ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കോഴിക്കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഗവ. ബീച്ച് ആശുപത്രിയിലെ തിരക്ക് പകുതിയായി കുറഞ്ഞു. ശരാശരി 3000 ആളുകളെത്തുന്ന ഒ.പിയില്‍ ഇപ്പോള്‍ ആയിരത്തി അഞ്ഞൂറോളം രോഗികളാണെത്തുന്നത്. മെഡിസിന്‍, യൂറോളജി, നേത്ര വിഭാഗം തുടങ്ങിയ ഒ.പികളില്‍ തിരക്ക് കുറവാണ്. അത്യാഹിത വിഭാഗത്തിലും സമാന അവസ്ഥയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്ക്. രോഗികൊള്‍പ്പം ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രി സൂപ്രണ്ട് വി. ഉമ്മര്‍ഫാറൂഖിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനം.
ആശുപത്രിയിലെത്തുന്ന ഭൂരിഭാഗം പേരും മാസ്‌ക്ക് ധരിക്കുന്നുണ്ട്. പനിയും അനുബന്ധ ലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് അത്യാഹിക വിഭാഗത്തിന് സമീപം കവാടത്തിന് മുന്നില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. കൊറോണയുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി പൊതു ഒ.പിയായ ട്രെയാജ് ഏരിയ ഒന്നിലും, വിദേശത്തു നിന്നെത്തിയവരും അവരുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയവരും ട്രെയാജ് ഏരിയ രണ്ടിലും, കൊറോണ സ്‌ക്രീനിംഗിനായി ട്രെയാജ് ഏരിയ മൂന്നിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്കുകളിലൂടെ വന്നവരാണെങ്കില്‍ ആദ്യപടിയായി തെര്‍മല്‍ ഗണ്‍ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന നടത്തും. തുടര്‍ന്ന് രോഗബാധിതരാണെങ്കില്‍ സ്‌പെഷ്യല്‍ ഒ.പിയിലെ ഡോക്ടര്‍മാര്‍ പരിശോധിക്കും. തുടര്‍ന്ന് ഒ.പിക്കുള്ളിലൂടെയുള്ള സ്‌പെഷ്യല്‍ എന്‍ട്രന്‍സിലൂടെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്യും. ഇതിനായി രണ്ട് ഐസൊലേഷന്‍ വാര്‍ഡുകളുണ്ട്. ഒന്നാം വാര്‍ഡില്‍ പത്തും, രണ്ടാം വാര്‍ഡില്‍ ആറും രോഗികളെ ഉള്‍ക്കൊള്ളുന്നതാണ് ഈ വാര്‍ഡുകള്‍. രോഗാവമില്ലെങ്കില്‍ മരുന്നുകള്‍ നല്‍കി 14 ദിവസം ഹോം ക്വാറന്റയിനും നിര്‍ദേശിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍