കായിക ലോകം സ്തംഭനത്തില്‍

 ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിന്റെ പരിശീലകന്‍ മൈക്കിള്‍ ആര്‍തെറ്റയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആര്‍തെറ്റയുമായി നേരിട്ട് ഇടപഴകിയ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നു ക്ലബ്ബ് അറിയിച്ചു. പരിശീലകനു കോവിഡ്19 ബാധിച്ചതോടെ ശനിയാഴ്ച ബ്രൈറ്റണിനെതിരായ ആഴ്‌സണലിന്റെ മത്സരം മാറ്റിവച്ചു. ലണ്ടനിലെ ആഴ്‌സണലിന്റെ പരിശീലന കേന്ദ്രവും അടച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ആഴ്‌സണലിന്റെ മത്സരവും മാറ്റിവച്ചിരുന്നു. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിച്ചതിനെത്തുടര്‍ന്ന് കായിക ലോകവും സ്തംഭനത്തിലാണ്. ഇന്ത്യയില്‍ ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റ്, ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പര, ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍, റോഡ് സേഫ്റ്റി ട്വന്റി20 ക്രിക്കറ്റ്, ഇന്ത്യന്‍ ഓപ്പണ്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയെല്ലാം കൊറോണയുടെ പിടിയിലകപ്പെട്ടു.അമേരിക്കയില്‍ എന്‍ബിഎ ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങളും സ്‌പെയിനില്‍ ലാ ലിഗ ഫുട്‌ബോളും ഇറ്റലിയില്‍ സീരി എ ഫുട്‌ബോളും നിര്‍ത്തിവച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ചില മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലേക്കു മാറ്റി. അമേരിക്കയിലെ മയാമിയില്‍ നടക്കേണ്ട മയാമി ഓപ്പണ്‍ ടെന്നീസ് മത്സരങ്ങള്‍ റദ്ദാക്കി.ഇറ്റാലിയന്‍ സൂപ്പര്‍ ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസിന്റെ ഡാനിയേല്‍ റുഗാനിക്ക് കൊറോണ പിടിപെട്ട സാഹചര്യത്തില്‍ ടീമിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അടക്കം നിരീക്ഷണത്തിലാക്കി. ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ഹന്നോവറിന്റെ പ്രതിരോധ താരം തിമോ ഹ്യൂബേര്‍ട്‌സിനും കൊറോണ ബാധിച്ചതായി സ്ഥിരീകരണമുണ്ട്.ഗ്രീക്ക് ഫുട്‌ബോള്‍ ക്ലബ്ബായ ഒളിമ്പ്യാക്കസിന്റെ ഉടമയായ വാന്‍ജെലിസ് മാരിനാകിസിന് കൊറോണയുള്ളതായി നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഐസിസി ട്വന്റി20 വനിതാ ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ മെല്‍ബണിലെ എംസിജി സ്റ്റേഡിയത്തിലെത്തിയ ആരാധകരില്‍ ഒരാള്‍ക്ക് കൊറോണ ഉള്ളതായി സ്ഥിരീകരണം എത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍