സിന്ധ്യ പോയ പോക്ക്

മധ്യപ്രദേശിലെ കോണ്‍ ഗ്രസ് നേതാവും ഗ്വാളിയോര്‍ രാജവംശത്തിലെ ഇളമുറക്കാരനുമായ ജ്യോതിരാദിത്യസിന്ധ്യ ഈയിടെ ഒരു ദിവസം ഇരുട്ടിവെളുത്തപ്പോള്‍ ബി.ജെ.പിയില്‍.എന്നിട്ടൊരു പ്രസ്താവനയും, തന്റെ പ്രജാക്ഷേമ താല്‍പര്യവും നേതൃത്വപാടവവുമൊന്നും കോണ്‍ഗ്രസ്സില്‍ അംഗീകരിക്കപ്പെട്ടില്ലെന്നും അത് കൊണ്ട് താന്‍ കോണ്‍ഗ്രസ്സിനോട് വിടപറഞ്ഞ് ജനങ്ങളെ സേവിക്കാനുള്ള പുതു വഴികള്‍ നേടുകയാണെന്നും.എന്നിട്ട് ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹ്രസ്വമായ ഒരു രാജിക്കത്ത് തന്റെ പാര്‍ട്ടിയുടെ ആക്ടിങ്ങ് പ്രസിഡന്റ് സോണിയാഗാന്ധിക്കയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പ് ഈ വിദ്വാന്‍ മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു. തന്റെ പാര്‍ട്ടിയുടെ നേതാക്കളിലൊരാളും സുപ്രീം കോടതിയിലെ വില പിടിച്ച വക്കീലുമായ കപില്‍ സിബല്‍ പാര്‍ലിമെന്ററില്‍ പ്രസംഗിച്ചപ്പോള്‍ ഇന്ത്യയെന്ന ജുറാസിക് പാര്‍ക്കിലെ രണ്ടേ രണ്ട് ദിനോസറുകള്‍ എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും അദ്ദേഹം വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന് നേരിട്ടു കണ്ട് ചില ഉറപ്പുകള്‍ കൂടി വാങ്ങി. (അത് രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവുമാണെന്ന് പറയപ്പെടുന്നു) ആ ഉറപ്പിന്റെ ബലത്തില്‍ പിടിച്ചാണ് സിന്ധ്യ സോണിയാഗാന്ധിക്ക് രാജിക്കത്തയച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ കൈകാര്യക്കാരുടെ ബുദ്ധി അപാരം തന്നെ. ഈ രാജിക്കത്ത് ശ്രദ്ധയില്‍പെട്ട ശേഷം സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഒരു പ്രസ്താവന അവര്‍ പുറത്തുവിട്ടു. നോക്കണേ ദശകങ്ങളോളം ഇന്ത്യ ഭരിച്ച ഒരു പാര്‍ട്ടിക്ക്, അഥവാ അവരുടെ മാനേജര്‍മാര്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്ന രാഷ് ട്രീയ താപ്പാനയും സിന്ധ്യയും തമ്മില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ശീതസമരത്തിനിടെ, അളമുട്ടിയാല്‍ സിന്ധ്യ തന്റെ രാജ കുടുംബ ബന്ധങ്ങളുടെ തണലില്‍ ബിജെപിയുമായി രഹസ്യക്കച്ചവടമുറപ്പിക്കും എന്ന് ചിന്തിക്കാനോ സമയോചിതമായ നടപടികള്‍ സ്വീകരിക്കാനോ കഴിഞ്ഞില്ല. എന്നിട്ടവസാനം സിന്ധ്യ മറുകണ്ടം ചാടിയപ്പോള്‍ ഒരു പുറത്താക്കല്‍. അല്ലെങ്കില്‍ തന്നെ സിന്ധ്യയും കമല്‍നാഥും തമ്മില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് എത്രയോ മുമ്പ് തന്നെ തുടങ്ങിയതല്ലെ ചക്ലത്തി പോര്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേകതയാണിത്. ഒരിക്കല്‍ അധികാരം കിട്ടിയാല്‍ പിന്നെ മത്തുപിടിച്ച മാതിരി. ഈ അധികാരജ്വരവും സ്ഥാനമോഹങ്ങളും തങ്ങളെ കുഴിയിലേക്കെടുക്കുന്നത് വരെ നേതാക്കളുടെ കൂടെയുണ്ടാവുന്നു. ഇപ്പോള്‍ സിന്ധ്യയുടെ രാജിക്കത്തിനോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരിക്കുകയാണ്, സിന്ധ്യയെ വളര്‍ത്തിയത് പാര്‍ട്ടിയാണെന്നും അല്ലാതെ പാര്‍ട്ടിയെ വളര്‍ത്തിയത് സിന്ധ്യയല്ല എന്നും.അതങ്ങിനെതന്നെയാണ് സര്‍, സ്വന്തം കാര്യത്തിലും അത് തന്നെയല്ലെ ശരി. എന്നിട്ടും പാര്‍ട്ടിയില്‍ ഒരു പ്രതിസന്ധിഘട്ടം വന്നപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞേച്ചു പോയില്ലെ പ്രഭോ. നമ്മുടെ രാജ്യത്തിപ്പോള്‍ ബിജെപിയാണ് താരം എന്ന് സിന്ധ്യക്ക് നന്നായറിയാം, അവരുടെ കൈകളിലും പാവപ്പെട്ടവരും സാധാരണക്കാരുമായ ശരാശരി ഇന്ത്യക്കാര്‍ക്ക് നില്‍ക്കക്കള്ളിയില്ലെങ്കിലും. അത് കൊണ്ട് സിന്ധ്യ നനഞ്ഞിടം തന്നെ കുഴിച്ചു. എന്നിട്ട് ചുണ്ടും ചുവപ്പിച്ച് വാചാടോപവുമായി നടക്കുകയാണ്,വീണ്ടും തന്നിലേക്ക് അധികാര ദിനങ്ങളുടെ വരവായിരിക്കുമെന്ന ആഗ്രഹത്തിലും പ്രതീക്ഷയിലും.ഒരു പക്ഷെ ഇത് തന്റെ രാജവംശ ചരിത്രത്തിന്റെ തനിയാവര്‍ത്ത നം തന്നെയായിരിക്കാം. സിന്ധ്യയുടെയും സിന്ധ്യയെ അനുകൂലിക്കുന്ന മറ്റു എം.എല്‍.എ മാരുടെയും പിന്‍ബലം കൊണ്ട് മിക്കവാറും കോണ്‍ഗ്രസ്സിന്റെ മധ്യപ്രദേശ് മന്ത്രിസഭയ്ക്ക് അകാലചരമം സംഭവിച്ചേക്കും. ബിജെപിക്ക് ഏതായാലും ഇത് ചാകര തന്നെ. പക്ഷെ അവിടെയുമുണ്ട് നേതൃ ത്വ തര്‍ക്കം എന്നുകൂടി കേള്‍ക്കുന്നു. കോണ്‍ഗ്രസ്സിന്റെ കാര്യമാണ് കട്ടപൊക. ഇന്ത്യയിലെ വലിയ പാര്‍ട്ടിയാണെങ്കിലും ഇപ്പോള്‍ വല്ലാതെയങ്ങ് മെലിഞ്ഞുണങ്ങി പോയി. തന്ത്രങ്ങള്‍ എല്ലായിടത്തും പിഴക്കുന്നു.മഹാരാഷ്ട്രയെ പോലെ ചില സംസ്ഥാനങ്ങളുടെ കാര്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ഇപ്പോഴെല്ലാവരുടെയം കണ്ണ് രാജസ്ഥാനിലേക്കാണ്,സിന്ധ്യ എപ്പിസോഡ് പോലെ സച്ചിന്‍ പൈലറ്റും കാവിക്കൂടാരത്തിലേക്ക് നോക്കിയിരിപ്പാണോ എന്ന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍