ഇറച്ചിക്കോഴി കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍

കോതമംഗലം: പക്ഷിപ്പനി ഭീതിയും കൊടുംചൂടും ഇറച്ചിക്കോഴി കര്‍ഷകരുടെ നടുവൊടിച്ചു. ഒരു മാസത്തിലേറെയായി ഉല്പാദന ചെലവിന്റെ പകുതിപോലും തിരികെ കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ചൂടു കനത്തത്തോടെ ഇറച്ചി വിഭവങ്ങളുടെ ഉപഭോഗം കുറഞ്ഞതാണ് വിലയിടിവിന് പ്രധാന കാരണം. ഉല്പാദനത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ധനയും വിലയിടിവിന് കാരണമായി. ചൂടുകൂടി തൂക്കത്തില്‍ കുറവുവന്നതിനൊപ്പം ഉല്പാദന ചെലവും വര്‍ധിച്ചിരിക്കുകയാണ്. ശരീരോഷ്മാവ് താങ്ങാനാകാതെ കോഴികള്‍ കൂട്ടത്തോടെ ചത്തു വീഴുന്നതും നഷ്ടത്തിന്റെ തോത് കൂട്ടി. ഇടയ്ക്കിടെ കോഴിക്കുഞ്ഞിന്റെയും തീറ്റയുടേയും വില അനിയന്ത്രിതമായി വര്‍ധിക്കുന്നതും ഇറച്ചിക്കോഴി മേഖലയ്ക്ക് തിരിച്ചടിയാണ്. 90 മുതല്‍ 95 വരെ ഫാമില്‍ വില ലഭിച്ചിരുന്ന കോഴിക്ക് കഴിഞ്ഞമാസം അവസാനത്തോടെ 50 രൂപയില്‍ താഴെ വിലയെത്തി. 70 മുതല്‍ 80 രൂപ വരെ ഉല്പാദന ചെലവ് നിലവില്‍ ഉള്ളപ്പോഴാണിത്. 5000 ത്തില്‍ താഴെ കോഴികളെ വളര്‍ത്തുന്ന കോഴി കര്‍ഷകര്‍ക്ക് പോലും ലക്ഷക്കണക്കിനാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 1000 കോഴികളെ വളര്‍ത്തുന്ന ഒരു കര്‍ഷകന് ഏകദേശം 60000 രൂപയോളം നഷ്ടമുള്ളതായി കണക്കാക്കുന്നു. എണ്ണം കൂടുന്നതിനനുസരിച്ച് നഷ്ടക്കണക്കും ഉയരും. കോഴി ഇറച്ചിക്കും കുഞ്ഞിനും തറവില ഉറപ്പു വരുത്തുകയും തീറ്റയ്ക്കും വൈദ്യുതിക്കും സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍