സുശാന്തിന്റെ സുഹൃത്തിനെയും വീട്ടുജോലിക്കാരെയും സിബിഐ ചോദ്യംചെയ്തു

 

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സുശാന്തിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിതാനി, കുശിനിക്കാരന്‍ നീരജ് സിംഗ്, വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെ ഇന്നലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. 
സാന്താക്രൂസിലെ കാലിനയിലുള്ള ഗസ്റ്റ് ഹൗസിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്. അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഇവര്‍ക്കൊപ്പം വെളുപ്പിന് 2.45നു ബാന്ദ്രയിലെ സുശാന്തിന്റെ മോ ബ്ലാ അപ്പാര്‍ട്ട്‌മെന്റ്‌സിലെ വസതി സന്ദര്‍ശിച്ചു. സംഭവം പുനഃസൃഷ്ടിക്കാനുള്ള നീക്കമാണ് സിബിഐ നടത്തുന്നത്. ഫോറന്‍സിക് ഉദ്യോഗസ്ഥരും മുംബൈ പോലീസ് ഉദ്യോഗസ്ഥരും ഈ സമയം ഫ്‌ളാറ്റിലെത്തിയിരുന്നു. സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ജൂണ്‍ 14ന് മൂവരും ഫ്‌ലാറ്റിലുണ്ടായിരുന്നതായാണു വിവരം. സിബിഐയുടെ രണ്ടാമത്തെ സംഘം സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയിലും മൂന്നാമത്തെ സംഘം മുംബൈ പോലീസ് സ്റ്റേഷനിലുമെത്തി. വെള്ളിയാഴ്ച പിതാനിയുടെയും നീരജിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തിയാണ് മകന്റെ മരണത്തിനു കാരണക്കാരിയെന്നു ചൂണ്ടിക്കാട്ടി സുശാന്തിന്റെ പിതാവ് പാറ്റ്‌ന പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം സിബിഐ ഏറ്റെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍