Author Archives: admin

ശബരിമല യുവതി പ്രവേശം; പുനഃപരിശോധനാ ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന ഹര്‍ജി തള്ളി

supreme court

വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വീണ്ടും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കില്ലെന്നും ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്നും ആവര്‍ത്തിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയാണ് ഇക്കാര്യം ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റീസ് കോടതിയില്‍ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ശബരിമല കേസില്‍ റിട്ട്, റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഷൈലജ വിജയന്‍ എന്നയാളുടെ അഭിഭാഷകനായ മാത്യൂ നെടുമ്പാറയാണ് പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ കേള്‍ക്കണമെന്നും യുവതീപ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കഴിയില്ലെന്നും ചൊവ്വാഴ്ച വ്യക്തമാക്കിയതുപോലെ ജനുവരി 22ന് മാത്രമേ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കൂ എന്നും അതുവരെ ഹര്‍ജിക്കാരന്‍ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞ അതേകാര്യങ്ങളാണ് ഇന്നും ചീഫ് ജസ്റ്റീസ് കോടതിയില്‍ ആവര്‍ത്തിച്ചത്. യുവതീപ്രവേശന വിധിക്കെതിരേ 49 പുനപരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. മൂന്ന് റിട്ട് ഹര്‍ജികളും ഇതോടൊപ്പം കോടതിയില്‍ എത്തിയിരുന്നു. എല്ലാ ഹര്‍ജികളും തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരിക്കും റിവ്യൂ, റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

മമ്മൂട്ടിയുടെ യാത്ര, ആദ്യ റിലീസ് അമേരിക്കയില്‍

mammootty.jpeg

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന മമ്മൂട്ടിച്ചിത്രം യാത്രയുടെ ആദ്യ റിലീസ് അമേരിക്കയില്‍ .ഡിസംബര്‍ 20നാണ് ചിത്രത്തിന്റെ യു.എസ്. പ്രീമിയര്‍. തെലുങ്കിലെ പ്രഥമ ബയോപിക്കായ മഹാനടി ഉള്‍പ്പെടെയുള്ള നിരവധി ബ്‌ളോക്ക് ബാസ്റ്ററുകള്‍ അമേരിക്കയില്‍ റിലീസ് ചെയ്ത നിര്‍വാണാ സിനിമാസാണ് യാത്രയും അമേരിക്കയില്‍ റിലീസ് ചെയ്യുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലഭിനയിക്കുന്ന യാത്രയ്ക്ക് തെലുങ്ക് സിനിമാ ലോകം കണ്ട ഏറ്റവും വലിയ റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. ആനന്ദോബ്രഹ്മ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മഹി. വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കില്‍ ഒട്ടേറെ വമ്പന്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച 70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ഡിസംബര്‍ 21 നാണ് അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലും ഇന്ത്യയിലും യാത്ര റിലീസ് ചെയ്യുന്നത്. ലോകവ്യാപകമായി 1200 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

കരിപ്പൂര്‍-സൗദി സര്‍വീസ് ഡിസംബര്‍ ആദ്യവാരത്തില്‍

karipur

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്ക് ആരംഭിക്കുന്ന സൗദി എയര്‍ലെന്‍സിന്റെ സര്‍വീസിന് സമയ ക്രമം തയ്യാറാകുന്നു. രണ്ടുദിവസത്തിനകം ഷെഡ്യൂള്‍ പുറത്തിറക്കി ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. എ330 ഇനത്തില്‍ പെട്ട വിമാനമാണ് കരിപ്പൂരില്‍ സര്‍വീസിനെത്തിക്കുന്നത്. ആദ്യ ആറ് മാസം പകല്‍ മാത്രം സര്‍വീസ് നടത്താനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം. രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിലായിരിക്കും സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് വിമാന കന്പനി നടത്തുക. ഇതില്‍ നാലു സര്‍വീസുകള്‍ ജിദ്ദയിലേക്കും മൂന്ന് സര്‍വീസുകള്‍ റിയാദിലേക്കുമായിരിക്കും. കരിപ്പൂരില്‍ 2015 മേയ് മുതല്‍ റണ്‍വേ റീകാര്‍പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആദ്യം അനുമതി ലഭിച്ച വിമാന കമ്പനിയാണ് സൗദി എയര്‍ലെന്‍സ്. ഓഗസ്റ്റില്‍ അനുമതി ലഭിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലേക്കുളള വിമാന സര്‍വീസിന്റെ പേരില്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാനായിരുന്നില്ല. 2020 വരെ തിരുവനന്തപുരം സര്‍വീസ് നിലനിര്‍ത്തണമെന്നായിരുന്നു സൗദിയുടെ ആവശ്യം. കരിപ്പൂരില്‍ പുതിയ സ്റ്റേഷനും താത്കാലിക സീറ്റുകളും ലഭ്യമാക്കണമെന്ന് സൗദി അംബാസിഡര്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കരിപ്പൂര്‍ പുതിയ സ്റ്റേഷനായി അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയം തയ്യാറായില്ല. തിരുവനന്തപുരത്തേക്ക് യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ 2019 മാര്‍ച്ച് വരെ സര്‍വീസുകള്‍ നിലനിര്‍ത്താന്‍ അനുമതി നല്‍കുകയായിരുന്നു. മൂന്ന് മാസം മുമ്പ് അനുമതി ലഭിച്ചിട്ടും കരിപ്പൂരില്‍ സര്‍വീസ് ആരംഭിക്കാന്‍ വൈകുന്നത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ സൗദിക്ക് കത്തയച്ചിരുന്നു. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത് ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്കും ഏറെ ആശ്വാസമാകും. യാത്രക്കാര്‍ കൂടുന്നതിനനുസരിച്ച് സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും വിമാന കമ്പനി തീരുമാനിച്ചിട്ടുണ്ട്. സര്‍വീസ് ആരംഭിക്കുന്നതിന് മുന്പായുളള ഗ്രൗണ്ട്ഹാന്‍ഡ്‌ലിംഗ് നടപടികളും സൗദി നേരത്തെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഒരേ സമയം സര്‍വീസ് നടത്താന്‍ സൗദിക്ക് ഇതോടെ അവസരം െൈകവരും. കരിപ്പൂരില്‍ നിന്ന് ഡിസംബറില്‍ സര്‍വീസ് ആരംഭിക്കുന്ന സൗദിക്ക് മാര്‍ച്ച് വരെ തിരുവന്തപുരത്തെ സര്‍വീസ് നിലനിര്‍ത്താന്‍ അനുമതി ലഭിച്ചതോടെയാണിത്. കൊച്ചിയില്‍ നിന്ന് സൗദി സര്‍വീസ് നേരത്തെ തന്നെയുണ്ട്.

ന്യൂസിലന്‍ഡ് പര്യടനം ഗുണം ചെയ്യും: ദ്രാവിഡ്

dravid

ഇന്ത്യ എ ടീം ന്യൂസിലന്‍ഡില്‍ നടത്തുന്ന പര്യടനം കളിക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഗുണം ചെയ്യുമെന്ന് രാഹുല്‍ ദ്രാവിഡ്. അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, മുരളി വിജയ്, പൃഥ്വി ഷാ, പാര്‍ഥിവ് പട്ടേല്‍, ഹനുമ വിഹാരി എന്നിവര്‍ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉണ്ട്. ഇവര്‍ ഡിസംബര്‍ ആറിന് ഓസ്‌ട്രേലിയയ്‌ക്കെതിരേ ആരംഭിക്കുന്ന നാല് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുമുണ്ട്. ന്യൂസിലന്‍ഡിലെയും ഓസ്‌ട്രേലിയയിലും സാഹചര്യം ഒന്നല്ലെങ്കിലും കളിക്കാര്‍ക്ക് ഗുണകരമാകുമെന്ന് ദ്രാവിഡ് പറഞ്ഞു. പേസ് അനുകൂല പിച്ചുകളില്‍ കളിക്കാന്‍ ലഭിക്കുന്ന അവസരം താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ അനൗദ്യോഗിക ടെസ്റ്റ് 16ന് ആരംഭിക്കും. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ഇന്ത്യ എ ന്യൂസിലന്‍ഡില്‍ കളിക്കുക.

വീരമൃത്യുവരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

lands naik

കൊച്ചി: കശ്മീരില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിലെത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ ജില്ലാ കളക്ടര്‍ ഉള്‍പെടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തി. ഇവിടെനിന്നും മൃതദേഹം സൈനിക അകമ്പടിയോടെ ഉദയംപേരൂരിലെ സ്വവസതിയായ യേശുഭവന്‍ വീട്ടിലേക്ക് കൊണ്ടുവരും. സംസ്‌കാരം വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുരിയാട് എമ്പറര്‍ ഇമ്മാനുവല്‍ പള്ളിയിലാണ്. കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിലാണ് ആന്റണി വീരമൃത്യുവരിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ സ്ത്രീ സൗഹൃദ ഇടനാഴി വരുന്നു

tvm

തിരുവനന്തപുരം: നഗരം സ്മാര്‍ട്ടാകുന്നതിനോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച സുരക്ഷയും സൗകര്യങ്ങളുമൊരുക്കുകയാണ് കോര്‍പറേഷന്‍. തലസ്ഥാന നഗരത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വന്നുപോകുന്ന വിമെന്‍സ് കോളേജിനും കോട്ടണ്‍ഹില്‍ സ്‌കൂളിനുമിടയില്‍ വിമെന്‍സ് വാക്ക് വേ എന്ന പേരില്‍ സ്ത്രീസൗഹൃദ ഇടനാഴിയൊരുക്കാനാണ് പദ്ധതി. രണ്ടുകോടിയോളം രൂപ ചെലവില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ ഇരിപ്പിടങ്ങളും മുലയൂട്ടല്‍ കേന്ദ്രവും ശൗചാലയങ്ങളും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അടച്ചുറപ്പുള്ള ഈ നടപ്പാതയിലുണ്ടാകും. ആദ്യഘട്ടത്തില്‍ എഴുപത് ലക്ഷം രൂപ ചെലവില്‍ സമീപ പ്രദേശം സൗന്ദര്യവത്കരിക്കും. ഇടനാഴിയുടെ ഇരുവശങ്ങളിലുമായി പ്രശസ്ത സ്ത്രീ വ്യക്തിത്വങ്ങളുടെ ചിത്രങ്ങള്‍ സ്ഥാപിക്കും. പ്രദേശത്തെ സുരക്ഷയുറപ്പാക്കാന്‍ നിരീക്ഷണ കാമറകളും സ്ഥാപിക്കും. പ്ലാന്‍ ഫണ്ടില്‍ പെടുത്തിയാണ് നിര്‍മ്മാണം. പദ്ധതി നടപ്പാകുന്നതോടെ രാവിലെയും വൈകിട്ടുമുള്ള വഴുതക്കാട് ജംഗ്ഷനിലെ തിരക്കിനും പരിഹാരമാകും. ഈ മാസം അവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായുള്ള കരാര്‍നടപടികള്‍ പുരോഗമിക്കുകയാണ്. ആറുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാവുമെന്നും അധികൃതര്‍ പറയുന്നു. മറ്റു പല നഗരങ്ങളിലെയും പോലെ തിരുവനന്തപുരത്തും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കുറവില്ല. 287 റേപ്പ് കേസുകളടക്കം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ 1773 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സ്മാര്‍ട്ട് സിറ്റിയാകുന്നതോടെ തലസ്ഥാന നഗരത്തിന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് കൂടുതല്‍ സ്ത്രീസൗഹൃദ പദ്ധതികളുമായി കോര്‍പറേഷന്‍ മുന്നോട്ടു വരുന്നത്.

രണ്ടാമൂഴം: മധ്യസ്ഥന്‍ വേണമോയെന്ന് 17ന് തീരുമാനിക്കും

mt with sreekumar

കോഴിക്കോട്: രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ വൈകിയതിനാല്‍ തിരക്കഥ തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സംവിധായകനെതിരേ എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ ആര്‍ബിട്രേറ്ററെ നിയമിക്കണമോയെന്ന കാര്യത്തില്‍ കോടതി 17ന് വിധി പറയും. ആര്‍ബ്രിട്രേറ്റര്‍ മുഖേന തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേട്ടു. സിനിമ നിര്‍മിക്കാനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമത്തിന്റെ പ്രശ്‌നമുദിക്കുന്നില്ലെന്ന് എംടിയുടെ അഭിഭാഷകന്‍ വാദിച്ചു. വി.എ. ശ്രീകുമാര്‍ മേനോന്‍, അദ്ദേഹം മാനേജിംഗ് ഡയറക്ടറായ എര്‍ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരേയാണ് കേസ്. തിരക്കഥ ഉപയോഗിക്കുന്നത് താത്കമായി തടഞ്ഞ് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു.

ശബരിമല പ്രശ്‌നം നാളെ അവസാനിക്കുമെന്ന് പ്രതീക്ഷ: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

a-padmakumar

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ സംഘര്‍ഷവുമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല. നാളത്തെ യോഗത്തോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് തന്നെയാണ് പ്രതീക്ഷ. സുപ്രീം കോടതി തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളത്തെ യോഗത്തിന് ശേഷമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാളത്തെ സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫ് പങ്കെടുക്കും. ഇപ്പോഴെങ്കിലും യോഗം വിളിച്ചത് നന്നായി. നേരത്തെ വിളിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമന്വയത്തിന്റെ പാത ഉണ്ടാക്കാനാണ് നാളത്തെ യോഗത്തെ ഉപയോഗപ്പെടുത്തേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയില്‍ സിരിസേനയ്ക്ക് തിരിച്ചടി: പാര്‍ലമെന്റ് പിരിച്ചുവിടല്‍ നടപടി കോടതി റദ്ദാക്കി

maithripalasirisena

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട്, പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കിയ സിരിസേനയുടെ നടപടിക്കുശേഷം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലുണ്ടായ നാടകീയ വഴിത്തിരിവാണ് കോടതി വിധി. ജനുവരി അഞ്ചിന് നടത്താനിരുന്ന ഇടക്കാല പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നിറുത്തിവയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. സിരിസേനയുടെ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 13 പരാതികള്‍ പരിഗണിക്കെവയാണ് ചീഫ് ജസ്റ്രിസ് നളിന്‍ പെരേര ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഡിസംബര്‍ എഴുവരെ നടപടി റദ്ദാക്കുന്നതായും ഹര്‍ജികളില്‍ അന്ന് വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഈ സാഹചര്യത്തില്‍ 225 അംഗ സഭയില്‍ ഭൂരിപക്ഷം നേടുകയാണെങ്കില്‍ പുറത്താക്കപ്പെട്ട റെനില്‍ വിക്രമസിംഗെയ്ക്ക് വിശ്വാസം തെളിയിക്കാന്‍ കൂടി വഴിതെളിയുകയാണ്. സര്‍ക്കാരിന് കാലാധി പൂര്‍ത്തിയാക്കാന്‍ 20 മാസത്തോളം ബാക്കി നില്‍ക്കെയാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് സിരിസേന ഉത്തരവിട്ടത്. ജനുവരി 5ന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് മഹിന്ദ രാജപക്‌സെയെ പ്രധാമന്ത്രിയായി അവരോധിച്ചുകൊണ്ടുള്ള പ്രസിഡന്റ് സിരിസേനയുടെ നടപടിയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് കോടതിവിധി. നവംബര്‍ 16 വരെ പാര്‍ലമെന്റ് മരവിപ്പിച്ചുകൊണ്ട് സിരിസേന നേരത്തേ ഉത്തരവിട്ടിരുന്നു.

ഡിവൈഎഫ്‌ഐ സമ്മേളനത്തിന് ഇന്ന് സമാപനം; റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

pinarayi

കോഴിക്കോട്: വര്‍ഗീയതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐ 14 ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലി കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം എംപി, മന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. മൂന്നു തെരഞ്ഞെടുക്കപ്പെട്ട 508 പ്രതിനിധികളും 22 സൗഹാര്‍ദ്ദ പ്രതിനിധികളും നാല് നിരീക്ഷകരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 619 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആറേമുക്കാല്‍ മണിക്കൂര്‍ പൊതുചര്‍ച്ചകള്‍ക്ക് ശേഷം സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും.

ശബരിമല വാഹനങ്ങള്‍ക്ക് പാസ്; ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ചു

കൊച്ചി: ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ വാഹനത്തിന് പാസ് നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ വാദം കേട്ടതോടെയാണ് കോടതി ഇടപെടാന്‍ വിസമ്മതിച്ചത്. സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് ശേഷം രണ്ടു തവണ ശബരിമല തുറന്നപ്പോഴും ക്രമസമാധാന പ്രശ്‌നമുണ്ടായത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നത് എങ്ങനെയാണ് സഞ്ചാര സ്വാതന്ത്ര്യം തടയലാകുന്നതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ക്രമസമാധാനം കണക്കിലെടുത്ത് പോലീസിന്റെ സ്വാഭാവിക നടപടി മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി തള്ളുമെന്ന് വ്യക്തമായതോടെ പരാതിക്കാര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണനും ടി.എസ്.ബൈജുവും തുടങ്ങിയവരാണ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.

പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷകള്‍ എന്‍ജിനിയറിംഗ് കോളജുകളിലും

തിരുവനന്തപുരം: പിഎസ്‌സി യുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ ഇനിമുതല്‍ കേരളത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് എന്‍ജിനിയറിംഗ് കോളജുകളിലും നടത്തുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചു. ഹാന്റക്‌സില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. വ്യവസായ പരീശീലന വകുപ്പില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക് മെക്കാനിക്), ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/ കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ജൂണിയര്‍ ടൈം കീപ്പര്‍ എന്നീ തസ്തികകളിലേക്കു അഭിമുഖം നടത്തുന്നതിനും പിഎസ്‌സി യോഗം തീരുമാനിച്ചു.

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് 26 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 201920 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേക്കുള്ള ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ 26 വരെ ംംം.മെശിശസരെവീീഹ മറാശശൈീി.ശി എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. സീറ്റുകളുടെ എണ്ണം: ആറാം ക്ലാസിലേക്ക്60. ഒന്‍പതാം ക്ലാസിലേക്ക്15. (പ്രവേശന സമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതില്‍ വ്യത്യാസം വരും). പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം. ആറാം ക്ലാസ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2007 ഏപ്രില്‍ ഒന്നിനും 2009 മാര്‍ച്ച് 31നും മധ്യേ ജനിച്ചവരായിരിക്കണം. ഒന്‍പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2004 ഏപ്രില്‍ ഒന്നിനും 2006 മാര്‍ച്ച് 31നും ഒന്നിനും മധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. രക്ഷാകര്‍ത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ജനുവരി ആറിന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക് സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വേേു://ംംം. മെശിശസരെവീീഹ്ോ.ിശര.ശി എന്ന സ്‌കൂള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ തയാറാക്കുന്ന മെരിറ്റ് ലിസ്റ്റില്‍ നിന്നു മാത്രമായിരിക്കും പ്രവേശനം.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന മാതാവിന് ജീവപര്യന്തം

തൃശൂര്‍ : ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കിടപ്പുമുറിയില്‍ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ മാതാവിന് ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. തെക്കുംകര കുടിലില്‍ വീട്ടില്‍ ശരണ്യയെയാണ് (30) തൃശൂര്‍ നാലാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2010 ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. ഭര്‍ത്താവ് നിജോ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മുറിയില്‍ കയറി വാതിലടച്ച ശരണ്യ തന്റെ മരണത്തിന് ഭര്‍ത്താവും വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് ചുവരില്‍ എഴുതിവച്ച ശേഷമാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. തുടര്‍ന്ന് ശരണ്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇതിനിടെ ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് നിജോ വീട്ടുകാരോട് കാര്യം തിരക്കി. വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും, ശരണ്യയെ രക്തം വാര്‍ന്ന് ബോധമറ്റും കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസെടുത്ത കേസ് സി.ഐ ടി.എസ്. സിനോജായിരുന്നു അന്വേഷിച്ചത്.

ഒരു കോടിയുടെ നിരോധിത നോട്ടുമായി രണ്ടു പേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഒരു കോടിയുടെ നിരോധിതനോട്ടുകള്‍ കാറില്‍ കടത്തവേ രണ്ടു പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 99,74,000 രൂപയുടെ നിരോധിത 500, 1000 രൂപ കറന്‍സികളുമായി പനങ്ങാങ്ങര അബു (64), കുന്നത്ത്പാലം ശങ്കരന്‍ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കോടിയുടെ പഴയ കറന്‍സിക്ക് 25 ലക്ഷം രൂപ വരെ പുതിയ നോട്ടുനല്‍കാമെന്ന് പറഞ്ഞുറപ്പിച്ച് കമ്മീഷന്‍ തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വില പറഞ്ഞുറപ്പിച്ച ശേഷം, പുതിയ നോട്ടുകളുമായി പറയുന്ന സ്ഥലത്തെത്താന്‍ രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ അഡ്വാന്‍സ് ആവശ്യപ്പെടും. ഇത് സംഘത്തിലെ ഏജന്റുമാരുടെ അക്കൗണ്ടിലിടുകയോ നേരിട്ട് നല്‍കുകയോ ചെയ്യണം. പിന്നീട്, പണവുമായി വരുന്ന സമയം പൊലീസ് പിടിച്ചതായും മറ്റും പറഞ്ഞ് രക്ഷപ്പെടുന്ന പുതിയ തട്ടിപ്പു രീതിയാണ് അരങ്ങേറുന്നത്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചതായി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു.ജില്ലയില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനില്‍ മാത്രം പ്രത്യേക അന്വേഷണ സംഘം ഇതുവരെ പിടികൂടിയത് 18 കോടിയോളം രൂപയുടെ നിരോധിത കറന്‍സികളാണ്.