ആവേശത്തിരയുയര്‍ത്തി സ്‌പോര്‍ട്‌സ് കേരള മാരത്തണ്‍

 കണ്ണൂര്‍: റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി കേരള കായികവകുപ്പ് കണ്ണൂരില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കേരള മാരത്തണ്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തോളം പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ഐക്യവും സാഹോദര്യവും പുലര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് മൈതാനിയില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. 21, 10, അഞ്ചു കിലോമീറ്ററുകളിലായാണ് മത്സരങ്ങള്‍ നടന്നത്. ഒപ്പം മൂന്നു കിലോമീറ്റര്‍ നടത്തമത്സരവും സംഘടിപ്പിച്ചു. പുലര്‍ച്ചെ 5.30ന് ആരംഭിച്ച മത്സരങ്ങള്‍ രാവിലെ എട്ടരയോടെ അവസാനിച്ചു. 21 കിലോമീറ്റര്‍ മാരത്തണ്‍ കളക്ടറേറ്റ് മൈതാനിയില്‍ നിന്നാരംഭിച്ച് പയ്യാമ്പലം ബീച്ച് വഴി തിരിച്ച് കളക്ടറേറ്റ് മൈതാനിയില്‍ തന്നെ സമാപിച്ചു. മറ്റു വിഭാഗങ്ങള്‍ കളക്ടറേറ്റ് മൈതാനിയില്‍ ആരംഭിച്ച് നഗരംചുറ്റി ആരംഭിച്ചിടത്തു തന്നെ സമാപിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരമാണ് നടത്തിയത്.21 കിലോമീറ്റര്‍ വിഭാഗത്തില്‍ ആനന്ദ് കൃഷ്ണന്‍, ടി.പി. ആശ എന്നിവര്‍ ഒന്നാംസ്ഥാനം നേടി.10 കിലോമീറ്റര്‍ വിഭാഗത്തില്‍ ഷെറിന്‍ ജോസ്, സ്റ്റെല്ല എന്നിവര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അഞ്ചു കിലോമീറ്റര്‍ വിഭാഗത്തില്‍ വിഷ്ണു, അപര്‍ണ എന്നിവരാണ് ഒന്നാം സ്ഥാനത്ത െത്തി യത്. ഓരോ വിഭാഗത്തിലും ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി. ഈ മാസം എട്ടിന് കോഴിക്കോട് ബീച്ചിലും 15ന് എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡിലും മിനി മാരത്തണ്‍ നടക്കും. 22ന് തിരുവനന്തപുരം ശംഖുമുഖത്ത് മെഗാ മാരത്തണ്‍ നടത്തും. മിനി മാരത്തണില്‍ മൂന്ന്, അഞ്ച്, 10, 21 കിലോമീറ്ററുകളിലും മെഗാ മാരത്തണില്‍ മൂന്ന്, അഞ്ച്,10, 21, 42 കിലോമീറ്ററുകളിലുമാണ് മത്സരം. മെഗാ മാരത്തണിന് വിവിധ ഭാഗങ്ങളിലായി ആകെ പത്തുലക്ഷം രൂപയും മിനി മാരത്തണിന് രണ്ടുലക്ഷം രൂപയും സമ്മാനം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് ടി ഷര്‍ട്ടും ഫിനിഷ് ചെയ്യുന്നവര്‍ക്ക് മെഡലും നല്‍കും. ലഘുഭക്ഷണവും കുടിവെള്ളവും മെഡിക്കല്‍ സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, ഫുട്‌ബോള്‍ താരം സി.കെ. വിനീത്, സ്‌പോര്‍ട് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, ബി. അജിത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍