ബണ്ടിന് സമീപത്ത്‌വച്ചല്ല ദേവനന്ദ പുഴയില്‍ വീണത്, ഫോറന്‍സികിന്റെ നിര്‍ണായക കണ്ടെത്തല്‍

 കൊല്ലം: പള്ളിമണ്‍ ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ പുഴയില്‍ വീണത് ബണ്ടിന് സമീപത്തല്ലെന്ന് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. വീടിന് സമീപത്തെ കുളിക്കടവില്‍ നിന്നായിരിക്കാം കുട്ടി വെള്ളത്തിലേക്ക് വീണതെന്നാണ് ഫോറന്‍സിക് വിദഗ്ദരുടെ നിഗമനം.വീടിന് 75 മീറ്റര്‍ മാത്രം അകലെയുള്ള കുളിക്കടവില്‍ മുങ്ങിത്താഴ്ന്ന കുട്ടി ഒഴുക്കില്‍പ്പെട്ട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയതാകാം. മൃതദേഹ പരിശോധനയില്‍ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു. ബണ്ടിന് സമീപത്ത്‌വച്ചാണ് ദേവനന്ദ വെള്ളത്തിലേക്ക് വീണതെങ്കില്‍ വയറ്റില്‍ ഇത്രയും ചെളി ഉണ്ടാകില്ലായിരുന്നു.മാത്രമല്ല ബണ്ടിനടുത്തുനിന്നാണ് വെള്ളത്തിലേക്ക് വീണതെങ്കില്‍ മൃതദേഹം മറ്റെവിടെയെങ്കിലും പൊങ്ങാനായിരുന്നു സാദ്ധ്യത കൂടുതല്‍.കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ കൂടിയതോടെ അന്വേഷണ സംഘം ഫോറന്‍സികിന്റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിസ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം ഇത്തിക്കരയാറിന് സമീപം പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഫലം ഉടന്‍തന്നെ അന്വേഷണ സംഘത്തിന് കൈമാറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍