കര്‍ണാടക: ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ നിയന്ത്രണം

 ബംഗളൂരു: രാജ്യത്തെ ആദ്യ കോവിഡ്19 മരണം കര്‍ണാടകയിലെ കാലാബുരാഗിയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും താത്കാലിക ജീവനക്കാരുടെയും അവധി റദ്ദാക്കി. സംസ്ഥാനത്തെ സ്‌കൂളുകള്‍, മാളുകള്‍, സിനിമാ തിയറ്ററുകള്‍, പബ്ബുകള്‍, നൈറ്റ് ക്ലബുകള്‍ എന്നിവ ഒരാഴ്ചത്തേക്ക് പൂട്ടിയിടണം. വിവാഹച്ചടങ്ങുകള്‍, ഉത്‌സവാഘോഷങ്ങള്‍, ആളുകള്‍ പങ്കെടുക്കുന്ന മറ്റു ചടങ്ങുകള്‍ എന്നിവ ഒരാഴ്ചത്തേക്ക് നിരോധിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എല്‍സി, പിയുസി പരീക്ഷകള്‍ക്കും ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. ആറാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ റദ്ദാക്കിയതായും ഇവരുടെ മധ്യവേനലവധി ആരംഭിച്ചതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ബിഎംടിസി, കെഎസ്ആര്‍ടിസി, മെട്രോ സര്‍വീസുകളിലെ അനാവശ്യ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും ഐടി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീടുകളില്‍നിന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്നെത്തുന്ന എല്ലാവരെയും 14 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തിലാക്കും. ജീവനക്കാരെ ഒരു കാരണവശാലും വിദേശത്തേക്ക് അയയ്ക്കരുതെന്നും നിലവില്‍ വിദേശത്തുള്ള ജീവനക്കാരെ തിരിച്ചുകൊണ്ടുവരരുതെന്നും ഐടി കമ്പനികളോട് ആവശ്യപ്പെട്ടു. സാഹചര്യം നിരീക്ഷിച്ചശേഷം നിരോധനം പിന്‍വലിക്കുമെന്നും സര്‍ക്കാരും ജില്ലാഭരണകൂടങ്ങളും കൈക്കൊള്ളുന്ന തീരുമാനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ അഭ്യര്‍ഥിച്ചു. നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കില്ലെന്നും സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിതരെ ചികിത്‌സിക്കുന്നതിനായി ബംഗളൂരുവിലെ രാജീവ്ഗാന്ധി ഹോസ്പിറ്റല്‍ ഫോര്‍ ചെസ്റ്റ് ഡിസീസിലും മംഗളൂരു വെന്റ്‌ലോക് ആശുപത്രിയിലും 250 കിടക്കകള്‍ വീതം സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍