സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം. ഓഫീസുകളില്‍ അടിയന്തരമല്ലാത്ത യോഗങ്ങളും യാത്രകളും ഒഴിവാക്കാനും ഇ ഫയലുകള്‍ ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൊതുഭരണ വകുപ്പ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അത്യാവശ്യക്കാരൊഴികെ സന്ദര്‍ശകരെ ഓഫീസിലേക്ക് കടത്തിവിടരുതെന്നാണ് പ്രധാന നിര്‍ദേശം. ജീവനക്കാരെയും സന്ദര്‍ശകരെയും കഴിവതും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണം. അടിയന്തരമല്ലാത്ത യോഗങ്ങളും അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകളും ഒഴിവാക്കണം. യോഗങ്ങള്‍ കഴിവതും വീഡിയോ കോണ്‍ഫറന്‍സ് വഴി ആക്കുക എന്നീ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. ഫിസിക്കല്‍ ഫയലിന് പകരം ഇ ഫയലുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫീസുകളിലെ റിക്രിയേഷന്‍ ക്ലബ്, ജിം പ്രവര്‍ത്തനം നിര്‍ത്തണം. ജീവനക്കാര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അണുമുക്തമാക്കണം. വാഷ് റൂമുകളില്‍ സ്ഥിരമായി സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം എന്നിങ്ങനെ പോകുന്ന മറ്റു നിര്‍ദേശങ്ങള്‍. പ്രായമേറിയ ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റു അസുഖമുള്ളവര്‍ എന്നിവരെ പൊതുജനങ്ങളുമായി ഇടപെടേണ്ട ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പടി കയറുന്നതിന് ബുദ്ധിമുട്ടുള്ളവരൊഴികെ ലിഫ്റ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍