അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

കല്‍പ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ ചെക്ക്‌പോസ്റ്റുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766 ലെ മുത്തങ്ങ ചെക്‌പോസ്റ്റിലാണ് മന്ത്രി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കര്‍ണ്ണാടകയില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ ബസുകളടക്കമുള്ള വാഹനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിച്ചു.
യാത്രക്കാര്‍ക്ക് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കി. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ എന്നിവരും മന്ത്രിക്കൊപ്പം പരിശോധനയില്‍ പങ്കെടുത്തു. പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ് വിശദീകരിച്ചു.സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ജാഗ്രാതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയും അനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന സമീപനമാണ് എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടത്. രോഗ ഭീഷണി ഒഴിഞ്ഞെന്ന് ഉത്തമ ബോധ്യം വരുന്നതുവരെ ഇത്തരം പരിശോധനകളും നിയന്ത്രണങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചെക്ക് പോസ്റ്റുകളിലെ പരിശോധനയില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം പരിശോധനയോടുള്ള യാത്രക്കാരുടെ സഹകരണത്തെ അഭിനന്ദിച്ചു.ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന 10 ഇടങ്ങളിലാണ് പോലീസ്, വനം, എക്‌സൈസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പരിശോധന നടത്തുന്നത്. പനി ലക്ഷണമുള്ളവരെ ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധനക്കായി മാറ്റും. പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ ഇന്നലെ വൈകുന്നേരം വരെ നടന്ന പരിശോധനയില്‍ 1071 വാഹനങ്ങളില്‍ നിന്നായി 3519 യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍