Author Archives: admin

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം

rahul

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ വയനാട് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. കേരളത്തിലെ ചില നേതാക്കള്‍ ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിലും നേതൃത്വം പക്ഷേ, സ്ഥിരീകരിക്കുന്നില്ല. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ കര്‍ണാടകയിലെ ചില മണ്ഡലങ്ങളെയാവും പരിഗണിക്കുകയെന്നാണ് നെഹ്രു കുടുംബത്തിലെ കീഴ്‌വഴക്കങ്ങള്‍ നോക്കി പലരും കരുതുന്നത്. എന്നാല്‍, കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മദ്ധ്യഭാഗം എന്ന നിലയില്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത് നന്നാകുമെന്ന അഭിപ്രായം കേരള നേതാക്കളില്‍ ചിലര്‍ പ്രകടിപ്പിച്ചെന്നാണറിയുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലും ഡല്‍ഹിയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പല തരത്തില്‍ നടക്കുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ പ്രചരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്നുള്ള സിറ്റിംഗ് എം.പി ആയ രാഹുല്‍ ഗാന്ധി വീണ്ടും അവിടെ നിന്ന് തന്നെ ജനവിധി തേടും. വരുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ മോദിപ്രഭാവം മങ്ങി യു.പി.എയ്ക്ക് പ്രതീക്ഷ കൈവരികയും കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍. അതുകൊണ്ട് കൂടിയാണ് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കണമെന്ന ചര്‍ച്ച സജീവമായത്. കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് കര്‍ണാടകയും കേരളവും. രാഹുലിന്റെ വരവ് പൊതുവില്‍ പ്രതീക്ഷ കല്പിക്കുന്ന ദക്ഷിണേന്ത്യയില്‍, പാര്‍ട്ടിക്ക് പ്രചാരണരംഗത്ത് കൂടുതല്‍ സജീവത കൈവരുത്തുമെന്നും കരുതുന്നു. എന്നാല്‍ നേതൃത്വത്തിലെ ഒരു വിഭാഗം ഈ പ്രചാരണങ്ങളെ തള്ളുന്നുണ്ട്. നേരത്തേ കര്‍ണാടകയിലെ ചിക്മംഗലുരുവില്‍ രാഹുലിന്റെ മുത്തശി ഇന്ദിര ഗാന്ധിയും ബെല്ലാരിയില്‍ അമ്മ സോണിയ ഗാന്ധിയും മത്സരിച്ചിട്ടുണ്ട്.

ദിലീപ് അല്ല ആക്രമിക്കപ്പെട്ടവള്‍ക്ക് നീതി ലഭിക്കുക എന്നതാണ് ലക്ഷ്യം : ഡബ്ല്യു.സി.സിക്ക് ‘അമ്മ’യുടെ മറുപടി

amma

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ ‘അമ്മ’ രംഗത്ത്. ദിലീപ് കുറ്റക്കാരനോ അല്ലയോ എന്നതല്ല ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അമ്മ വ്യക്തമാക്കി. ‘കോടതി വിധി വരുന്നതുവരെ ആരോപണവിധേയന്‍ നിരപരാധിയാണ്. ഡബ്ല്യു.സി.സിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണ്. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണങ്ങള്‍ കെട്ടിവയ്ക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്. സര്‍ക്കാരിന്റെ ഇടപെടലില്‍ പിന്തുണ അറിയിക്കുന്നുവെന്നും അമ്മ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എല്ലാ പ്രശനങ്ങളും പരിഹരിച്ചു വരികയായിരുന്നു. എന്നാല്‍ ആ സമയത്താണ് പ്രളയം വന്നത്. അമ്മയുടെ അംഗങ്ങള്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു. അതുകഴിഞ്ഞ് സംസ്ഥാന സര്‍ക്കാരിലേക്ക് പണം സ്വരൂപിച്ച് നല്‍കുന്നതിലേക്കായി വിദേശത്ത് ഒരു ഷോ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെയൊക്കെ തിരക്കിലായതിനാലാണ് ഡബ്ല്യു.സി.സിയുടെ പരാതികള്‍ക്ക് മറുപടി നല്‍കാന്‍ വൈകിയത്’ അമ്മയുടെ വക്താവ് കൂടിയായ നടന്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തിലകനെ പുറത്താക്കിയത് സംബന്ധിച്ച ആരോപണങ്ങള്‍ക്കും അമ്മ മറുപടി നല്‍കിയിട്ടുണ്ട്. തിലകനെ പുറത്താക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ്. പിന്നീട് അത് ജനറല്‍ ബോഡി അംഗീകരിക്കുകയായിരുന്നു. ദിലീപിനെ പുറത്താക്കിയത് എക്‌സ്. കമ്മിറ്റിയായിരുന്നെങ്കിലും ജനറല്‍ ബോഡി അത് തള്ളുകയായിരുന്നു. അതുകൊണ്ടു തന്നെ എക്‌സ്. കമ്മിറ്റിക്ക് മാത്രം തീരുമാനമെടുക്കാന്‍ കഴിയില്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിലേക്കായി ഉടന്‍ തന്നെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അമ്മ വ്യക്തമാക്കുന്നു.

നിതാഖാത്ത് പദ്ധതി പരാജയമെന്ന് സൗദി തൊഴില്‍ മന്ത്രാലയം

saudi

മസ്‌ക്കറ്റ്: സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ നടപ്പിലാക്കിയ നിതാഖാത്ത് പദ്ധതി പരാജയപ്പെട്ടതായി സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. പച്ച ഗണത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവ് വിദേശി റിക്രൂട്ട്‌മെന്റ് കൂടാന്‍ കാരണമായി. വിവിധ തസ്തികകള്‍ നിയമനം നടക്കാതെ ഒഴിഞ്ഞു കിടക്കുന്നതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.സ്വദേശിവത്കരണം ശക്തമാക്കാന്‍ സൌദി സ്വകാര്യ മേഖലയില്‍ നടപ്പാക്കിയ പദ്ധതിയാണ് നിതാഖാത്ത്. ഇത് വിജയം കണ്ടില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവലോകനത്തിലാണ് പ്രധാന കണ്ടെത്തലുകള്‍. ശൂറ കൗണ്‍സില്‍ അംഗങ്ങളാണ് മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളെ അവലോകനം ചെയ്തത്. മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് പദ്ധതി കാരണം വിദേശ റിക്രൂട്ടിങിന് കൂടുതല്‍ വിസ അനുവദിക്കാന്‍ കാരണമായിട്ടുണ്ടെന്ന് അവലോകനത്തില്‍ പറയുന്നു. വ്യാജ സ്വദേശിവത്കരണത്തിലൂടെ പച്ച ഗണത്തിലേക്ക് ഉയര്‍ന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ വിദേശ റിക്രൂട്ടിങ് നടത്തിയെന്നും മന്ത്രാലയം കണ്ടെത്തി. സ്വദേശിവത്കരണത്തിന് പ്രതിസന്ധി സൃഷ്ടിക്കാനും തൊഴില്‍ വിപണിയില്‍ അസന്തുലിതത്വം സൃഷ്ടിക്കാനും ഇത് കാരണമായി. ഇത് മറികടക്കാന്‍ പച്ചയെ തന്നെ കടുത്ത പച്ച, ഇടത്തരം പച്ച, ഇളം പച്ച എന്നിങ്ങിനെ വീണ്ടും തരം തിരിച്ചു. നിതാഖാത്ത് ആരംഭിച്ച സമയത്ത് 10 ശമതമാനം മാത്രമായിരുന്നു ഉയര്‍ന്ന തസ്തികകളില്‍ വിദേശികളുടെ അനുപാതം. ഇത് 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവലോകനത്തില്‍ വ്യക്തമായി. ഇക്കാലയളവില്‍ ആറ് ലക്ഷത്തോളം വിദേശികളാണ് തൊഴില്‍ നഷ്ടപ്പെട്ട് സൗദി വിട്ടത്.

ഭൂതത്താന്‍കെട്ട് : മിനി ജലവൈദ്യുത പദ്ധതിയില്‍ ചൈനീസ് വിദ്യ ഉപയോഗിച്ച് ഉത്പാദനം

bhoothathaan kettu.jpeg

കോതമംഗലം: ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുതപദ്ധതിയില്‍ ചൈനീസ് സാങ്കേതികവിദ്യയായ ബള്‍ബ് ടര്‍ബൈന്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. ഇത്തരത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ് ഭൂതത്താന്‍കെട്ടില്‍ നിര്‍മാണം നടന്നു വരുന്നത്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ഘട്ടംഘട്ടമായാണ് പദ്ധതി പ്രദേശത്ത് എത്തിക്കുന്നത്. ബള്‍ബ് നോസ് എന്ന വലിയ ജനറേറ്റര്‍ ഭാഗമാണ് ഏറ്റവുമൊടുവില്‍ ഇവിടെയെത്തിച്ചത്. അവശേഷിക്കുന്ന ഘടകങ്ങള്‍ രണ്ടു മാസത്തിനകം കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ കമ്മീഷനിംഗ് അടുത്ത മഴക്കാലത്തിനുമുമ്പ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. സിവില്‍ വര്‍ക്കുകളില്‍ ഇരുപതു ശതമാനത്തോളം ഇനി പൂര്‍ത്തിയാക്കേണ്ടതുണ്ട്. മെക്കാനിക്കല്‍ വിഭാഗത്തിലെ ജോലികള്‍ 60 ശതമാനം മാത്രമേ എത്തിയിട്ടുള്ളു. രണ്ടു തവണയുണ്ടായ പ്രളയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം. കഴിഞ്ഞ ജനുവരിയില്‍ പദ്ധതിയില്‍ നിന്ന് ഉത്പാദനം ആരംഭിക്കുമെന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നതാണ്. 2014ല്‍ രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് നാലു വര്‍ഷമായിട്ടും നിര്‍മാണഘട്ടത്തില്‍തന്നെ തുടരുന്നത്. 24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുതപദ്ധതി.

പഠനത്തോടൊപ്പം വരുമാനം; പദ്ധതി നടപ്പാക്കും: മന്ത്രി കെ.ടി. ജലീല്‍

220px-KT_Jaleel

കല്ലൂപ്പാറ: പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനവും നേടുന്നതിനുള്ള ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ.കെ.ടി. ജലീല്‍. കല്ലൂപ്പാറയില്‍ ഐഎച്ച്ആര്‍ഡിയുടെ കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെ പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിനീയറിംഗ് ഉള്‍പ്പെടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയുമായി സഹകരിച്ച് പഠനത്തോടൊപ്പം തൊഴില്‍ ചെയ്യുന്നതിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. പുറമേനിന്നുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ മെച്ചപ്പെട്ട സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യം ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് പരമാവധി പ്രയോജനപ്പെടുത്തും. ഇതു വേണ്ടതുപോലെ നമ്മള്‍ മാര്‍ക്കറ്റ് ചെയ്തിട്ടില്ല. പൊതുവിദ്യാലയങ്ങളെയും പൊതു ഇടങ്ങളെയും പൊതുസ്ഥാപനങ്ങളെയും പ്രോത്സാഹിക്കും. ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുരോഗതി പ്രാപിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റം കൈവരിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് രണ്ടരലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ എത്തിയത്. മറ്റ് ഏതൊരു സംസ്ഥാനത്തെ പരിശോധിച്ചാലും ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തില്‍ കേരളം മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാനമായ പുരോഗതി കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. നാക്കിന്റെ അക്രഡിറ്റേഷന്‍ എ പ്ലസ് ലഭിച്ച ഒരു സര്‍വകലാശാലയും കേരളത്തിലില്ല. എന്‍ഐആര്‍എഫിന്റെ ആദ്യത്തെ 25 റാങ്കിംഗില്‍ വരുന്ന ഒരു സ്ഥാപനവും കേരളത്തിലില്ല. ഇതിനാല്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായ ഇടപെടലുകള്‍ അനിവാര്യമാണെന്നതിന്റെ വെളിച്ചത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേകമാക്കിയത്. എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനൊപ്പം ഏതെങ്കിലുമൊരു മേഖലയില്‍ നൈപുണ്യം നേടണമെന്നും മന്ത്രി ജലീല്‍ നിര്‍ദേശിച്ചു.ഐഎച്ച്ആര്‍ഡിയുടെ മല്ലപ്പള്ളിയിലെ കോളജിനും സ്‌കൂളിനും സ്വന്തം കെട്ടിടം ഉള്‍പ്പെടെ നിലനിര്‍ത്തി കിട്ടാന്‍ ആവശ്യമായ ഇടപെടല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ഐഎച്ച്ആര്‍ഡിയുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി മാത്യു ടി.തോമസ് നിര്‍ദേശിച്ചു.

വാട്‌സാപ് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് 

whatsapp_

കുവൈത്ത് : വാട്‌സാപ് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ലിങ്കുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തൗഹീദ് അല്‍ കന്‍ദരി പറഞ്ഞു.വാട്‌സാപ് വഴി സന്ദേശങ്ങളയച്ച് കെണിയില്‍പെടുത്തി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തിയതായി നിരവധി പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഇങ്ങനെ നിരവധി പേര്‍ക്ക് തങ്ങളുടെ വാട്‌സാപ് അക്കൗണ്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ടതായി കുറ്റാന്വേഷണ വകുപ്പുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോംപാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കുവൈത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ കൂടുതലും വാട്ട്‌സാപ് വഴിയാണ്. ആകെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തോതില്‍ 170 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നും സംശയകരമായ വെബ്‌സൈറ്റുകള്‍ തുറക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ബാങ്ക് അക്കൗണ്ട് നമ്പറും പിന്‍ നമ്പറും ഹാക്കിങ്ങിലൂടെ സ്വന്തമാക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയുന്നുണ്ട്. ഇടക്കിടക്ക് പാസ്‌വേഡ് മാറ്റുന്നതും നല്ലതാണ്. തട്ടിപ്പില്‍ കുടുങ്ങുകയോ ആരെങ്കിലും ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചെയ്യുകയാണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 25660142 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കണമെന്നും സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ വിഭാഗം നിര്‍ദേശിച്ചു.

പരാതികള്‍ ഇനി വേഗത്തില്‍ : റെയില്‍വേയുടെ മൊബൈല്‍ ആപ്പ് തയ്യാര്‍

app2

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയില്‍ കൊള്ളയടിക്കപ്പെട്ടാലും അക്രമത്തിനിരയായാലും അടുത്ത സ്റ്റേഷനില്‍ ഇറങ്ങി സ്റ്റേഷന്‍ മാസ്റ്ററെയും ആര്‍.പി. എഫിനെയും തിരക്കിപ്പോകേണ്ട. യാത്രക്കിടയില്‍ത്തന്നെ മൊബൈല്‍ ഫോണില്‍ പരാതി നല്‍കിയാല്‍ മതി. അതിനായി റെയില്‍വേയുടെ മൊബൈല്‍ ആപ്പ് റെഡിയായി. സ്ത്രീയാത്രക്കാര്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ മദ്ധ്യപ്രദേശില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് രാജ്യം മുഴുവന്‍ നടപ്പാക്കുന്നത്. പരാതി നേരെ ആര്‍.പി.എഫിനാണ് കിട്ടുക. മറ്റ് നടപടികളും അന്വേഷണവും ഉടന്‍ ആരംഭിക്കും. സീറോ എഫ്. ഐ.ആര്‍. ആയാണ് പരാതി എടുക്കുക.ബോര്‍ഡ് അനുമതി നല്‍കിയാല്‍ ഉടന്‍ നടപ്പാക്കുമെന്ന് ആര്‍. പി. എഫ്. ഡി.ജി. അരുണ്‍കുമാര്‍ അറിയിച്ചു.
ഇതുവരെ കാലതാമസം കാരണം കാര്യമായ പ്രയോജനം ഉണ്ടാകാറില്ല. ഉണ്ടായാല്‍ത്തന്നെ അതിനായി യാത്ര ഉപേക്ഷിച്ച് അനിശ്ചിതമായി കാത്തിരിക്കേണ്ടിവരുമായിരുന്നു എന്നാല്‍ പുതിയ രീതി നിലവില്‍ വന്നതോടു കൂടി മൊബൈല്‍ ആപ്പിലൂടെ നല്‍കുന്ന പരാതികള്‍ സീറോ എഫ്.ഐ.ആറുകളായി പരിഗണിക്കും. ഉടന്‍ അന്വേഷണം ആരംഭിക്കും. (ഏതു പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാവുന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് സീറോ എഫ്.ഐ.ആര്‍) ഇത് പിന്നീട് അതിക്രമം നടന്ന സ്ഥലത്തെ പോലീസിന് കൈമാറും),റെയില്‍വേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്‍ ഉടന്‍ അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ക്കായി അപായ സൈറണും ആപ്പിലുണ്ട്. ഓഫ്‌ലൈനായും ഈ ആപ്പില്‍ പരാതി നല്‍കാം.ഇതുവഴി വേഗത്തില്‍ നടപടികള്‍ നീങ്ങുന്നതിനാല്‍ അക്രമികള്‍ പിടിയിലാവാന്‍ സാധ്യത. കുടുങ്ങുമെന്ന് അറിയാവുന്നതിതനാല്‍ അതിക്രമങ്ങള്‍ക്ക് ക്രിമിനലുകള്‍ മടിക്കും. വനിതായാത്രക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും

ദുബായ് നിരത്തുകളില്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍ 

Dubai-leads-in-quality-of-Roads

ദുബായ്: അടുത്ത മാസം മുതല്‍ ദുബായ് സിലിക്കണ്‍ ഒയാസിസില്‍ ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷിക്കുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി .എ) അറിയിച്ചു. മൂന്ന് മാസത്തെ പരീക്ഷണത്തിന് ശേഷം ഡ്രൈവറില്ലാ ടാക്‌സികള്‍ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 2030 ആകുമ്പോഴേക്കും ദുബായിലെ ടാക്‌സി കാറുകളെല്ലാം ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്നവയാകും എന്നാണ് കരുതുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം ദുബായ് സിലിക്കണ്‍ ഒയാസിസ് മേഖലയില്‍ വാഹനം പരീക്ഷണം നടത്തുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍മാരില്‍ ഒരാളായ ഖാലിദ് അല്‍ അവാദിയാണ് യു.എ.ഇ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. മൂന്ന് മാസത്തെ പരീക്ഷണത്തിന് ശേഷം രാജ്യത്തിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ദുബായ് സിലിക്കണ്‍ ഒയാസിസും ഡിജി വേള്‍ഡ് ഫോര്‍ റോബോട്ട്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചേര്‍ന്നാണ് ബെന്‍സിന്റെ ഇ ക്ലാസ് മോഡലില്‍ ഡ്രൈവറില്ലാതെപ്രവര്‍ത്തിക്കുന്ന ടാക്‌സി സംവിധാനം ഒരുക്കിയത്.

ഡോ.ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേരളത്തില്‍ പ്രവേശിക്കരുത് എന്നീ നിബന്ധനകള്‍ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും കേസിലെ സാക്ഷികളുടെ രഹസ്യമൊഴികളെല്ലാം രേഖപ്പെടുത്തി കഴിഞ്ഞുവെന്നും ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.കേസില്‍ ഇടപെടാന്‍ ഒരു ശ്രമവും നടത്തില്ല. വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള കള്ളക്കേസാണ് പരാതിക്കാരി നല്‍കിയിരിക്കുന്നതെന്നും ബിഷപ് കോടതിയെ അറിയിച്ചു. അതേസമയം പ്രോസിക്യൂഷന്‍ ഇന്നും ബിഷപ്പിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുവെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.

പ്രതിശ്രുത വരനെ നദിയില്‍ കാണാതായി: തെരച്ചില്‍ തുടരുന്നു

വെഞ്ഞാറമൂട്: വാമനപുരം നദിയിലെ ചുഴിയില്‍പ്പെട്ട് കാണാതായ യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. വെള്ളല്ലൂര്‍ കുഴക്കാട്ടു വീട്ടില്‍ രാജേന്ദ്രന്‍ലീന ദമ്പതികളുടെ മകന്‍ ആദീപ് (29) ആണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ വാമനപുരം നദിയുടെ കൊടുവഴന്നൂര്‍ കൂളിക്കടവില്‍ രണ്ടു സുഹൃത്തുക്കളുമൊത്ത് ആദില്‍ കുളിക്കാനിറങ്ങപ്പോഴായിരുന്നു ദുരന്തം. കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ആദില്‍ വെള്ളത്തിലെ ചുഴിയില്‍പ്പെട്ടു താഴ്ന്നു പോകുകയായിരുന്നു. വെഞ്ഞാറമൂട്, നഗരൂര്‍ പോലീസും വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഞായറാഴ്ച ഇരുട്ടുവീണപ്പോള്‍ നിര്‍ത്തിയ തെരച്ചില്‍ രാവിലെ വീണ്ടും പുനരാരംഭിച്ചു. വെള്ളല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി ആദീപിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ഐടി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ഐടി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റിന്റെ 1,500 കോടി രൂപയുടെ ഐടി അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ടെക്‌നോപാര്‍ക്കിലെ ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സാമൂഹിക അന്തരീക്ഷവും മാറേണ്ടതുണ്ട്. വിജ്ഞാന അധിഷ്ഠിത മേഖലകള്‍ക്കു സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. സോഫ്റ്റ് വെയര്‍ കയറ്റുമതിക്കും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ മൊത്തം ഐടി പാര്‍ക്ക് വിസ്തൃതി നിലവിലെ 1.3 കോടി ചതുരശ്ര അടിയില്‍ നിന്നും 2.3 കോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കും. ഇതിലൂടെ രണ്ടരലക്ഷം പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണ്. 2020 ഓടെ ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സും ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തില്‍ പ്രത്യേക മേഖലയടക്കം 20 ഏക്കറാണ് പദ്ധതിക്കായി നല്‍കിയിട്ടുള്ളത്. 57 ലക്ഷം ചതുരശ്ര അടിയാണ് മൊത്തം നിര്‍മാണമേഖല. എംബസി ടോറസ് ടെക്‌സോണ്‍ എന്ന പേരില്‍ ഐടി മേഖലയ്ക്കായി 33 ലക്ഷം ചതുരശ്ര അടിയും ടോറസ് സെന്‍ട്രം എന്ന പേരില്‍ വിനോദ വ്യവസായ മേഖലയ്ക്കായി 12 ലക്ഷം ചതുരശ്ര അടിയും മാറ്റിവച്ചിട്ടുണ്ട്. ടോറസ് സെന്‍ട്രം മാള്‍, 200 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടല്‍, 315 മുറികളുള്ള അപാര്‍ട്ട്‌മെന്റുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതിക്കുശേഷം ഐടി വ്യവസായ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. ആദ്യഘട്ടമായി വരുന്ന മാര്‍ച്ചില്‍ കീസ്റ്റോണ്‍ എന്ന പ്രീഫാബ് താത്കാലിക കെട്ടിടത്തില്‍ കന്പനികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടങ്ങുന്നതിനാണ് തീരുമാനം. ശശി തരൂര്‍ എംപി, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, ടോറസ് ചെയര്‍മാന്‍ ലോറെന്‍സ് റെയ്ബിലിംഗ്, എംബസി ഗ്രൂപ്പ് ചെയര്‍മാന്‍ ജിട്ടു വിര്‍വാനി, ടോറസ് മാനേജിംഗ് ഡയറക്ടര്‍ ഇന്ത്യ അജയ് പ്രസാദ്, അസറ്റ് ഹോംസ് എംഡി വി. സുനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ മാതൃകയും മുഖ്യമന്ത്രി അനാവരണം ചെയ്തു.

യു.എ.ഇ ബഹിരാകാശ ഏജന്‍സിയും അബുദാബി പൊലീസും ഒരുമിക്കുന്നു

യു.എ.ഇ ബഹിരാകാശ ഏജന്‍സിയും അബുദാബി പൊലീസും ഒരുമിക്കുന്നു. ശാസ്ത്രീയ അവബോധം തലമുറകളില്‍ രൂപപ്പെടുത്തുന്നതിന് സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ധാരണ. പ്രൊഫഷണല്‍ പരിശീലനം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്.പ്രഫഷനല്‍ പരിശീലന മേഖലകളില്‍ സഹകരിക്കുക, ബഹിരാകാശ ശാസ്ത്ര മേഖലയില്‍ സാങ്കേതിക സഹകരണം നല്‍കുക, ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക, വിദഗ്ധരെ കൈമാറുക എന്നിവക്കാവും ഇതിലൂടെ ഊന്നല്‍ നല്‍കുക. അബുദാബി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സഹമന്ത്രിയും കാബിനറ്റ് അംഗവും യു.എ.ഇ സ്‌പെയ്‌സ് ഏജന്‍സി ചെയര്‍മാനുമായ ഡോ. അഹമ്മദ് ബിന്‍ അബ്ദുല്ല ഹുമൈദ് ബെല്‍ഹൂല്‍ അല്‍ ഫലാസി, അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. അബുദാബിയിലെ സര്‍ക്കാര്‍ വകുപ്പുകളുമായി ബഹിരാകാശ ഏജന്‍സിക്കുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹകരണത്തിലൂടെ സാധിക്കുമെന്നാണ് ബഹിരാകാശ മേഖലയില്‍ യു.എ.ഇ വന്‍ മുന്നേറ്റമാണ് ഉറപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള ഏജന്‍സികളുമായും യു.എ.ഇ ധാരണ രൂപപ്പെടുത്തി. യു.എ.ഇ ഭരണാധികാരികളുടെ പിന്തുണ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കാന്‍ സഹായകമാകുമെന്ന്‌ഡോ. അല്‍ഫലാസി പറഞ്ഞു. എല്ലാ ലോക രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് യു.എ.ഇ ബഹിരാകാശ ഏജന്‍സി അധികൃതര്‍

സൗദിയില്‍ വാടകക്കരാര്‍ ഇഖാമയുമായി ബന്ധിപ്പിക്കാനുള്ള സൌജന്യ സമയപരിധി ഡിസംബര്‍ വരെ

മസ്‌ക്കറ്റ്: സൗദിയില്‍ വാടകക്കരാര്‍ ഇഖാമയുമായി ബന്ധിപ്പിക്കാനുള്ള സൌജന്യ സമയപരിധി ഡിസംബറോടെ അവസാനിക്കും. ഇതുവരെ ഒമ്പതിനായിരം പേരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഡിസംബറിന് ശേഷം സൌജന്യ സേവനമുണ്ടാകില്ല. ഈജാര്‍ സംവിധാനം 2018 അവസാനം വരെ സൗജന്യമാണെന്ന് ഭവന മന്ത്രാലയമാണ് വ്യക്തമാക്കയത്. ഫെബ്രുവരി മുതലുള്ള വാടക കരാറുകള്‍ ഈജാര്‍ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചത് മുതല്‍ വന്‍ സ്വീകാര്യതയാണ് വാടക്കാരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിനേന ശരാരി 800 വാടക കരാറുകള്‍ റജിസ്‌ട്രേഷന്‍ നടക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. റിയല്‍ എസ്റ്റേറ്റ് ഏജന്റുകളും ഇടനിലക്കാരും ഇതേ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതുവരെയായി 9,000 റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ ഈജാറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമെ ഇനി മുതല്‍ വാടകക്ക് എടുക്കലും നല്‍കലും നടക്കൂ. ഇതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രാജ്യത്തെ ഇതര സേവനങ്ങളും ജനങ്ങളുടെ താമസ വാടക റജിസ്‌ട്രേഷനുമായി ബന്ധിപ്പിക്കാനും അധികൃതര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്

എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷ അനാവശ്യം: മന്ത്രി 

കൊച്ചി: എന്‍ജിനിയറിംഗ് കോളജുകളിലെ പ്രവേശനത്തിനു സംസ്ഥാനതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷ (എന്‍ട്രന്‍സ്) സംവിധാനം അനാവശ്യമാണെന്നും ഇതു തുടരണോയെന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചെന്നും മന്ത്രി കെ.ടി. ജലീല്‍. സര്‍വകലാശാലകളില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവേശനത്തിന് ഏകജാലക സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജില്‍ ഇക്കണോമിക്‌സ് ഓണേഴ്‌സ് വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അക്കാഡമിക് സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 250 ലേറെ എന്‍ജിനിയറിംഗ് കോളജുകളില്‍ 55,000 ഓളം സീറ്റുകളുണ്ടായിട്ടും 50 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമേ പ്രവേശനത്തിന് അപേക്ഷിക്കുന്നുള്ളൂ. ഈ അന്‍പത് ശതമാനം വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് സംസ്ഥാന തലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്തുന്നത്. 12 എന്‍ജിനിയറിംഗ് കോളജ് ഉണ്ടായിരുന്ന ഘട്ടത്തിലാണ് എന്‍ട്രന്‍സ് തുടങ്ങിയത്. പൊതു വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് എടുത്തുപറയത്തക്ക നേട്ടമൊന്നും ഇല്ല. നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്ക്) എ പ്ലസ് അംഗീകരം കിട്ടിയ ഒരു വിദ്യാഭ്യാസ സ്ഥാപനംപോലും സമ്പൂര്‍ണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിനില്ലന്നും അദ്ദേഹം പറഞ്ഞു.

പ്രളയം: വീട് പുനര്‍നിര്‍മാണത്തിനു നാലു ലക്ഷം വരെ നല്‍കുമെന്നത് പുനഃപരിശോധിക്കണമെന്ന്

കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനഃനിര്‍മിക്കാന്‍ നാലു ലക്ഷം രൂപ വരെ നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം നിര്‍മാണ സാമഗ്രികളുടെ വില, കൂലി തുടങ്ങിയവ കണക്കിലെടുത്ത് പുനഃപരിശോധിക്കണമെന്ന് വ്യക്തമാക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രളയദുരന്ത ബാധിതര്‍ക്ക് മതിയായ സഹായം ലഭ്യമാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശിനി എ.എ. ഷിബി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. നവകേരള നിര്‍മാണത്തിനായി ശേഖരിച്ച വിവരങ്ങള്‍ പ്രളയബാധിത തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസിലും ഓരോ വാര്‍ഡിലെയും മൂന്നു സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും ശേഖരിച്ച വിവരങ്ങളില്‍ എതിര്‍പ്പുള്ളവര്‍ക്ക് അതറിയിക്കാന്‍ അവസരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രളയബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ആഴ്ച തോറും അവശ്യ സാധനങ്ങളുടെ കിറ്റും ഉപജീവനത്തിനുള്ള അലവന്‍സും ലഭ്യമാക്കണം. ദുരിത ബാധിതര്‍ക്കുള്ള പദ്ധതികള്‍ മാധ്യമങ്ങളിലൂടെയും എസ്എംഎസ് മുഖേനയും പ്രചരിപ്പിക്കണം.പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന കെട്ടിട നിര്‍മാണ രൂപരേഖകള്‍ തയാറാക്കണം. വീടു നഷ്ടപ്പെട്ടവര്‍ക്ക് വാടകയിനത്തില്‍ പ്രതിമാസം 3,000 രൂപയോ താല്കാലിക താമസസ്ഥലമോ നല്‍കണം. കുട്ടനാട്ടില്‍ കുടിവെള്ള വിതരണം വര്‍ധിപ്പിക്കണം. പ്രളയ ബാധിത പ്രദേശങ്ങളിലെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.