റിഫ്‌ളക്‌സും കാഴ്ചയും കുറഞ്ഞത് കോഹ്‌ലിക്ക് തിരിച്ചടിയായി: കപില്‍ദേവ്

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തില്‍ തികഞ്ഞ പരാജയമായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രശ്‌നം എന്താണെന്ന വെളിപ്പെടുത്തലുമായി മുന്‍ നായകന്‍ കപില്‍ ദേവ്. കോഹ്‌ലിയുടെ പ്രായം മുപ്പതുകളിലെത്തിയെന്നും മുപ്പതുകളില്‍ കാഴ്ച കുറയുമെന്നും അതുകൊണ്ടാണ് പ്രകടനം മോശമാകുന്നതെന്നും കപില്‍ ദേവ് പറഞ്ഞു. കൂടുതല്‍ സമയം പരിശീലനത്തിനു ചെലവിട്ടാല്‍മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടൂ എന്നും കപില്‍ വ്യക്തമാക്കി. 31 വയസാണ് കോഹ്‌ലിക്ക് ഇപ്പോഴുള്ളത്. റിഫ്‌ളക്‌സും കാഴ്ചയും കുറയുന്നതാണ് കോഹ്‌ലിക്ക് ന്യൂസിലന്‍ഡില്‍ തിരിച്ചടിയായത്. നിങ്ങള്‍ ഒരു പ്രത്യേക പ്രായമെത്തുമ്പോള്‍, പ്രത്യേകിച്ചും 30 പിന്നിടുമ്പോള്‍ കാഴ്ചശക്തിക്ക് പ്രശ്‌നമുണ്ടാകും. ഇന്‍സ്വിംഗറുകള്‍ ഫ്‌ളിക് ചെയ്തു ബൗണ്ടറി നേടുന്നതായിരുന്നു കോഹ്‌ലിയുടെ കരുത്ത്. എന്നാല്‍, ഇപ്പോള്‍ അത്തരം പന്തുകളില്‍ രണ്ടു തവണയാണ് അദ്ദേഹം പുറത്തായത്. പന്തിലുള്ള നോട്ടം അദ്ദേഹം കുറച്ച് ക്രമീകരിക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്. സെവാഗ്, ദ്രാവിഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് തുടങ്ങിയവരെല്ലാം ഈ ബുദ്ധിമുട്ടുകള്‍ നേരിട്ടവരാണ് കപില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍