പത്തനംതിട്ടയില്‍ ഒമ്പതു പേര്‍ക്കു കൂടി കൊറോണയില്ല

പത്തനംതിട്ട:പത്തനംതിട്ടയില്‍ ഏറ്റവും ഒടുവില്‍ ലഭിച്ച കോവിഡ് 19 സംശയിച്ചിരുന്ന 9 പേരുടെ ഫലം നെഗറ്റീവ്. ഇതുവരെ അയച്ച സാമ്പിളുകളില്‍ 40 എണ്ണം നെഗറ്റീവുകളാണ്. 29 ആളുകള്‍ ആശുപത്രികളിലും 1250 ആളുകള്‍ വീടുകളിലും നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 22 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറ് പേരും സ്വകാര്യ ആശുപത്രിയായ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുമുള്‍പ്പെടെ 29 ആളുകളാണ് നിലവില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇത് വരെ കോവിഡ് 19 സംശയിച്ച 94 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 40 എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. 40 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ഇനിയും ലഭിക്കാനുണ്ട്. നെഗറ്റീവ് പരിശോധനാഫലം ലഭിച്ച 22 പേരെ ഇതുവരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 4000ത്തിലധികം അയ്യപ്പ ഭക്തന്മാരെ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ പമ്പയില്‍ വിന്യസിച്ചിട്ടുണ്ട്. ഫെബ്രുവരി 25 മുതല്‍ വിദേശത്ത് നിന്നും ജില്ലയിലേക്കെത്തിയ 726 പേരുടെ പടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതിനിടെ കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേര്‍ക്കും രോഗ ബാധ കണ്ടെത്താനായില്ല. ജില്ലയില്‍ നിന്നും ഇനി 17 പേരുടെ പരിശോധന ഫലം കൂടിയാണ് ലഭിക്കാനുള്ളത്. ഇക്കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായില്‍ നിന്നെത്തിയ പെരിങ്ങോം സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇയാളുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവാണ്. 48 മണിക്കൂറിന് ശേഷം വീണ്ടും ഇയാളുടെ സാമ്പിള്‍ പരിശോധനക്ക് അയക്കുമെന്നും ഇതിന്റെ ഫലം ലഭിച്ച ശേഷമെ രോഗം പൂര്‍ണമായി ഭേദമായെന്ന് ഉറപ്പിക്കാനാകൂവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതിനൊപ്പം ഇയാളുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ നാല് പേരുടെ പരിശോധനാ ഫലവും പുറത്ത് വന്നിട്ടുണ്ട്. ഇതും നെഗറ്റീവാണ്. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളുടെ ഭാര്യ, അമ്മ, പരിശോധന നടത്തിയ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ എന്നിവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ മകന്റെ പരിശോധന ഫലം നാളെ ലഭിക്കും. ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാമ്പിളുകളുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇവയെല്ലാം നെഗറ്റീവ് ആണ്. 17 പേരുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ആശുപത്രിയില്‍ 44 പേരും വീടുകളില്‍ 283 പേരുമുള്‍പ്പടെ ആകെ 327 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍