ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നു പരിശീലനം

 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ 31 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തായ്‌ലന്‍ഡ്, മലേഷ്യ രാജ്യങ്ങള്‍ സന്ദര്‍ശിച്ച യുവാവിനാണ് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊറോണ എന്നു സംശയിക്കുന്ന ഒരു ബ്രിട്ടീഷ് പൗരനെ ഗോവയില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു ദിവസത്തെ കോവിഡ്19 പ്രതിരോധ പരിശീലനം നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 280 പേര്‍ പരിശീലനത്തില്‍ പങ്കെടുക്കും. റെയില്‍വേ, പ്രതിരോധ, അര്‍ധ സൈനിക ആശുപത്രികളിലെ വിദഗ്ധരും പരിശീലനത്തില്‍ പങ്കെടുത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് അടിയന്തര ആരോഗ്യ സംഘത്തെ സജ്ജീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ എംപിമാര്‍ക്കു ആരോഗ്യ നിര്‍ദേശം നല്‍കി. പാര്‍ലമെന്റ് പരിസരത്ത് വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കണം. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 1500 ആളുകളെ പാര്‍പ്പിക്കുന്നതിനുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ കരസേന വിവിധ സ്ഥലങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയങ്ങളില്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാര്‍ച്ച് 31 വരെ ബയോ മെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഏഴാം തീയതി മുതല്‍ അടച്ചിടും. വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കണമന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കി. സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും ബയോമെട്രിക് അറ്റന്‍ഡന്‍സ് ഒഴിവാക്കി. അട്ടാരിവാഗാ അതിര്‍ത്തിയില്‍ റിട്രീറ്റ് കാണാന്‍ ഇന്നലെ മുതല്‍ പൊതു ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍