തെരുവുനായശല്യം ജീവനു ഭീഷണി വന്ധ്യംകരണത്തോടൊപ്പം പേവിഷബാധ ഉണ്ടാകാതിരിക്കാനുള്ള സംവിധാനവും കോര്‍പ്പറേഷന്‍ പ്രയോഗിക്കണം

കോഴിക്കോട്:തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഈയടുത്തകാലത്തായി തെരുവുനായശല്യം മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്.ആളുകള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.പ്രത്യേകിച്ചും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും. ആറും ഏഴും എണ്ണം ഉള്‍പ്പെടുന്ന സംഘമായിട്ടാണ് നായ്ക്കളുടെ സഞ്ചാരം. പ്രധാന റോഡുകള്‍ പോലും ഇവയുടെ വിഹാരരംഗമാണ്. രാവിലെയാണ് ശല്യം കൂടുതല്‍. സ്‌കൂളുകളിലും ട്യൂഷനും മറ്റും പോകുന്ന വിദ്യാര്‍ത്ഥികളും പ്രഭാതസവാരിക്കിറങ്ങുന്നവരും വളരെ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. നായ്ക്കളെ കണ്ട് കുട്ടികള്‍ പേടിച്ചു ഓടുന്നത് പതിവ് കാഴ്ചയാണ്. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണിത്. റോഡില്‍ ആളുകളെ സുഗമമായി നടത്തിക്കില്ലെന്ന രീതിയിലാണ് ഇവറ്റകളുടെ പരാക്രമങ്ങള്‍. ജീവന്‍ പണയം വച്ചാണ് ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ വഴി നടക്കുന്നത്. കോര്‍പ്പറേഷന്‍ ഈ കാര്യത്തില്‍ കാര്യക്ഷമവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.തെരുവുനായ്ക്കളെ പിടിച്ചു കൊണ്ടുപോയി വന്ധ്യംകരണം നടത്തി വിടുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.വന്ധ്യംകരണം നടത്തി വിടുന്നത് കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വംശവര്‍ദ്ധനവ് തടയാമെന്നല്ലാതെ ആളുകളുടെ ഭയം ഇല്ലാതാക്കാന്‍ ഇതുകൊണ്ട് കഴിയുന്നില്ല. നായ കടിച്ചാല്‍ അതിനു പേവിഷബാധയുണ്ടോ ഇല്ലേ എന്ന് അറിയാന്‍ പറ്റുന്നില്ല. നായ്ക്കളില്‍ പേവിഷബാധ ഉണ്ടാകാതിരിക്കാനുള്ള കുത്തിവെപ്പുകളോ മരുന്നോ പ്രയോഗിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. വന്ധ്യംകരണത്തിനൊപ്പം നായ്ക്കള്‍ക്ക് മനുഷ്യനെ കടിക്കാന്‍ തോന്നാത്ത അവസ്ഥ സംജാതമാക്കണം. അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഗവേഷണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വന്ധ്യംകരണം നടത്തി അവയെ തിരിച്ചു വിടാനേ കഴിയുകയുള്ളൂ എന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ അടക്കമുള്ളവര്‍ പറയുന്നത്. വന്ധ്യംകരണത്തിനൊപ്പം തന്നെ നായ കടിച്ചാല്‍ മനുഷ്യര്‍ക്ക് പേവിഷബാധ ഏല്‍ക്കാതിരിക്കാനുള്ള കുത്തിവെപ്പ് നായ്ക്കളില്‍ നടത്തണം. അതിനു തെളിവായി അടയാളവും നായ്ക്കളുടെ ദേഹത്ത് ഇടണം. ഇങ്ങനെ ചെയ്താല്‍ പൊതുജനങ്ങളുടെ ആശങ്ക ഒരുപരിധിവരെയെങ്കിലും കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍