പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

കോഴിക്കോട്:ജില്ലയില്‍ പക്ഷി പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലേക്ക് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന വഴിയാണ് കമ്പംമേട് ചെക്ക് പോസ്റ്റ്.സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി ജില്ലയിലെ പ്രധാന ചെക് പോസ്റ്റായ കമ്പംമെട്ടില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കിയത്. ദിനംപ്രതി ഇരുപത്തയ്യായിരത്തോളം കിലോ ബ്രോയിലര്‍ കോഴിയാണ് കമ്പം മേട് ചെക്ക് പോസ്റ്ററിലൂടെ സംസ്ഥാനത്തേയ്ക്ക് എത്തുന്നത് . തമിഴ്‌നാട് കര്‍ണാടക ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ് ബ്രോയിലര്‍ കോഴിയുടെ വരവ് . പുറമെ ലൗ ബേര്‍ഡ്‌സ് ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികളും ചെക്ക് പോസ്റ്റ് കടന്ന് ജില്ലയിലേക്കെത്തുന്നുണ്ട്.തൊടുപുഴയില്‍ വന്‍തോതില്‍ ശേഖരിച്ച ശേഷം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കമ്പം മേട്ടില്‍ നിന്നും വരുന്ന കോഴികള്‍ എത്തുന്നുണ്ട്. ഇതേ സമയം ചെക്കിംഗ് ഇല്ലാത്ത സമാന്തരപാതകളായ പതിനെട്ടാം പടി, രാമക്കല്‍മേട്, മാന്‍ കൊത്തി മേട്, ചതുരംഗപ്പാറ തുടങ്ങിയിടങ്ങളിലൂടെ തലച്ചുമടായും കോഴികളെ അതിര്‍ത്തി കടത്തുന്ന സംഘവും സജീവമാണ്. ഇവിടങ്ങളിലും മൃഗ സംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍