സിന്ധ്യക്കു പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കൂട്ടരാജി; ബിജെപിയിലേക്ക്

 ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജി സമര്‍പ്പിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറു കണക്കിനു പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതായാണു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് സ്റ്റേറ്റ് യൂണിറ്റ് സെക്രട്ടറി സുനില്‍ തിവാരിയും രാജി സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. തിവാരി രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കാണു കൈമാറിയത്. 32 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച നേതാവാണു തിവാരി. സാഗര്‍ ജില്ലാ അധ്യക്ഷന്‍ ഹിര സിംഗ് രജ്പുത്, ഭോപ്പാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൃഷ്ണ ഗാട്ട്‌ഗെ എന്നിവരും രാജി സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ കൃഷ്ണ ബിജെപി അംഗത്വവും സ്വീകരിച്ചു. കുറച്ചു നേതാക്കള്‍ കൂടി കോണ്‍ഗ്രസിനെ ഉപേക്ഷിക്കുമെന്നാണു മധ്യപ്രദേശില്‍നിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ചൊവ്വാഴ്ചയാണു ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. സിന്ധ്യക്കു പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാരും രാജിവച്ചതോടെ കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. എന്നിരുന്നാലും രാജിവച്ചൊഴിയാന്‍ മുഖ്യമന്ത്രി കമല്‍നാഥ് തയാറായിട്ടില്ല. ബുധനാഴ്ച സിന്ധ്യ ബിജെപി അംഗത്വവും സ്വീകരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍