യാത്രക്കാരില്ല, കൊച്ചി വിമാനത്താവളത്തിന് കോടികളുടെ നഷ്ടം

 നെടമ്പാശേരി:കൊറോണ ഭീതിയാല്‍ വിമാനയാത്രികരുടെ എണ്ണത്തില്‍ വന്‍ കുറവ്. ഒരാഴ്ചക്കിടെ കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ 50 ശതമാനത്തിലേറെ കുറവുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്. ആഭ്യന്തര യാത്രക്കാരില്‍ 25 ശതമാനത്തിന്റെ കുറവുമുണ്ട്. യാത്രക്കാരുടെ കുറവ് വിമാനത്താവളത്തിനും വന്‍ നഷ്ടമുണ്ടാക്കുന്നുണ്ട്.പ്രതിസന്ധി നേരിടാന്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കും വന്‍തോതില്‍ കുറച്ചിട്ടുണ്ട്. യാത്രയ്ക്ക് തലേന്ന് ബുക്ക് ചെയ്യുമ്പോള്‍ 7,000 രൂപ വരെയുണ്ടായിരുന്ന മുംബയ് ടിക്കറ്റ് ഇപ്പോള്‍ 2,400 രൂപയായി ചുരുങ്ങി. 9,000 രൂപയിടെ ഡല്‍ഹി ടിക്കറ്റിന് 3388 രൂപയാണ് നിരക്ക്. കൊറോണ ബാധയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാനിരക്ക് നാലില്‍ ഒന്നായി കുറഞ്ഞു. മലേഷ്യയിലെ ക്വലാലംപൂരിലേക്ക് ഇരുവശത്തേക്കുമായി 24,000 രൂപ വരെ നിരക്കുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോള്‍ 6,700 രൂപക്ക് ലഭിക്കും. കുവൈറ്റ്, ദോഹ, ക്വലാലംപൂര്‍, കുവൈത്ത്, ജിദ്ദ എന്നിവിടങ്ങിലേയ്ക്കുള്ള കൊച്ചിയില്‍ നിന്നുള്ള 23 സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. ദോഹയിലേയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും, ഇന്‍ഡിഗോയുടെയും രണ്ട് വീതം സര്‍വീസുകള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് തുടരുന്നുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ളവരെ ദോഹയ്ക്ക് കൊണ്ടുപോകില്ല. ദോഹ വഴി യൂറോപ്പിലേയ്ക്കും, അമേരിക്കയിലേയ്ക്കും പോകുന്നവരെ കയറ്റും. കുവൈത്തിലേയ്ക്കുള്ള കുവൈത്ത് എയര്‍വേയ്‌സിന്റെയും, ഇന്‍ഡിഗോയുടെയും നാല് വീതം സര്‍വീസുകളും, ജസീറ എയര്‍ലൈന്‍സിന്റെ രണ്ട് സര്‍വീസും റദ്ദാക്കിയിരുന്നു. ജിദ്ദയിലേയ്ക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ നാല് സര്‍വീസുകള്‍ ഇതുവരെ റദ്ദാക്കി. ക്വലാലംപൂരിലേയ്ക്ക് മലിന്‍ഡോ എയറിന്റെ രണ്ട് സര്‍വീസും, എയര്‍ഏഷ്യയുടെ മൂന്ന് സര്‍വീസും മുടങ്ങി. പല വിമാനകമ്പനികളും ഒരാഴ്ചത്തേയ്ക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ചില കമ്ബനികള്‍ സര്‍വീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍