്ധേയനായതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മണി മുന്നോട്ടു നടക്കുകയായിരുന്നില്ല, അതിവേഗം ഓടുകയായിരുന്നു. മലയാളം കടന്ന്, തമിഴ് തെലുങ്കും കന്നടവും കടന്ന്… വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ച് മധുരം വിതരണം ചെയ്തു ആഘോഷമാക്കി, ഒടുവില്‍ പ്രഖ്യാപനം വന്നപ്പോള്‍ തനിക്കല്ല എന്നറിഞ്ഞ് ബോധരഹിതനായി, നിഷ്‌കളങ്കനായ ഒരു ഗ്രാമീണനായിരുന്നു സിനിമയില്‍ ഏറെ തിരക്കുള്ളപ്പോഴും ഈ താരം. വാസന്തിയിലെ മണിയുടെ അഭിനയം മിമിക്രിയാണെന്നു പരിഹസിച്ചവരുമുണ്ടായിരുന്നു, അവരോട് ”ആയിരിക്കാം” എന്ന ഒറ്റവാക്കില്‍ ആണ് മണി പ്രതികരിച്ചത്. കലാഭവന്‍ മണിയുടെ സിനിമകള്‍ അദ്ദേഹത്തിന്റെ ചുറ്റുവട്ടങ്ങളില്‍ നിന്നു അന്യമായിരുന്നില്ല. ഏതു കഥാപാത്രമായാലും തന്റേതായ ഒരു ‘ടച്ച്’ അതിലുണ്ടാകും. ഉദാഹരണത്തിന് പല കലക്ടര്‍മാരെയും നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മണി ഒരു സിനിമയില്‍ ജില്ലാ കലക്ടറായപ്പോള്‍ അതു വ്യത്യസ്ത അനുഭവമായിരുന്നു. മണി അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെ വിശകലനം ചെയ്ത് അദ്ദേഹത്തിന്റെ പ്രതിഭ അളക്കേണ്ട ആവശ്യമില്ല. നേരെ ആസ്വാദകരുടെ ഹൃദയത്തിലേക്കാണ് ഈ നടന്‍ ചേക്കേറിയത്. മിമിക്രിയും കളിച്ചു നടന്ന ചാലക്കുടിക്കാരന്‍ തെന്നിന്ത്യയിലെ വിലപ്പിടിപ്പുള്ള താരമായപ്പോയും നാട്ടുകാരെ മണി തിരിച്ചറിയുന്നുണ്ടായിരുന്നു. പഴയപോലെ തന്നെ അവരുടെ കൂടെയിരുന്നു, തമാശ പറഞ്ഞു, ഭക്ഷണം കഴിച്ചു. മണി താരമായപ്പോള്‍ ആഹ്ലാദിച്ചത് ചാലക്കുടിക്കാരായിരുന്നു. അവരെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു മണിചേട്ടന്‍, തനിക്ക് കഴിയാവുന്നതുപോലെ സഹായിച്ചു. നടനെന്നതിലുപരി നാടന്‍പാട്ടിന്റെ വീണ്ടെടുപ്പിനും ആ ഗാനശാഖയെ ജനകീയമാക്കിയതിലും കലാഭവന്‍ മണിയുടെ പങ്ക് മഹത്തരമെന്നു പറയേണ്ടി വരും. ഒരു പക്ഷെ മണിക്കുമാത്രമേ, എല്ലാവരും മറന്നുകഴിഞ്ഞ ഒരു പാട്ടുശാഖയെ ഇത്രയധികം ജനകീയമാക്കി ഉയര്‍ത്തുവാന്‍ കഴിയുമായിരുന്നുള്ളൂ. മണി വിടപറഞ്ഞിട്ട് രണ്ടുവര്‍ഷമാകുന്നു. ചിലരുടെ വിയോഗം വല്ലാത്ത നമ്മെ പിന്തുടരുന്നു. എവിടെയൊക്കെയോ അവരെ ‘മിസ്’ ചെയ്തു കൊണ്ടേയിരിക്കും. അകാലത്തില്‍ മറഞ്ഞ കലാഭവന്‍ മണിയില്‍ നിന്ന് ഇതിലേറെ കലാകേരളത്തിനു ലഭിക്കുമായിരുന്നു.

ഒടുവില്‍ ലാല്‍ ജോസ് മോഹന്‍ലാലിനൊപ്പം

laljose-mohan lal
  • സിനിമാ പ്രേമികള്‍ കാത്തിരുന്ന കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമാകുന്നു.

  • ലാല്‍ജോസിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

    ചില കൂട്ടുകെട്ടില്‍ സിനിമകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് സിനിമാ പ്രേക്ഷകര്‍ ആഗ്രഹിക്കാറുണ്ട്. പ്രതിഭകള്‍ തമ്മില്‍ ചേരുമ്പോള്‍ നല്ല സിനിമകള്‍ പിറവിയെടുക്കാറുണ്ട്. അതിനു എത്രയോ ഉദാഹരണങ്ങള്‍ നിരത്താം.എന്നാല്‍ വിധി വൈപരീത്യം കൊണ്ട് ഒന്നിക്കാന്‍ കഴിയാതെ പോയ പ്രതിഭകളുമുണ്ട്. ഇവര്‍ തമ്മിലുള്ള ഒരു സിനിമയുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
    മോഹന്‍ലാലിനെ വച്ച് ലാല്‍ ജോസ് എന്ന സംവിധായകന്‍ എന്തു കൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യം വര്‍ഷങ്ങളായി കേള്‍ക്കുന്നു. മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോബോബന്‍, ദുല്‍ഖര്‍സല്‍മാന്‍, ഫഹദ് ഫാസില്‍, ജയസൂര്യ എന്നീ സൂപ്പര്‍താരങ്ങളെ വച്ച് ചിത്രങ്ങളെടുത്തു വിജയിപ്പിച്ച ലാല്‍ജോസുമായി, മോഹന്‍ലാലിന് എന്താണ് പ്രശ്‌നം എന്നു വരെ ചലച്ചിത്രലോകം സംശയിച്ചു. അങ്ങനെ ചിന്തിച്ചു പോയവരെ കുറ്റപ്പെടുത്താനും കഴിയില്ല.കാരണം സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയില്‍ വന്ന കാലം മുതല്‍ ലാല്‍ ജോസിന് മോഹന്‍ലാലുമായി അടുപ്പമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് വിഷ്ണു ലോകം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ‘ഇവന്‍ നാളത്തെ ഭാവിവാഗ്ദാന’ മെന്നു മോഹന്‍ലാല്‍ ലാല്‍ജോസിനെ പ്രശംസിക്കുകയുമുണ്ടായി. സൂപ്പര്‍താരത്തിന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല. മറവത്തൂര്‍ കനവിലൂടെ ലാല്‍ജോസ് സ്വതന്ത്ര സംവിധായകനായി. മമ്മൂട്ടി നായകനായ ആ ചിത്രം വന്‍ വിജയമായി. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മറ്റു സൂപ്പര്‍താരങ്ങളുമായി കൈകോര്‍ത്തെങ്കിലും മോഹന്‍ലാലുമായി ഒരു സിനിമ നീണ്ടുപോയി. എന്താണതിനു കാരണമെന്നു ചോദ്യത്തിന് ലാല്‍ ജോസിന്റെ മറുപടി ഇങ്ങനെയായിരുന്നു. മോഹന്‍ലാല്‍ വളരെ റേഞ്ചുള്ള നടനാണ്. അത്തരത്തിലുള്ള നടനെ വച്ച് സിനിമയെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിഞ്ഞില്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന നടന് ഒന്നുമില്ല. പക്ഷേ സംവിധായകനെന്ന നിലയില്‍ തനിക്കാണ് നഷ്ടം. ആ നടന്റെ സിദ്ധികള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന സന്ദേഹമാണ് മോഹന്‍ലാലുമൊന്നിച്ചുള്ള സിനിമ വൈകുന്നത്. എന്നാലിപ്പോള്‍ ഈ രണ്ടു പ്രതിഭകള്‍ ഒന്നിക്കുന്ന സിനിമ യാഥാര്‍ത്ഥ്യമാകുകയാണ്. ലാല്‍ ജോസ് തന്നെയാണിതു വെളിപ്പെടുത്തിയത്. നിവിന്‍ പോളി ചിത്രം മാറ്റിവച്ചാണ് അദ്ദേഹം മോഹന്‍ലാലുമായി ഒന്നിക്കുന്നത്. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ കഥപറയുന്ന സിനിമയില്‍ കോളേജ് അധ്യാപകനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മറ്റുതാരങ്ങളെ നിശ്ചയിച്ചു വരുന്നേയുള്ളൂ.ലാല്‍ ജോസിന്റെ ചാന്തുപൊട്ട്, സ്പാനിഷ ്മസാല എന്നിവയുടെ തിരക്കഥ ബെന്നിയുടേതായിരുന്നു. ലാല്‍ ജോസിന്റെ മോഹന്‍ലാല്‍ ചിത്രത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

സ്വര്‍ണ്ണമില്ലെങ്കിലെന്ത്? മറക്കാനാകില്ല അഭിമാനം ജ്വലിപ്പിച്ച ആ പോരാട്ടം

swranmaillenkilenth

മിന്നല്‍പിണര്‍പോലെയും അഗ്നിനാളം പോലെയുമായിരുന്നു റിയോ ഒളിമ്പിക്‌സ് വനിതാവിഭാഗം ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന്റെ പ്രകടനം. ഇടയ്ക്കിടെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെ ആളിക്കത്തല്‍. പിന്നെ അഭിമാനത്തോടെ തലയുയര്‍ത്തിയുള്ള കീഴടങ്ങല്‍. ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്റെ കരോളിന മാരിന്റെ പരിചയസമ്പത്തിനുമുന്നില്‍ തോല്‍വി സമ്മതിച്ചുവെങ്കിലും പോരാട്ട വീര്യത്തിന്റെ ആവേശത്തിന്റെയും ദേശസ്‌നേഹത്തിന്റെയും സ്മാഷുകള്‍ ഓരോ ഭാരതീയന്റെയും ഹൃദയത്തിലേക്കു എയ്തുവിടുകയായിരുന്നു ഇന്ത്യയുടെ പ്രിയ പുത്രി. ആദ്യ ഗെയിം നേടിയ സിന്ധുവിന്റെ പ്രകടനം അവിസ്മരണീയമായ ഒരു പോരാട്ടത്തിന്റെ ത്രസിപ്പിക്കലായിരുന്നു. ശക്തമായ സ്മാഷുകളിലൂടെ എതിരാളിയെ ഞൊടിയിടയില്‍ അട്ടിമറിച്ച് ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധുവിന്റെ പ്രകടനം കായിക പ്രേമികളുടെ മനസ്സില്‍ ആവേശത്തിന്റെ തിരികളാണ് കത്തിച്ചത്. കരോളിന മരീനെന്ന ലോകോത്തര താരം ഈ മിന്നല്‍ പ്രകടനത്തില്‍ ഒന്നു പതറി. പക്ഷേ അന്താരാഷ്ട്രതലത്തിലെ തന്റെ മുഴുവന്‍ പരിചയസമ്പത്തും പുറത്തെടുത്ത് രണ്ടാം ഗെയിമിലും മൂന്നാം ഗെയിമിലും ഇന്ത്യയുടെ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയെ അവള്‍ അണച്ചുകളഞ്ഞു.
സാര്‍വ്വദേശീയ മത്സരങ്ങളിലെ അനുഭവങ്ങള്‍ കരോളിനെ തുണച്ചെങ്കില്‍ അതിന്റെ കുറവ് സിന്ധുവിനെ പിറകോട്ടടിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളെഎങ്ങനെ തരണം ചെയ്യണമെന്ന് സ്‌പെയിന്‍ താരത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നു. ആദ്യ ഗെയിമില്‍ നിന്നും സിന്ധുവിന്റെ ദൗര്‍ബല്യം മനസ്സിലാക്കിയെടുത്ത കരോളിന്‍ അതിലേക്കു ചാട്ടൂളികള്‍ പായിച്ചു. ഇടം കൈകൊണ്ടു കളിക്കുന്ന മരീന്‍ ഇടതു വശത്തേയ്ക്കു പായിക്കുന്ന ഷോട്ടുകള്‍ വലംകൈകൊണ്ടു കളിക്കുന്ന സിന്ധുവിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.ഇതു മനസ്സിലാക്കി നിരന്തരം ഇടതു ഭാഗത്തേയ്ക്കായിരുന്നു കരോളിന്റെ സ്മാഷും ഡ്രോപ്പും ഡ്രൈവും. ഇതിനെ ഫലപ്രദമായി കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ സിന്ധുവിനു കഴിയാതെ പോയതാണ് വിധി നിര്‍ണ്ണയിച്ചത്.ഇന്നലെ രാത്രി ഇന്ത്യയ്ക്കു വിസ്മരിക്കാന്‍ കഴിയാത്ത ഒരു പോരാട്ടമാണ് അടയാളപ്പെടുത്തി വച്ചത്. സ്വര്‍ണ്ണം നേടിയോ എന്നതല്ല പ്രസക്തമാകുന്നത്. ഒരു ഒളിമ്പിക്‌സ് ഇനത്തിന്റെ ഫൈനലില്‍ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം ജനിപ്പിച്ച ആവേശത്തിനു മുന്നില്‍ ആഞ്ഞടിക്കുന്ന തിരമാലകള്‍ പോലും ഒന്നുമല്ല.21 വയസ്സുകാരിയായ പി.വി. സിന്ധുവെന്ന ഹൈദരാബാദി പെണ്‍ കുട്ടിയോട് നമുക്കു നന്ദി പറയാം. വെളളിമെഡലില്‍ മാത്രം ഒതുങ്ങുന്നതല്ല ആ നേട്ടം.അതിനുമപ്പുറം ഒരു രാജ്യത്തിന്റെ അഭിമാനം ജ്വലിപ്പിച്ചതിനു കൂടിയാണ്.

സ്‌നേഹത്തിന്റെയും നന്മയുടെയും കഥാകാരന്‍

TA-Razak

TA-Razakവ്യത്യസ്ത പ്രമേയങ്ങളിലൂടെ ടി.എ റസാഖ് എന്ന തിരക്കഥാകാരന്‍ പറഞ്ഞുവെച്ചത് മനുഷ്യ സ്‌നേഹത്തിന്റെ കഥകളാണ്. മനസ്സുകളുടെ വാതായനങ്ങള്‍ തുറന്നിട്ട് നന്മയുടെ ലോകത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. പെരുമഴക്കാലമായാലും കാണാക്കിനാവായാലും ഗസലായാലും രാപ്പകലായാലും വേഷമായാലും ഈയെഴുത്തുകാരന്‍ പകര്‍ന്ന സന്ദേശം മനുഷ്യത്വത്തിന്റെ മഹത്വമായിരുന്നു.
സിനിമയെന്നത് എന്തും എഴുതി ആനന്ദിപ്പിച്ച് പണവും പ്രശസ്തിയും നേടാനുള്ള ഉപരിപ്ലവമായ ഒരു മാര്‍ഗ്ഗമായിരുന്നില്ല റസാഖിന്. സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഒരു തുള്ളി വെളിച്ചമെങ്കിലും കൊളുത്തുന്നതാകണം സിനിമയെന്ന് അദ്ദേഹം വിശ്വസിച്ചു. എഴുതിയ മുപ്പതോളം തിരക്കഥകളിലും സംവിധാനം ചെയ്ത ഒരു സിനിമയിലും ഈയൊരു വിശ്വാസ പ്രമാണം കാത്തു സൂക്ഷിക്കാന്‍ ഈ തിരക്കഥാകൃത്തിനു കഴിഞ്ഞു. വിനോദം മാത്രമല്ല സിനിമ, ഈ ബഹുജനമാധ്യമത്തിന് മനുഷ്യമനസ്സുകളെ സംസ്‌കരിച്ചെടുക്കാനാകുമെന്ന തികഞ്ഞ ധാരണ പുലര്‍ത്തിയിരുന്ന റസാഖിന്റെ ചിത്രങ്ങള്‍ നന്മയുടെ ലോകത്തേയ്ക്കുള്ള യാത്രകളാണ്. ആദ്യ തിരക്കഥയായ ഘോഷയാത്ര തൊട്ട് സുഖമായിരിക്കട്ടെ വരെ റസാഖ് പറഞ്ഞുകൊണ്ടിരുന്നത് സ്‌നേഹബന്ധങ്ങളെകുറിച്ചാണ്. അവിടെ മതവും ജാതിയും വര്‍ഗ്ഗവുമെല്ലാം അപ്രസക്തമാകുന്നു. ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളുടെ നിര്‍വ്വചനമാകുന്നു റസാഖ് എഴുതിയ ചിത്രങ്ങള്‍. ഈയൊരു മഹത്വത്തിന്റെ മൂര്‍ത്ത രൂപമാണ് കമലിന്റെ പെരുമഴക്കാലം. റസിയയും ഗംഗയും നെഞ്ചുരുകുന്ന വൈകാരികതയുടെ നെരിപ്പോടാണ് പ്രേക്ഷകരിലേക്ക് കോറിയിടുന്നത്. കാണാക്കിനാവെന്ന സിബിമലയില്‍ ചിത്രം മതങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്ന സ്‌നേഹബന്ധങ്ങളുടെ ദൃഢത എത്രത്തോളമുണ്ടെന്നതിന്റെ അളവുകോലാവുന്നു. വന്ന വഴി മറക്കാത്ത അപ്പുവും അച്ഛന്‍ പപ്പനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഊഷ്മളത വി.എം വിനുവിന്റെ വേഷം പുതിയൊരനുഭവമാക്കി. താന്‍ ജീവിതം കെട്ടിപ്പടുത്ത പാളയം പച്ചക്കറിമാര്‍ക്കറ്റില്‍ മകന്റെ കൈകളില്‍ കിടന്നു മരിക്കുന്ന പപ്പനെന്ന വന്‍വ്യവസായിയിലൂടെ റസാഖ് അടയാളപ്പെടുത്തിയത് ചവിട്ടി നിന്ന മണ്ണിനെ ചേര്‍ത്തുപിടിക്കുന്നവന്റെ ഗൃഹാതുരതയായിരുന്നു. രക്തബന്ധമില്ലെങ്കിലും കര്‍മ്മബന്ധത്തിലൂടെ അമ്മയാകാമെന്ന സത്യത്തിന്റെ തെളിച്ചമായിരുന്നു കമലിന്റെ രാപ്പകല്‍. മക്കളെല്ലാം സൗകര്യപൂര്‍വ്വം മറക്കുമ്പോള്‍ ആ തറവാട്ടില്‍ വളര്‍ന്ന കൃഷ്ണന്, സരസ്വതിയമ്മ മാതാവാകുന്നു. വീട്ടുമുറ്റത്തെ നന്മയുടെ പൂമരമായി അവന്‍ എന്നും എന്നോടൊപ്പമുണ്ടാകുമെന്നും ആ അമ്മ പറയുന്നു. റസാഖ് എഴുതിയ മുപ്പതോളം തിരക്കഥകളിലൂടെ സഞ്ചരിച്ചാല്‍ തിരിച്ചറിയുക മനുഷ്യബന്ധങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത ഒരെഴുത്തുകാരനെയാണ്.
എഴുത്തില്‍ ഗിമ്മിക്കുകളുടെ വഴിയേ പോയില്ല, താന്‍ കണ്ടതും അറിഞ്ഞതുമായ ജീവിതം പറയുകയായിരുന്നു മലബാറിന്റെ പ്രിയപ്പെട്ട ഈ സിനിമയെഴുത്തുകാരന്‍. അദ്ദേഹത്തിന്റെ വൈദഗ്ധ്യം സംഭാഷണ രചനയിലായിരുന്നു ഏറെ കണ്ടത്. ഏതു കഥാ സന്ദര്‍ഭമായാലും റസാഖ് എഴുതുന്ന ഡയലോഗുകള്‍ക്ക് ആര്‍ദ്രതയുണ്ടായിരുന്നു. അതൊരു നീരുറവ പോലെ മനസ്സിലേക്ക് കിനിഞ്ഞിറങ്ങും. വികാര തീക്ഷ്ണതയുടെ ആരോഹണ അവരോഹണങ്ങള്‍ ഇത്രയും ഫലപ്രദമായി വാക്കുകളിലൂടെ പ്രതിഫലിപ്പിക്കുവാന്‍ കഴിവുള്ള തിരക്കഥാകൃത്തുകള്‍ വളരെ കൂടുതലില്ല. സൗഹൃദമായിരുന്നു ഈ കലാകാരന്റെ ലോകം. സ്‌കൂള്‍ പഠന കാലത്തേ നാടകം എഴുതിയും കളിച്ചും നടന്ന കൊണ്ടോട്ടിക്കാരന്‍ റസാഖ് കലാപരമായി വളര്‍ന്നത് കോഴിക്കോട്ടായിരുന്നു. ഈ നഗരത്തിന്റെ തുടിപ്പുകളിലാണ് അദ്ദേഹം സിനിമയെഴുതിയത്. ഇന്നലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ലാല്‍ മോഹനം എന്ന പരിപാടി സ്വപ്നനഗരിയില്‍ നടക്കവെയാണ് കോഴിക്കോടിന്റെ പ്രിയപ്പെട്ട റസാഖ് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ജീവിതത്തിന്റെ ഫ്രെയിമില്‍ നിന്നും മറഞ്ഞുപോയത്. അദ്ദേഹത്തിനു കൂടി വേണ്ടിയായിരുന്നു മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അരങ്ങിലെത്തിയത്. ഇതില്‍ നിന്നു കിട്ടുന്ന ലാഭത്തിന്റെ വിഹിതം തീര്‍ച്ചയായും ചെന്നെത്തുക റസാഖിന്റെ ചികിത്സയ്ക്കായേനെ. പക്ഷേ ആ ചങ്ങാതി ഇന്നലെ സായാഹ്നത്തിലെ മഴയ്‌ക്കൊപ്പം എന്നെന്നേക്കുമായി മറഞ്ഞു. ഒരുപാടു നല്ല ചിത്രങ്ങളുടെ പെരുമഴക്കാലം സമ്മാനിച്ചുകൊണ്ട്.

ഫഹദ് പഴയ ആളല്ല..! സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ യുവതാരം അതീവ ശ്രദ്ധയില്‍

3

3ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ഫഹദ് ഫാസിലിന് പുനര്‍ജന്മം നല്‍കിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രത്തിന്റെ വന്‍വിജയം ഫഹദിനെ വീണ്ടും നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും പ്രിയങ്കരനാക്കി. മഹേഷിന്റെ പ്രതികാരം പ്രേക്ഷകര്‍ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ ഫഹദിന്റെ സ്ഥിതി എന്താകുമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പ്രതീക്ഷ വച്ചു പുലര്‍ത്തിയ മറിയം മുക്ക്, മണ്‍സൂണ്‍ മാംഗോസ്, അയാള്‍ ഞാനല്ല, മണിരത്‌നം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, വണ്‍ബൈവണ്‍, ഹരം എന്നിവ എട്ടുനിലയില്‍ പൊട്ടിയതോടെ ഫഹദിന്റെ കാലം കഴിഞ്ഞെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. ഈ സമയത്താണ് മഹേഷിന്റെ പ്രതികാരം തിയേറ്ററുകളിലെത്തുന്നത്.മുന്‍ ധാരണകളെ തകിടം മറിച്ച് സൂപ്പര്‍ ഹിറ്റായതോടെ രജതരേഖ തെളിഞ്ഞു.
‘ന്യൂജനറേഷന്‍ ഹീറോ’ എന്ന വിശേഷണം ചാര്‍ത്തപ്പെട്ടതോടെ സമീപിക്കുന്ന യുവ സംവിധായകര്‍ക്കെല്ലാം ഡേറ്റ് നല്‍കുകയെന്നത് തന്റെ കടമയാണെന്ന രീതിയിലായിരുന്നു ഫഹദിന്റെ പോക്ക്. മെട്രോ നഗരവാസിയായ യുവാവിനെ കണ്ടുമടുത്ത പ്രേക്ഷകര്‍ ഫഹദ് സിനിമകളോടു അകലം പാലിച്ചതോടെ കഷ്ടകാലവും തുടങ്ങി. മഹേഷിന്റെ പ്രതികാരത്തിലെ നാട്ടിന്‍പുറത്തുകാരനായ ഫോട്ടോഗ്രാഫര്‍ സ്ഥിരം പാറ്റേണിലുള്ള വേഷമായിരുന്നില്ല. ആ കാരണത്താലും സംവിധായകന്റെ മികവുകൊണ്ടും പടം ഹിറ്റായി. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രേഷകര്‍ കനിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഫഹദിന് ഫ്‌ളോപ്പ് സിനിമകളുടെ പരമ്പര തന്നെ വേണ്ടിവന്നു. തിരക്കഥ ഇഷ്ടപ്പെട്ടാല്‍ മാത്രമേ അഭിനയിക്കൂ എന്ന കര്‍ശന ഉപാധി സമീപിക്കുന്ന സംവിധായകരോടു തുറന്നു പറയാന്‍ ഇപ്പോള്‍ ഫഹദ് മടിക്കുന്നില്ല. സ്ഥിരം പാറ്റേണിലുള്ള വേഷവുമായി തന്നെ വന്നു കാണേണ്ടെന്നു സാരം!
2016-17 കാലഘട്ടത്തില്‍ ഈ നടന്‍ കരാറിലേര്‍പ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹം എത്രത്തോളം ശ്രദ്ധിക്കുന്നു എന്നുമനസ്സിലാകും.
എല്ലാം ഒന്നിന്നൊന്നു വ്യത്യസ്തമായ വേഷങ്ങള്‍. ലിജോ പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആന്റി ക്രൈസ്റ്റില്‍ പൃഥിരാജ്, ഇന്ദ്രജിത്ത് എന്നിവരോടൊപ്പം നായകവേഷം ചെയ്യുന്നു. രാജീവ് ആന്റണി ജാക്‌സണിന്റെ സഫാരിയില്‍ നിവിന്‍ പോളിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍കുമാര്‍, അരവിന്ദിന്റെ മൈസൂര്‍, അന്‍വര്‍ റഷീദിന്റെ മണിയറയിലെ ജിന്ന്, അനീഷ് കുരുവിളയുടെ കപ്പപപ്പടം, ബിജു എസ് ബാവയുടെ നാളെ, ലിജോജോസ് പല്ലിശ്ശേരിയുടെ കല്യാണം, മഹേഷ് നാരായണന്റെ വിര്‍ജിന്‍ തുടങ്ങിയവയാണ് ഫഹദ് കരാര്‍ ചെയ്യപ്പെട്ട സിനിമകള്‍. ഇതിനു പുറമെ തമിഴിലും അരങ്ങേറ്റം കുറിക്കുന്നു. തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജിന്റെ പുതിയ പടത്തില്‍ ശിവരേന്‍ കാര്‍ത്തികേയന്റെ കൂടെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ഫഹദ് തമിഴ് സിനിമയിലെത്തുന്നു. നായന്‍ താരയാണ് നായിക.

ദുരന്ത നായകനായി പടിയിറക്കം

5

ദുരന്തനായകനായി ലയണല്‍ ആന്‍ഡ്രസ് മെസിയെന്ന ഫുട്ബാള്‍ ഇതിഹാസത്തിന്റെ പടിയിറക്കം. സ്വന്തം രാജ്യത്തിന് പ്രധാനപ്പെട്ട ഒരു കിരീടം നേടിക്കൊടുക്കാന്‍ കഴിയാതെ മെസി അര്‍ജന്റീനയുടെ ദേശീയ ടീമില്‍ നിന്നും സ്വയം പിന്മാറി. രാജ്യാന്തര മത്സരത്തില്‍ അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കാന്‍ ഇനി ഈ പത്താം നമ്പറുകാരന്‍ ഉണ്ടാകില്ല. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സ
േലാണയ്ക്കു വേണ്ടി കിരീടങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍ അര്‍ജന്റീന ജഴ്‌സിയില്‍ മെസി യുദ്ധത്തില്‍ തോറ്റ പടത്തലവനായി.ബാഴ്‌സയ്ക്കു വേണ്ടി കളിക്കുന്ന മികവ് അര്‍ജന്റീനയ്ക്കു വേണ്ടി പുറത്തെടുക്കുന്നില്ലയെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ നിരന്തരം ഉന്നയിക്കുന്ന കാര്യമാണ്. എന്നാല്‍ മെസിയെന്ന പ്രതിഭ രാജ്യത്തിനു വേണ്ടി നൂറു ശതമാനം അര്‍പ്പണ ബോധത്തോടെയാണ് കളിക്കുന്നതെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. 2014 ലോകകപ്പിലും കഴിഞ്ഞ കോപ്പയിലും ഇപ്രാവശ്യത്തെ കോപ്പ ശതാബ്ദി ടൂര്‍ണ്ണമെന്റിലും ടീമിനെ ഫൈനല്‍ വരെയെത്തിച്ചെങ്കിലും കപ്പ് കിട്ടാക്കനിയായി. ഇക്കുറി കോപ്പ നേടുമെന്ന ദൃഢ പ്രതിജ്ഞയിലായിരുന്നു മെസി. 19-മിനുട്ടില്‍ ഹാട്രിക്കും, 25 വാര അകലത്തില്‍ നിന്നെടുത്ത ഫ്രീകിക്ക് ഗോളുമെല്ലാം കപ്പില്‍ മുത്തമിടുക എന്ന ലക്ഷ്യത്തിന്റെ പ്രേരണയിലായിരുന്നു. എന്നാല്‍ ഫൈനലില്‍ ചിലി വീണ്ടും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പ്രതീക്ഷകളെ തകിടം മറിച്ചു. പെനാല്‍ട്ടി കിക്ക് പാഴാക്കി മെസി തലയ്ക്കു കൈവച്ച് തേങ്ങിക്കരഞ്ഞപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. ഒരു പ്രമുഖ കിരീടത്തിനായി അര്‍ജന്റീനയുടെ 23 വര്‍ഷത്തെ കാത്തിരിപ്പ് ഇനിയും തുടരുമെന്ന്. കഴിഞ്ഞ ലോകകപ്പ് ഫൈനലും കോപ്പയും തോറ്റപ്പോള്‍ മെസി കരഞ്ഞില്ല. പക്ഷേ ഇന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു. ആകാശത്തേക്കു കൈകളുയര്‍ത്തി. ”എനിക്കു മാപ്പു തരൂ..” എന്നായിരിക്കാം ആ പ്രതിഭ അപേക്ഷിച്ചത്.
ഫുട്ബാള്‍ അര്‍ജന്റീനയ്ക്ക് ജീവവായുവാണ്. തന്റെ രാജ്യത്തെയും ആരാധകരെയും മുറിവേല്‍പ്പിച്ചതിന് മെസിയെന്ന പ്രതിഭയുടെ പശ്ചാത്തപവും കുമ്പസാരവുമാണ് അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നുള്ള വിരമിക്കല്‍. പെലെ, മറഡോണ എന്നീ ഫുട്ബാള്‍ ഇതിഹാസ ങ്ങള്‍ക്കൊപ്പമാണ് മെസിയുടെ സ്ഥാനം. അര്‍ജന്റീനയിലെ റൊസാരിയൊയെന്ന കൊച്ച് പട്ടണത്തിലെ തെരുവുകളില്‍ കാല്‍പ്പന്തു തട്ടിവളര്‍ന്ന മെസിയെന്ന ബാലന്‍ പിന്നീട് ആധുനിക ഫുട്ബാളിലെ മിശിഹയായി. അഞ്ചു തവണ ലോകഫുട്ബാളര്‍ പുരസ്‌ക്കാരം നേടിയ ഇതിഹാസതാരം, അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടം ബാക്കിവച്ചാണ് മടങ്ങുന്നത്. ഇനി ദേശീയ ടീമിന്റെ ജഴ്‌സിയില്‍ കാണില്ല എന്നത് ആരാധകര്‍ക്കു വേദനയുണ്ടാക്കുന്നതാണ്. കെട്ടു പാടുകളില്ലാതെ സ്വച്ഛന്ദമായി വിന്യസിക്കപ്പെടുന്ന ആ കേളീശൈലി ഇനി ക്ല ബ്ബ് ഫുട്ബാളില്‍ കാണാം. ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ ഒരു പക്ഷേ ഇങ്ങനെ പറയുന്നുണ്ടാകും. ”മെസി, ഈ തീരുമാനം ക്രൂരമായി. ഇത്രയും കൂടുതല്‍ വേണ്ടിയിരുന്നില്ല. താങ്കള്‍ ഇനിയും അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുന്നതു കാണാനാണ് ഞങ്ങള്‍ക്കു ആഗ്രഹം. അടുത്ത ലോകകപ്പില്‍ താങ്കള്‍ മുത്തമിടുന്നതു കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു…”

ധോണിക്ക് ആശ്വസിക്കാം ; ട്വന്റി-20 ലോകകപ്പിന് ഒരുങ്ങാം

doni

doniഎം.എസ്. ധോണിക്ക് കുറച്ചൊന്നുമല്ല ആശ്വാസം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ കൂടി പരാജയപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിനു പോലും ഭീഷണിയായേനെ.
ട്വന്റി-20 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ അത് ഇന്ത്യന്‍ടീമിന് തന്നെയും പ്രതികൂലഘടകമായിത്തീ രാനും ഇടയുണ്ടായിരുന്നു. എതായാലും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ കരുത്തരായ ഓ സീസിനെ അവരുടെ നാട്ടില്‍ വച്ചു തന്നെ കീഴടക്കി പരമ്പര വിജയം ആഘോഷിച്ചതോടെ ധോണിയുടെ ക്യാപ്റ്റന്‍സി ഭദ്രമായിരിക്കുന്നു. അഞ്ച് ഏകദിന പരമ്പരയില്‍ 4-1 ന് തോറ്റതോടെ മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ ധോണിക്ക് നിര്‍ ണ്ണായകമായി.
ഏകദിനപരമ്പര അടിയറ വച്ചതോടെ നായകന്റെ രക്തത്തിനു വേണ്ടി ചില മുന്‍താരങ്ങള്‍ മുറവിളികൂട്ടിയിരുന്നു.
ആ സാഹചര്യത്തില്‍ അഗ്നിപരീക്ഷയായിരുന്നു ട്വന്റി-20 പരമ്പര.പക്ഷേ വിമര്‍ശകര്‍ക്ക് കന ത്ത തിരിച്ചടിയേകി ഇന്ത്യ ഉജ്വല വിജയത്തോടെ പരമ്പര സ്വന്തമാക്കി.
കളിയുടെ എല്ലാ മേഖലകളിലും ഓസീസിനെ ബഹുദൂരം പിന്നിലാ ക്കി ടീം ഇന്ത്യ. ഉപനായകന്‍ വിരാട് കോഹ്‌ലി യും രോഹിത്ശര്‍മ്മയും സുരേഷ് റെയ്‌നയും ശിഖര്‍ ധവാനുമെല്ലാം നിറഞ്ഞാടിയ പരമ്പരയില്‍ ബൗളര്‍മാരും തങ്ങളുടെ കടമ ഭംഗി യായി നിര്‍വ്വഹിച്ചു.
നീണ്ട ഇടവേളയ്ക്കുശേ ഷം ടീമില്‍ തിരിച്ചെത്തിയ ആശിഷ് നെ ഹ്‌റയും യുവരാ ജ്‌സിംഗുമെല്ലാം സെലക്ടര്‍മാരുടെ വിശ്വാസം കാ ത്തു. നിര്‍ണ്ണായകഘട്ടങ്ങളില്‍ ധോ ണിയെടുത്ത തീരുമാനങ്ങള്‍ കുറിയ്ക്ക് കൊണ്ടു.
ബൗളര്‍ മാരെ ചെയ്ഞ്ച് ചെയ്യുന്നതും ഫീല്‍ഡിംഗ് വിന്യാസവുമെല്ലാം ധോണിയെന്ന ക്യാപ്റ്റന്റെ ആവനാഴിയില്‍ ഇനിയും ആയുധങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണ്. ഉപനായകനും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയുടെ പൂര്‍ണ്ണ പിന്തുണയാര്‍ജിക്കാനും ധോണിക്കായി. ഇതോടെ ടീമിന്റെ ഒത്തിണക്കം വര്‍ദ്ധിച്ചു.
മാര്‍ച്ചില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ജേതാക്കളാകാന്‍ സാധ്യത ഇന്ത്യയ്ക്കാണെന്ന് ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍ അഭിപ്രായപ്പെട്ടത് വെറുതെയല്ല.
ലോകകപ്പ് ടീമിനെ ഏറെ ക്കുറെ നിശ്ചയിക്കാനും ഓസ്‌ട്രേലിയയുമായുള്ള പരമ്പര സഹായിച്ചു. ഇനി ശ്രീലങ്കയുമായി നടക്കുന്ന ട്വന്റി-20 പരമ്പരയാണ്. വിരാട് കോഹ്‌ലി ഇതില്‍ കളിക്കുന്നില്ല.
ഉപനായകന് വിശ്രമം നല്‍കിയിരിക്കയാണ് സെലക്ടര്‍മാര്‍. ഈ പരമ്പര കൂടി കഴിയുമ്പോള്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീം ഉരുത്തിരിഞ്ഞു വരും.