മരണം ഏഷ്യയേക്കാള്‍ കൂടുതല്‍ യൂറോപ്പില്‍

റോം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതി വിതച്ച് കൊറോണ മരണം വര്‍ദ്ധിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ മരണം 3384 കവിഞ്ഞപ്പോള്‍ യൂറോപ്പില്‍ 3421 പിന്നിട്ടു.ലോകത്താകെ കൊറോണ മരണം 8400കഴിഞ്ഞു. 2,10,734 രോഗികള്‍ ചികിത്സയിലുണ്ട്. 82,721പേര്‍ രോഗമുക്തരായി.ഇറ്റലിയില്‍ സ്ഥിതിഗതികള്‍ അനുദിനം രൂക്ഷമാകുകയാണ്. 24 മണിക്കൂറിനിടെ 345 പേര്‍ മരിച്ചു. ആകെ മരണം 3405 കഴിഞ്ഞു. ദിനംപ്രതി 3500ഓളം പേര്‍ക്ക് രോഗം ബാധിക്കുന്നു. മഹാദുരന്തത്തിന്റെ സൂചനയാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.ശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ആശുപത്രി മോര്‍ച്ചറികളില്‍ ശവശരീരങ്ങള്‍ കൂടിക്കിടക്കുന്നു. ഉറ്റവരുടെ ശവസംസ്‌കാരത്തിന് പോലും പങ്കെടുക്കാന്‍ കഴിയാത്തവര്‍. ചടങ്ങുകളില്‍ വൈദികനും ശവം അടക്കുന്നയാളും മാത്രം.പ്രദേശിക പത്രങ്ങള്‍ ചരമവാര്‍ത്തകളുടെ പേജ് രണ്ടില്‍ നിന്ന് പത്ത് ആയി വര്‍ദ്ധിപ്പിച്ചു. യുദ്ധകാലത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല. ്വാസതടസവും ചുമയുമായി പോയ പലരും ജീവനോടെ മടങ്ങിവന്നില്ല. അഞ്ചുദിവസം കൊണ്ടാണ് ഇറ്റലിയിലെ മരണസംഖ്യ അതിഭീകരമായി ഉയര്‍ന്നത്.മരണം കുതിച്ചുയരുന്ന യൂറോപ്പില്‍ സമ്പൂര്‍ണ്ണ പ്രവേശന വിലക്ക് നിലവില്‍ വന്നു. യൂറോപ്യന്‍ യൂണിയന്‍ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര സാദ്ധ്യമല്ല.സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്‍ക്ക് അമേരിക്കയും ബ്രിട്ടനും സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെ ഇറക്കി. 50 ലക്ഷം മാസ്‌കുകള്‍ തയാറാക്കാന്‍ പ്രതിരോധ വകുപ്പ് യു.എസ് കമ്പനികളോട് നിര്‍ദ്ദേശിച്ചു. അമേരിക്കയില്‍ രോഗികളുടെ എണ്ണം 6600 ആയി. മരണം 125 കടന്നു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. അടിയന്തര സഹായമായി 85000 കോടിഡോളറിന്റെ പാക്കേജ് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.അതിനിടെ ചൈനയ്‌ക്കെതിരായ അമേരിക്കന്‍ വാക്‌പോര് തുടരുകയാണ്. കൊറോണയെ 'ചൈനീസ് വൈറസ്' എന്ന് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത് വിവാദമായി. കൊറോണ മരണത്തില്‍ മൂന്നാമതുള്ള ഇറാനില്‍ രോഗികളുടെ എണ്ണം 18000 കടന്നു. 1200 പേര്‍ മരിച്ചു. ചൈനയില്‍ 11 പേര്‍ കൂടി മരിച്ചു. 13 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു 80,894 പേരാണ് നിലവില്‍ രോഗികള്‍. 3237 പേര്‍ മരിച്ചു. 69,614 പേര്‍ രോഗമുക്തരായി. രോഗപ്പകര്‍ച്ച തടയുന്നതില്‍ ഭരണകൂടം പരാജപ്പെട്ടെന്ന് വിമര്‍ശിച്ച നൂറു പേര് തുര്‍ക്കിയില്‍ അറസ്റ്റിലായി. ബെല്‍ജിയം പൂര്‍ണ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചു. കൊറോണ വൈറസ് പ്ലാസ്റ്റിക്കിലും ഇരുമ്പിലും മൂന്നു ദിവസംവരെ ജീവിക്കുമെന്ന് ഇംഗ്ലണ്ടിലെ ഗവേഷകര്‍ കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍