സ്വകാര്യ ആശുപത്രികള്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കണം

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരെ പ്രവേശിപ്പിക്കുന്നതിനായി സ്വകാര്യസഹകരണ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് 19 മായി ബന്ധപ്പട്ട് സ്വകാര്യസഹകരണ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഐഎംഎ, ഐഎപി, കെജിഎംഒഎ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയ സൗകര്യം മതിയാകാതെവരുന്ന സാഹചര്യത്തിലാണ് സ്വകാര്യാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്. ആശുപത്രി അധികൃതര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് വഴി ലഭ്യമാക്കും. വാര്‍ഡുകള്‍ സജ്ജീകരിക്കുന്ന വിധം, ആവശ്യമായ വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അതത് ആശുപത്രികള്‍ക്ക് നല്‍കും. വെന്റിലേറ്ററിന്റെ കുറവ് നേരിടുന്നതിനാല്‍ വാര്‍ഡിനൊപ്പം വെന്റിലേറ്റര്‍കൂടി ലഭ്യമാക്കാന്‍ ആശുപത്രി തയാറാകണമെന്നും കളക്ടര്‍ അറിയിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ആശുപത്രിക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും വരുന്ന വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്ന് ഐഎംഎ ഭാരവാഹികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശുപത്രിയുടെ വിവരങ്ങള്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഷെഡ്യൂള്‍ തയാറാക്കണമെന്നും ഡോക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍