യൂറോ, കോപ്പ നീട്ടി

സൂറിച്ച്: കൊറോണ ഭീഷണിയില്‍ കായിക ലോകത്തെ വമ്പന്‍ പോരാട്ടങ്ങളില്‍ ഒന്നായ യുവേഫ യൂറോ കപ്പ് ഫുട്‌ബോളും നീട്ടിവച്ചു. കൊറോണ അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെടുകയോ താത്ക്കാലികമായി റദ്ദാക്കുകയോ ചെയ്യപ്പെടുന്ന കായിക മത്സരങ്ങളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണ് യൂറോ കപ്പ്. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയായി യുവേഫ അംഗത്വമുള്ള 12 രാജ്യങ്ങളിലായിരുന്നു യൂറോ 2020 കപ്പ് ഫുട്‌ബോള്‍ നടക്കേണ്ടിയിരുന്നത്. 2021ലേക്കാണ് ചാമ്പ്യന്‍ഷിപ്പ് നീട്ടിയത്. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 11വരെ 12 യുവേഫ രാജ്യങ്ങളിലെ 12 നഗരങ്ങളിലായി മത്സരം നടക്കുമെന്ന് ഇന്നലെ അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂറോ കപ്പ് നീട്ടിവയ്ക്കണമെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഗബ്രിയേല ഗ്രാവിന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ യുവേഫയും യുവേഫ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവയ്ക്കുന്നതിന്റെ ഔദ്യേഗിക തീരുമാനമുണ്ടായത്. യോഗശേഷം യുവേഫ പ്രസിഡന്റ് അലെക്‌സാണ്ടര്‍ കെഫെറിന്‍ ആണ് തീരുമാനം അറിയിച്ച്. യുവേഫയിലെ 55 രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മിക്ക പ്രതിനിധികളും പങ്കെടുത്തത്. യൂറോ കപ്പിനു പിന്നാലെ യുവേഫയുടെ കീഴില്‍ നടക്കേണ്ട പുരുഷവനിതാ മത്സരങ്ങളെല്ലാം അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവച്ചതായും അധികൃതര്‍ വ്യക്തമാക്കി. നേരത്തേ തന്നെ യുവേഫയുടെ കീഴിലുള്ള യൂറോപ്പ, ചാമ്പ്യന്‍സ് ലീഗ് ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നീട്ടിവച്ചിരുന്നു. കാല്‍പ്പന്ത് കളിയിലെ ലാറ്റിനമേരിക്കന്‍ സൗന്ദര്യം വ്യക്തമാകുന്ന കോപ്പ അമേരിക്ക കപ്പും കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കി. ജൂണ്‍ 12 മുതല്‍ ജൂലൈ 12വരെ അര്‍ജന്റീന, കൊളംബിയ എന്നിവിടങ്ങളിലായി ആയിരുന്നു 2020 കോപ്പ അമേരിക്ക നടക്കേണ്ടിയിരുന്നത്. യൂറോ കപ്പ് മാറ്റിയതിനു പിന്നാലെയായിരുന്നു കോപ്പ അമേരിക്കയും റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം. 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11ലേക്കാണ് കോപ്പ മത്സരങ്ങള്‍ മാറ്റിയത്. ഇതാദ്യമായാണ് രണ്ട് രാജ്യങ്ങളിലായി കോപ്പ അമേരിക്ക അരങ്ങേറാനൊരുങ്ങിയത്. ഓസ്‌ട്രേലിയ, ഖത്തര്‍ എന്നിവ ഇത്തവണത്തെ കോപ്പ അമേരിക്കയ്ക്ക് പ്രത്യേക ക്ഷണിതാക്കളായി എത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍