ബാങ്ക് ഇടപാടുകാര്‍ക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് 19 നെതിരേയുള്ള മുന്‍കരുതലിന്റെ ഭാഗമായി ബാങ്ക് ഇടപാടുകാര്‍ക്കായി ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പാസ്ബുക്ക് പതിപ്പിക്കാന്‍ ബാങ്ക് ശാഖകളില്‍ വരണമെന്നില്ല. എല്ലാ ബാങ്കുകള്‍ക്കും മൊബൈല്‍ മിസ്ഡ് കോള്‍ കൊടുത്താല്‍ ബാലന്‍സ് അറിയാന്‍ സംവിധാനം ഉണ്ട്. മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴിയും അക്കൗണ്ടിലെ തുക അറിയാം.വായ്പകളെ കുറിച്ചുള്ള അന്വേഷണം മൊബൈല്‍ വഴി ആക്കാം. ബാങ്കുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പണം പിന്‍വലിക്കാന്‍ എടിഎം ഉപയോഗിക്കുക. ഉപയോഗിക്കുന്നതിനു മുന്പും ഉപയോഗ ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.പണം അടയ്ക്കാന്‍ കഴിയുന്നതും കാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗിക്കണം, ശാഖകള്‍ സന്ദര്‍ശിക്കാതെ ശരിദൂരം പ്രാവര്‍ത്തികമാക്കുക. ബാങ്ക് ശാഖകളില്‍ കാഷ്യര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തുടങ്ങിയവരില്‍ നിന്നും ശരിയായ അകലം പാലിച്ചു മാത്രം ആശയവിനിമയം നടത്തുക. കഴിയുന്നതും മാസ്‌ക് ഉപയോഗിക്കുക. കറന്‍സി നോട്ടുകള്‍ കഴിയുന്നതും വാങ്ങാതിരിക്കാനും കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇടപാടുകള്‍ എല്ലാം ഡിജിറ്റല്‍ ആക്കുന്നതു വഴി ഇതു പ്രാവര്‍ത്തികമാക്കാം. കഴിയുന്ന ഇടങ്ങളില്‍ എല്ലാം എടിഎം കാര്‍ഡ് പിഒഎസ് മെഷീനില്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുക.ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുക, പണം അയയ്ക്കാന്‍ ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിക്കുക. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക. ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ എല്ലാ ഇടപാടുകളും നടത്താന്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്.കഴിയുന്നതും ഇത്തരം സാഹചര്യങ്ങളില്‍ ബ്രാഞ്ച് ശാഖ സന്ദര്‍ശിക്കാതിരിക്കുക. അഥവാ ബാങ്കില്‍ വരേണ്ട അത്രയും പ്രാധാന്യമുള്ള ആവശ്യമുണ്ടെങ്കില്‍ മാസ്‌ക് ധരിക്കുക. ബാങ്ക് ജീവനക്കാരില്‍ നിന്നു നിശ്ചിത അകലം പാലിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍