അവശ്യസാധനങ്ങള്‍ ചൈനയില്‍നിന്നു കൊണ്ടുവരാന്‍ എയര്‍ ലിഫ്റ്റിംഗ്

മുംബൈ: കൊറോണ ദുരന്തത്തെത്തുടര്‍ന്നു ചരക്കുനീക്കം സ്തംഭിച്ച ചൈനയില്‍നിന്ന് ആവശ്യമെങ്കില്‍ വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മരുന്നു നിര്‍മാണത്തിനുള്ള രാസസംയുക്തകങ്ങളും മറ്റും പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നാല്‍, സ്വകാര്യ മരുന്നുകമ്പനികള്‍ക്കും മറ്റുമായി സാധനങ്ങള്‍ ചൈനയില്‍നിന്നു കൊണ്ടുവരാനുള്ള ചെലവ് അവര്‍തന്നെ വഹിച്ചാലേ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കൂ എന്നു കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഔഷധങ്ങള്‍ക്കാവശ്യമായ രാസസംയുക്തങ്ങളില്‍ 68 ശതമാനവും ഇന്ത്യ ചൈനയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള രാസസംയുക്തങ്ങള്‍(ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്) ചൈനയില്‍നിന്നു കിട്ടാതായാല്‍ ഉണ്ടാകാനിടയുള്ള ക്ഷാമം മുന്നില്‍ക്കണ്ടാണ് നടപടി. രാജ്യത്തു മരുന്നുകള്‍ക്കു ദൗര്‍ലഭ്യം വരാതിരിക്കാന്‍ നിരവധി ഔഷധങ്ങളുടെ കയറ്റുമതി ഇന്ത്യ കഴിഞ്ഞ ദിവസം നിയന്ത്രിച്ചിരുന്നു. മരുന്നുകള്‍ക്കുവേണ്ടിയുള്ള രാസസംയുക്തങ്ങള്‍ക്കു പുറമേ മറ്റ് അടിസ്ഥാന വസ്തുക്കളുടെ നിര്‍മാണത്തിനാവശ്യമായ ഘടകപദാര്‍ഥങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
അടുത്ത മാസം വരെയുള്ള മരുന്നു നിര്‍മാണത്തിനുള്ള രാസസംയുക്തങ്ങള്‍ രാജ്യത്തെ മിക്ക മരുന്നു നിര്‍മാണ ഫാക്ടറികളിലുമുണ്ടെന്നാണ് വിവരം. ഇതിനുള്ളില്‍ ചൈനയില്‍നിന്നുള്ള ചരക്കു നീക്കം പഴയപടിയാകുമോ എന്നാണ് അറിയേണ്ടത്. ചൈനയിലെ വൈറസ് വ്യാപനം കുറഞ്ഞതായും ഫാക്ടറികളും മറ്റും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നുമാണ് അവിടെനിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ആഴ്ച മുമ്പു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ചൈനയില്‍നിന്നുള്ള ചരക്കു നീക്കം നിലച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യവസായ ഉടമകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പണം മുഴുവന്‍ അടച്ചിട്ടും ചൈനയില്‍നിന്നു സാധനങ്ങള്‍ ലഭിക്കാതായതിനെത്തുടര്‍ന്ന് കടുത്ത മൂലധന പ്രതിസന്ധിയിലായ കമ്പനികളുടെ പ്രതിനിധികളുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇത്തരത്തിലുള്ള കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇടക്കാല വായ്പകള്‍ നല്കാന്‍ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണു വിവരം. പ്രതിസന്ധി പരിഹരിക്കാന്‍ പൊതുവിലുള്ള പ്രശ്‌നപരിഹാരം നിശ്ചയിക്കുന്നതിനു പകരം ഓരോ കേസും പ്രത്യേകം പരിഗണിച്ചു നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വരും ദിവസങ്ങളിലും വിവിധ വ്യവസായ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍