താന്‍ നിരാശന്‍, കാരണം പറയാന്‍ പറ്റില്ലെന്ന് രജനികാന്ത്

 ചെന്നൈ: ആരാധകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം താന്‍ നിരാശനാണെന്ന് വെളിപ്പെടുത്തി സൂപ്പര്‍താരം രജനികാന്ത്. രജനി മക്കള്‍ മണ്‍ട്രം ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. താന്‍ നിരാശനാണെന്നും കാരണം എന്താണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും രജനികാന്ത് വ്യക്തമാക്കി.. എന്താണ് തന്നെ അസ്വസ്ഥനാക്കുന്നത് എന്നതിനെക്കുറിച്ച് പക്ഷേ അദ്ദേഹം തുറന്നുപറയാന്‍ തയ്യാറായില്ല. ദേശീയ പൗരത്വ നിയമത്തിലും എന്‍.പി.ആറിലും ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സംസാരിക്കണം എന്നാവശ്യപ്പെട്ട് ഒരുവിഭാഗം മുസ്ലിം നേതാക്കള്‍ തന്നെവന്നു കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ടാണ് ആര്‍.എം.എം ജില്ലാ സെക്രട്ടറിമാരോട് രജനികാന്ത് ആശയവിനിമയം നടത്തിയത്. പല കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.. അവര്‍ എല്ലാവരും സംതൃപ്തരാണ്. എന്നാല്‍ ഒരു കാര്യത്തില്‍ എനിക്ക് സംതൃപ്തി ലഭിച്ചിട്ടില്ല. അത് മാത്രമാണ് ഒരു നിരാശ. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല, സമയമാകുമ്പോള്‍ പറയാം' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അത് വ്യക്തിപരമായ പ്രശ്‌നമാണെന്നും രജനി കൂട്ടിച്ചേര്‍ത്തു. മുസ്ലിം നേതാക്കളുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന്, സമാധാനത്തിന് വേണ്ടി അവര്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും അവരുടെ പ്രയത്‌നത്തിനൊപ്പം താനുണ്ടാകുമെന്നും രജനികാന്ത് മറുപടി നല്‍കി.പൗരത്വ നിയമവിഷയത്തില്‍ തനിക്ക് രാഷ്ട്രീയക്കാരോടല്ല, മത നേതാക്കളോടാണ് ചര്‍ച്ച നടത്തേണ്ടതെന്നും അതിന് ശേഷം പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമലഹാസനുമായി രാഷ്ട്രീയത്തില്‍ കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് സമയം മറുപടി നല്‍കുമെന്നായിരുന്നു ഉത്തരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍