പുനരുദ്ധരിച്ച റെയില്‍വെ ക്വാട്ടേഴ്‌സുകള്‍ നശിക്കുന്നു

ഷൊര്‍ണൂര്‍: ലക്ഷങ്ങള്‍ ചെലവിട്ട് പുതുക്കിപ്പണിഞ്ഞ ഗണേഷ് ഗിരിയിലെ റെയില്‍വെ ക്വാര്‍ട്ടേഴ്‌സുകള്‍ ആള്‍ത്താമസമില്ലാതെ വീണ്ടും നാശത്തിലേക്ക്. മര ഉരുപ്പടികള്‍ മാറ്റി ഇരുമ്ബ് പട്ടയില്‍ പട്ടിക തീര്‍ത്ത് പുതുക്കിപ്പണിത നൂറിലധികം വീടുകളാണ് കാടുകയറിയത്.

നേരത്തെ ആയിരത്തിലധികം തൊഴിലാളികളുടെ ആവാസ സ്ഥലമായിരുന്നു ഗണേഷ് ഗിരി റെയില്‍വെ കോളനി. ഷൊര്‍ണൂരില്‍ നിന്ന് റെയില്‍വെയുടെ വിവിധ വകുപ്പുകള്‍ മാറ്റിയപ്പോള്‍ തൊഴിലാളികളുടെ എണ്ണവും നാമമാത്രമായി. ഇതോടെ റെയില്‍വെ കോളനികള്‍ കാട് കയറി നാശത്തിലായി. ഇതിനിടെയാണ് വീടുകള്‍ നവീകരിച്ചത്. ലക്ഷങ്ങള്‍ ചെലവിട്ടാണ് മിക്കവയും പുനരുദ്ധരിച്ചത്. പുറത്തുനിന്നുള്ള സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് താമസിക്കാന്‍ നല്‍കിയാല്‍ റെയില്‍വേയ്ക്ക് നല്ല വരുമാനം ലഭിക്കുമെങ്കിലും ഇതിനുള്ള അംഗീകാരം നേടിയെടുക്കാനായില്ല.
ഇതോടെ വീടുകള്‍ കാടുകയറിത്തുടങ്ങി. ഒറ്റപ്പെട്ട ചില വീടുകളില്‍ മാത്രമാണ് ഇപ്പോള്‍ താമസമുള്ളത്. നൂറിലധികം വീടുകള്‍ ഇപ്പോള്‍ തന്ന തകര്‍ന്നടിഞ്ഞ് കഴിഞ്ഞു. കാട്ടുപന്നികളും നായയ്ക്കളും ഇഴജന്തുക്കളും വിഹരിക്കുന്ന ഇവിടം സാമൂഹ്യ വിരുദ്ധരുടെയും ആവാസ സ്ഥലമാണിപ്പോള്‍. പട്ടാപകല്‍ പോലും ഇതുവഴി നടക്കാന്‍ ഭീതിയാണ് നാട്ടുകാര്‍ക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍