ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നു ടിക്കാറാം മീണ

തിരുവനന്തപുരം: കോവിഡ്19 ഭീഷണിയുമായി ബന്ധപ്പെട്ടു സംസ്ഥാനം അതീവ ജാഗ്രതയിലായ സാഹചര്യത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കുമെന്നു മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനത്തോടെ ഉണ്ടായേക്കുമെന്ന പ്രചാരമുയര്‍ന്നിരുന്നു. എന്നാല്‍, അന്തിമ തീയതി തീരുമാനിക്കുന്നതിനു മുന്‍പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടും സംസ്ഥാന സര്‍ക്കാരിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടാറുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അഭിപ്രായം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.
കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ പൂര്‍ണമായി നടപ്പാക്കാനായെങ്കില്‍ ഇക്കാലയളവില്‍ തെരഞ്ഞെടുപ്പു നടത്തുന്നതില്‍ തെറ്റില്ല. എന്തു തന്നെയായാലും സാഹചര്യം വിലയിരുത്തിയാകും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു. കുട്ടനാടിനൊപ്പം ചവറയിലും നിയമസഭാ ഉപതെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. ഇരു മണ്ഡലങ്ങളിലും ഒരുമിച്ചു മേയില്‍ ഉപതെരഞ്ഞെടുപ്പു നടത്തുന്നതും പരിഗണിക്കുമെന്നാണു സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍