രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിയുന്നു

ന്യുഡല്‍ഹി:കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക മാന്ദ്യം വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഡോളറിനെതിരെ 16 പൈസ കുറഞ്ഞ് 74.03 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ആഭ്യന്തര ഓഹരി വിപണിയിലെ ദുര്‍ബലമായ തുടക്കവും വിദേശ ഫണ്ട് ഒഴുക്കും രൂപയുടെ മൂല്യം ഇടിയുന്നത് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ വിപണിയില്‍ അമേരിക്കന്‍ കറന്‍സി ദുര്‍ബലമാകുകയും ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്യുന്നത് രൂപക്ക് ആശ്വാസമായിരുന്നെങ്കിലും കൊറോണ വൈറസ് പടരുന്നത് മൂലം പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക വ്യാപാരികള്‍ക്കിടയിലുണ്ട്.ഇതിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് വിലയില്‍ ഇടിവുണ്ടായത്. 1991ലെ ഗള്‍ഫ് യുദ്ധ കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ക്രൂഡ് ഓയില്‍ വില ബാരലിന് 14.25 ഡോളര്‍ ഇടിഞ്ഞ് 31.02 ഡോളറിലേക്കെത്തി. 31.5 ശതമാനം വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. ഓഹരി സൂചികകളായ സെന്‍സെക്‌സ് 1474.42 പോയിന്റ് കുറഞ്ഞ് 36,102.20 ലും നിഫ്റ്റി 406.15 പോയിന്റ് കുറഞ്ഞ് 10,583.30 ലുമാണ് വ്യാപാരം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍